കൊവിഡ് ആശങ്ക: തമിഴ്നാട്ടിൽ രണ്ട് ലക്ഷം രോഗികള്‍, ആന്ധ്രയില്‍ 7000വും കർണാടകത്തിൽ 5000വും കടന്ന് പുതിയ രോഗികള്‍

By Web TeamFirst Published Jul 25, 2020, 10:21 PM IST
Highlights

5072 പേർക്കാണ് കർണാടകത്തിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. 72 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ, ആകെ രോഗം ബാധിച്ചവരുടെ എണ്ണം 90,942 ആയി. 

ദില്ലി: രാജ്യത്തെ കൊവിഡ് വ്യാപനം അതിതീവ്രമാകുന്നു. പ്രതിദിന രോഗബാധ ഏഴായിരത്തിന് അടുത്തെത്തിയ തമിഴ്നാട്ടിൽ ആകെ രോഗബാധിതരുടെ എണ്ണം രണ്ട് ലക്ഷം കടന്നു. മഹാരാഷ്ട്രയിൽ ഒമ്പതിനായിരത്തിനും ആന്ധ്രപ്രദേശിൽ ഏഴായിരത്തിനും കർണാടകയിൽ അയ്യായിരത്തിനും മുകളിൽ കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. ബിഹാറിൽ ആദ്യമായി പ്രതിദിന രോഗബാധ രണ്ടായിരത്തിന് മുകളിലെത്തി. ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലും ഇന്നലെ ഏറ്റവും ഉയർന്ന രോഗബാധയാണ് റിപ്പോർട്ട് ചെയ്തത്. 

തമിഴ്നാട്ടിൽ 6988 പേർക്കാണ് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 206737 ആയി. 89 പേരാണ് സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 3409 ആയി. ചെന്നൈയിൽ മാത്രം രോഗ ബാധിതർ 93537 ആയി. കേരളത്തിൽ നിന്ന് തമിഴ്നാട്ടിൽ എത്തിയ നാല് പേർക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം, ആന്ധ്ര പ്രദേശിൽ ഇന്ന് 7813 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 52 പേര്‍ മരിക്കുകയും ചെയ്തു. ആകെ രോഗികളുടെ എണ്ണം 88671 ആയി. സംസ്ഥാനത്ത് ആകെ 985 പേർക്കാണ് കൊവിഡ് ബാധിച്ച് മരിച്ചത്. നിലവിൽ 44431 പേരാണ് ആന്ധ്രയില്‍ ചികിത്സയിലുള്ളത്. 

രാജ്യ തലസ്ഥാനത്ത് ദില്ലിയിൽ 1,142 കേസുകൾ കൂടി റിപ്പോര്‍ ചെയ്തു. ഇതോടെ ആകെ രോഗികളുടെ എണ്ണം 1,29,531 ആയി. ഒരു പൊലീസുകാരന്‍ ഉള്‍പ്പെടെ 29 പേര്‍ കൂടി മരിച്ചതോടെ ആകെ മരണം 3806 ആയി. മധു വിഹാർ പോലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിൾ ആണ് കൊവിഡ് ബാധിച്ച് ദില്ലിയില്‍ മരിച്ചത്. നിലവിൽ 12657 പേരാണ് ദില്ലിയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. കർണാടകത്തിൽ ഇന്നും അയ്യായിരത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 5072 പേർക്കാണ് കർണാടകത്തിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. 72 പേര്‍ മരിക്കുകയും ചെയ്തു. ബംഗളൂരുവിൽ മാത്രം 2036 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 29 പേര്‍ മരിച്ചു. ഇതോടെ, ആകെ രോഗം ബാധിച്ചവരുടെ എണ്ണം 90942 ആയി. 1796 ആളുകളാണ് കര്‍ണാടകയില്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. നിലവിൽ 55388 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. 

click me!