
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീഡിയോകൾ നിർമ്മിച്ചു പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ. രാജസ്ഥാനിലെ അൽവാർ സ്വദേശിയായ ശ്യാബു ഖാൻ ആണ് പിടിയിലായത്. തമിഴ്നാട് പൊലീസിൻ്റെ ക്രൈം ബ്രാഞ്ച് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെൻ്റ് (സിബി-സിഐഡി) രാജസ്ഥാനിലും മധ്യപ്രദേശിലും നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ മൊബൈൽ ഫോണുകൾ, സിം കാർഡുകൾ, സിപിയുകൾ എന്നിവ പൊലീസ് സംഘം പിടിച്ചെടുത്തു. ചെന്നൈയിൽ എത്തിച്ച പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
പാകിസ്ഥാൻ കേന്ദ്രീകരിച്ചുള്ള ഫേസ്ബുക്ക് അക്കൗണ്ടുകളിലൂടെയാണ് ഇത്തരം വീഡിയോകൾ പങ്കുവെച്ചിരുന്നതെന്ന് സിബി-സിഐഡി ഉദ്യോഗസ്ഥൻ പറഞ്ഞു. സിബി-സിഐഡി നടത്തിയ സമഗ്രമായ സാങ്കേതിക വിശകലനത്തിലൂടെ ആണ് വെല്ലുവിളികൾ മറികടന്ന് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് തമിഴ്നാട് പൊലീസ് മേധാവി മഹേഷ് കുമാർ അഗർവാൾ പറഞ്ഞു. അറസ്റ്റിലായ ശ്യാബു ഖാനൊക്കൊപ്പം കൂടുതൽ ആളുകൾ ഉണ്ടോ എന്ന കാര്യം അന്വേഷിച്ചുവരികയാണെന്നും പൊലീസ് മേധാവി അറിയിച്ചു.
ഇക്കഴിഞ്ഞ മാസമാണ് വിജയ് ഹിന്ദിയിൽ സംസാരിക്കുന്ന ഡീപ്ഫേക്ക് വീഡിയോകൾ ഫേസ്ബുക്ക് അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രചരിച്ചത്. സംഭവത്തെ തുടർന്ന് സിബി-സിഐഡി ബിഎൻഎസ് പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. മധ്യപ്രദേശിലും മറ്റ് സംസ്ഥാനങ്ങളിലും ആളുകളെ തട്ടിപ്പിനിരയാക്കാൻ വേണ്ടിയാണ് വീഡിയോ നിർമ്മിച്ചതെന്നായിരുന്നു സിബി-സിഐഡിയുടെ പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. വീഡിയോകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിബി-സിഐഡി ഫേസ്ബുക്കിനെ സമീപിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam