ഏക സിവിൽ കോഡ് നടപ്പാക്കുന്നതിൽ ബിജെപിയുടെ സഖ്യകക്ഷികളായ ടിഡിപി, ജെഡിയു, ചിരാഗ് പാസ്വാന്റെ പാർട്ടി എന്നിവർ ആശങ്കയും എതിർപ്പും പ്രകടിപ്പിച്ചു. ടിഡിപി വിപുലമായ ചർച്ചകൾ ആവശ്യപ്പെടുമ്പോൾ, ജെഡിയു അടക്കമുള്ളവർ വിഷയത്തിൽ യോജിപ്പില്ലെന്ന നിലപാടിലാണ്.
ന്യൂഡൽഹി: ഏക സിവിൽ കോഡ് നടപ്പാക്കുന്ന കാര്യത്തിൽ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണിയിലെ സഖ്യകക്ഷികൾക്ക് ആശങ്ക. ഏക സിവിൽ കോഡ് വിഷയത്തിൽ വിപുലമായ ചർച്ച വേണമെന്ന നിലപാടിലാണ് തെലുഗുദേശം പാർട്ടി. ഈ വിഷയത്തിൽ നിലവിൽ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും നിർദ്ദേശം ആലോചിച്ച ശേഷം മാത്രമായിരിക്കും തീരുമാനമെന്നും ടിഡിപി വ്യക്തമാക്കി.
അതേസമയം, ബിഹാറിൽ ഏക സിവിൽ കോഡ് നടപ്പാക്കുന്നതിനോട് യോജിപ്പില്ലെന്ന് ജെഡിയു വ്യക്തമാക്കിയിട്ടുണ്ട്. വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ചർച്ച നടത്തുമെന്ന് ജെഡിയു നേതാവ് സഞ്ജയ് ഝാ അറിയിച്ചു. എൻഡിഎയുടെ മറ്റൊരു പ്രധാന സഖ്യകക്ഷി നേതാവായ ചിരാഗ് പാസ്വാനും ഏക സിവിൽ കോഡിനോട് എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. സഖ്യകക്ഷികളുടെ എതിർപ്പും ആശങ്കയും നിലനിൽക്കുന്നതിനാൽ വിഷയത്തിൽ എൻഡിഎയ്ക്കുള്ളിൽ വരുംദിവസങ്ങളിൽ തുടർച്ചയായ ചർച്ചകൾ നടന്നേക്കും.


