
തിരുനെല്‍വേലി: വിമാനയാത്രക്കിടെ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ (Union Government) മുദ്രാവാക്യം (Slogan) വിളിച്ചതിന് അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥി ലോയിസ് സോഫിയയുടെ(Lois Sophia) പിതാവിന് തമിഴ്നാട് സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് തമിഴ്‌നാട് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്(SHRC). നഷ്ടപരിഹാരം ഉത്തരവാദികളായ ഏഴ് പൊലീസുകാരില്‍ നിന്ന് ഈടാക്കി മൂന്ന് മാസത്തിനകം നല്‍കണമെന്നും കമ്മീഷന്‍ ഉത്തരവിട്ടു. മൂന്നര വര്‍ഷം മുമ്പ് ചെന്നൈ-തൂത്തുക്കുടി വിമാനത്തില്‍ വെച്ചാണ് സംഭവം. അന്നത്തെ തമിഴ്‌നാട് ബിജെപി അധ്യക്ഷ തമിഴിസൈ സൗന്ദരരാജനുമായി (Tamilisai Soundararajan) രൂക്ഷമായ തര്‍ക്കത്തെ തുടര്‍ന്നാണ് കാനഡയില്‍ പഠിക്കുന്ന തമിഴ് വിദ്യാര്‍ത്ഥി ലോയിസ് സോഫിയ കേന്ദ്രസര്‍ക്കാറിനെതിരെ മുദ്രാവാക്യം മുഴക്കിയത്.
കാനഡയില്‍ മാത്തമാറ്റിക്സില്‍ ബിരുദാനന്തര ബിരുദം നേടിയ ശ്രീമതി ലോയിസ് സോഫിയ 2018 സെപ്റ്റംബറില്‍ അവധിക്ക് ഇന്ത്യയില്‍ വന്നപ്പോഴാണ് സംഭവം. പിതാവ് ഡോ. എഎ സാമിയോടും അമ്മയുമോടൊപ്പം ചെന്നൈയില്‍ നിന്ന് തൂത്തുക്കുടി വിമാനത്തിലായിരുന്നു യാത്ര. ഇതേ വിമാനത്തിലാണ് ബിജെപി അധ്യക്ഷനായിരുന്ന തമിഴിസൈയും യാത്ര ചെയ്തത്. ബിജെപി നേതാവിനെ കണ്ടയുടന്‍ സോഫിയ ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റ് കേന്ദ്ര സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചു. സംഭവത്തെ തുടര്‍ന്ന് തൂത്തുക്കുടി വിമാനത്താവളത്തിലെത്തിയ ബിജെപി പ്രവര്‍ത്തകര്‍ സോഫിയ തമിഴിസൈയോട് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും സോഫിയയുടെ മാതാപിതാക്കളെ വിമാനത്താവളത്തില്‍ തടയുകയും ചെയ്തു. തുടര്‍ന്് പൊലീസ് എത്തി ബി.ജെ.പി പ്രവര്‍ത്തകരെ ശാന്തരാക്കിയ ശേഷം സോഫിയയെ കസ്റ്റഡിയില്‍ എടുത്തു. പിന്നീട് അറസ്റ്റ് ചെയ്തു.
മകളെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് പിതാവ് എ എ സാമി മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. പൊലീസ് ഉദ്യോഗസ്ഥര്‍ മകളെ ഉപദ്രവിക്കുകയും ചില പേപ്പറുകളില്‍ ഒപ്പിടാന്‍ ആവശ്യപ്പെടുകയും ചെയ്‌തെന്ന് ഇയാള്‍ പരാതിയില്‍ ആരോപിച്ചു. ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ശേഷം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സോഫിയയെ തൂത്തുക്കുടി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് ഉദ്യോഗസ്ഥര്‍ മകള്‍ക്കെതിരെ കള്ളക്കേസ് ചുമത്തി മാനസികമായി പീഡിപ്പിക്കുകയും സുപ്രീം കോടതിയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യുകയും ചെയ്‌തെന്ന് പിതാവ് ആരോപിച്ചു.
എന്നാല്‍ അതീവ സുരക്ഷാ മേഖലയില്‍ സഹയാത്രികയോട് മോശമായി പേരുമാറിയതിനും സുരക്ഷാ മാനദണ്ഡം ലംഘിച്ചതിനുമാണ് അറസ്റ്റ് ചെയ്തതെന്നും നിയമപരമായിട്ടാണ് കസ്റ്റഡിയും അറസ്റ്റെന്നുമാണ് പൊലീസിന്റെ വാദം. മനുഷ്യാവകാശ കമ്മീഷന് നന്ദി പറഞ്ഞ് സോഫിയ രംഗത്തെത്തി. സംഭവത്തിന്റെ തുടക്കം മുതലേ പൊലീസ് നിയമം ലംഘിച്ചെന്നും സോഫിയ ആരോപിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam