വരാനിരിക്കുന്നത് കനത്തമഴ: കേരളത്തിന് ജാഗ്രതാ നിർദേശവുമായി തമിഴ്നാട് വെതർമാൻ

Published : Aug 03, 2020, 08:23 AM IST
വരാനിരിക്കുന്നത് കനത്തമഴ: കേരളത്തിന് ജാഗ്രതാ നിർദേശവുമായി തമിഴ്നാട് വെതർമാൻ

Synopsis

ആഗസ്റ്റ് പകുതി വരെ സംസ്ഥാനത്തെ മലയോരമേഖലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ഒൻപത് ജില്ലകളിൽ അതീവ ജാഗ്രത വേണമെന്നും സ്വകാര്യ കാലാവസ്ഥ നിരീക്ഷകനായ തമിഴ്നാട് വെതർമാൻ പ്രദീപ് ജോണിൻ്റെ മുന്നറിയിപ്പ്

ചെന്നൈ: ആഗസ്റ്റ് പകുതി വരെ സംസ്ഥാനത്തെ മലയോരമേഖലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ഒൻപത് ജില്ലകളിൽ അതീവ ജാഗ്രത വേണമെന്നും സ്വകാര്യ കാലാവസ്ഥ നിരീക്ഷകനായ തമിഴ്നാട് വെതർമാൻ്റെ മുന്നറിയിപ്പ്. 2018,2019 വർഷങ്ങൾക്ക് സമാനമായി ഈ ആഗസ്റ്റിലും ശരാശരിക്കും മേലെ മഴ പെയ്യുമെന്നാണ് രാജ്യത്തെ ഏറ്റവും മികച്ച കാലാവസ്ഥാ വിദഗ്ദ്ധരിൽ ഒരാളായി അറിയപ്പെടുന്ന പ്രദീപ് ജോൺ എന്ന തമിഴ്നാട് വെത‍ർമാൻ നൽകുന്ന മുന്നറിയിപ്പ്. കേരളം, തമിഴ്നാട്, കർണാടക എന്നീ മൂന്ന് സംസ്ഥാനങ്ങൾക്കാണ് പ്രദീപ് ജാ​ഗ്രതാ നി‍ർദേശം നൽകുന്നത്. 

2018,2019 വർഷങ്ങളുടെ ആദ്യപകുതിയിൽ കേരളത്തിലും തമിഴ്നാട്ടിലും മഴ ശരാശരിയിലും താഴെയായിരുന്നു. പല മേഖലകളിലും വരൾച്ചയും അനുഭവപ്പെട്ടിരുന്നു. എന്നാൽ ആഗസ്റ്റ് മാസത്തിൽ പൊടുന്നനെ ശരാശരിയിലും പലമടങ്ങ് അധികം മഴ ലഭിച്ചതോടെയാണ് പ്രളയസമാനമായ സാഹചര്യം ഉണ്ടായത്. ഈ വർഷവും ഇതേ നിലയിലാണ് കാര്യങ്ങൾ നീങ്ങുന്നത്.  

ആഗസ്റ്റ്  ഇരുപത് വരെയുള്ള ദിവസങ്ങളിൽ ബംഗാൾ ഉൾക്കടലിൽ തുടർച്ചയായി ന്യൂനമർദ്ദം രൂപപ്പെടുമെന്ന് വ്യക്തമാണ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദ്ദങ്ങളുടെ സഞ്ചാരദിശ ഒഡീഷ - മധ്യപ്രദേശ് - മഹാരാഷ്ട്ര- ഗുജറാത്ത് എന്നീ പ്രദേശങ്ങളിലേക്കായിരിക്കും. ഇവയുടെ സ്വാധീനം മൂലമാണ് കേരളത്തിലേയും തമിഴ്നാട്ടിലും മഴ ശക്തിപ്പെടുക. തീരപ്രദേശങ്ങളിലടക്കം നന്നായി മഴ പെയ്യുമെങ്കിലും കേരളവും തമിഴ്നാടും അതിരിടുന്ന പശ്ചിമഘട്ട മേഖലയിലാണ് അതിശക്തമായ മഴയ്ക്ക് സാധ്യത. ഡാമുകൾ വേഗം നിറയുന്നതിലും മണ്ണിടിച്ചിലും ഉരുൾപൊട്ടലും പോലെയുള്ള പ്രകൃതി ദുരന്തങ്ങൾക്കും ഇതു കാരണമായേക്കും. 

ആഗസ്റ്റ് മൂന്ന് തിങ്കളാഴ്ച മുതൽ ഇടുക്കി, വയനാട്, മലപ്പുറം, പാലക്കാട്,തൃശ്ശൂർ, എറണാകുളം, കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിൽ  ജാഗ്രത വേണം. അതിൽ തന്നെ ആഗസ്റ്റ് അഞ്ച് മുതൽ എട്ട് വരെയുള്ള നാല് ദിവസം അതീവ ജാഗ്രത പാലിക്കണം. കാവേരി മേഖലയിൽ കനത്ത മഴ ലഭിക്കാനാണ് സാധ്യത. കബനി നദിയും നിറഞ്ഞൊഴുകും. മേടൂർ ഡാമിൽ നിന്നും തുടർച്ചയായി മൂന്നാം വർഷവും വലിയ തോതിൽ ജലം ഒഴുകി വിടേണ്ടി വന്നേക്കാം. കുടകിലും വയനാട്ടിലും ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കാണുന്നത്. 

നിലമ്പൂർ, പീരുമേട്, തൊടുപുഴ, പൊന്മുടി, കുറ്റ്യാടി, കക്കയം, തരിയോട്, വൈത്തിരി, പടിഞ്ഞാറെത്തറ, കക്കി ഡാം, പെരിങ്ങൽക്കൂത്ത് ഡാം, ലോവർ ഷോളയാർ, നേര്യമംഗലം, പിറവം എന്നിവിടങ്ങളിൽ പ്രത്യേക ശ്രദ്ധ കൊടുക്കണമെന്നും തമിഴ്നാട് വെതർമാൻ ഇന്നലെ രാത്രിയോടെ പുറത്തുവിട്ട അറിയിപ്പിൽ പറയുന്നു. 

കേരളത്തിൽ ശരാശരി ലഭിക്കുന്ന മഴ - 420 mm) 
2018 - ൽ ലഭിച്ചത് 822 mm
2019 - ൽ ലഭിച്ചത് 951 mm

അതേസമയം സംസ്ഥാനത്ത് കാലവർഷം വീണ്ടും സജീവമായി തുടങ്ങിയിട്ടുണ്ട്.  നാല് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍ ,കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. പാലക്കാട് ഒഴികെയുള്ള മറ്റെല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടായിരിക്കും. ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. 

ഇത് ശക്തമായാല്‍ കനത്ത മഴക്ക് സാധ്യതയുണ്ട്. നാളെ 9 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കോട്ടയം, ഇടുക്കി, തൃശ്ശൂ‍ർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂ‍ർ, കാസ‍ർകോട് ജില്ലകളിലാണ് നാളെ ഓറഞ്ച് അല‍ർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതീവജാഗ്രത പാലിക്കാന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചു. കേരള തീരത്ത് 40 മുതല്‍ 50 കി.മി.വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ടോയ്‍ലറ്റിന്‍റെ വാതിൽ തുറന്നപ്പോൾ ആക്രോശിച്ച് കൊണ്ട് 30 - 40 ആണുങ്ങൾ, ഭയന്ന് പോയ സ്ത്രീ കുറ്റിയിട്ട് അകത്തിരുന്നു; വീഡിയോ
വർഷം മുഴുവൻ ടിക്കറ്റ് നിരക്കിന് പരിധി ഏർപ്പെടുത്താനാവില്ല, സീസണിലെ വർദ്ധനവ് തിരക്ക് നിയന്ത്രിക്കാൻ; വ്യോമയാന മന്ത്രി