സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത കേസിൽ തരുൺ തേജ്‍പാലിനെ വെറുതെ വിട്ട് ഗോവ കോടതി

Published : May 21, 2021, 12:05 PM IST
സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത കേസിൽ തരുൺ തേജ്‍പാലിനെ വെറുതെ വിട്ട് ഗോവ കോടതി

Synopsis

തന്‍റെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ജൂനിയർ ആയ പെൺകുട്ടിയെ ഗോവയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിന്‍റെ എലവേറ്ററിൽ വെച്ച് ലൈംഗികമായി അതിക്രമിച്ചുവെന്നതാണ് തരുൺ തേജ്‍പാലിനെതിരായ കേസ്. 2013-ൽ തെഹൽക സംഘടിപ്പിച്ച പരിപാടിയ്ക്കിടെയാണ് സംഭവം.

ഗോവ: ബലാത്സംഗക്കേസിൽ മുതിർന്ന മാധ്യമപ്രവർത്തകൻ തരുൺ തേജ്‍പാലിനെ വെറുതെ വിട്ട് ഗോവ കോടതി. ഗോവയിലെ മാപുസയിലുള്ള ഫാസ്റ്റ് ട്രാക്ക് കോടതിയാണ് തരുണിനെ വെറുതെ വിട്ടത്. തരുൺ തേജ്‍പാലിനെതിരായ എല്ലാ കുറ്റങ്ങളും കോടതി റദ്ദാക്കുകയും ചെയ്തു. 

അഡീഷണൽ സെഷൻസ് ജഡ്ജി ക്ഷമ ജോഷിയുടേതാണ് വിധി. ഏഴ് വർഷമെടുത്താണ് കേസിലെ വിചാരണ പൂർത്തിയാക്കിയത്. വിചാരണയുടെ വിശദാംശങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കിയിരുന്നു. ഇൻ-ക്യാമറ ട്രയലാണ് നടന്നത് എന്നതിനാൽ വിധിപ്പകർപ്പിന്‍റെ വിശദാംശങ്ങൾ വന്ന ശേഷം മാത്രമേ, എന്തിന്‍റെ അടിസ്ഥാനത്തിലാണ് തരുൺ തേജ്‍പാലിനെ വെറുതെ വിടാൻ കോടതി തീരുമാനിച്ചതെന്ന വിവരങ്ങൾ പുറത്തുവരൂ. 

തെഹൽക്കയുടെ മുൻ എഡിറ്റർ ഇൻ ചീഫും സ്ഥാപകനുമായ തരുൺ തേജ്‍പാൽ ഗോവയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിന്‍റെ എലവേറ്ററിൽ വെച്ച് തെഹൽക്കയിലെ ജൂനിയറായിരുന്ന സഹപ്രവർത്തകയെ ലൈംഗികമായി അതിക്രമിച്ചുവെന്നതാണ് കേസ്. 2013- നവംബർ 7,8 ദിവസങ്ങളിലായി ഗോവയിലെ ബംബോലിമിലുള്ള ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ വച്ച് തെഹൽക സംഘടിപ്പിച്ച തിങ്ക് '13 എന്ന പരിപാടി നടന്ന ദിവസം വൈകിട്ടാണ് സംഭവം. 

സഹപ്രവർത്തക ഈ വിവരം പുറത്തുപറഞ്ഞതിനെത്തുടർന്ന് കേസെടുത്ത് തരുൺ തേജ്‍പാലിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നവംബർ 18-നാണ് തനിക്ക് നേരെ അതിക്രമം നടന്ന വിവരം യുവതി തെഹൽക്കയുടെ മാനേജിംഗ് എഡിറ്റർ ഷോമ ചൗധുരിയെ അറിയിക്കുന്നത്. തൊട്ടുപിറ്റേന്ന് തന്നെ തരുൺ തേജ്‍പാൽ ഇരയായ പെൺകുട്ടിയോട് ക്ഷമ ചോദിച്ചുകൊണ്ട് വലിയൊരു ഇ-മെയിലും അയച്ചു. 

''നിങ്ങൾക്ക് നേരെ ലൈംഗികചോദനയോടെ പെരുമാറാൻ എനിക്ക് തോന്നിയത് എന്‍റെ തെറ്റായ ചില ധാരണകളുടെ പുറത്താണ്. നവംബർ 7-നും 8-നും അങ്ങനെ ഞാൻ നിങ്ങളോട് പെരുമാറി. അത്തരമൊരു പെരുമാറ്റം നിങ്ങളാഗ്രഹിച്ചിരുന്നില്ല എന്ന കൃത്യമായ മറുപടി നിങ്ങളെനിക്ക് തന്നെങ്കിലും. അതിൽ ഞാൻ നിങ്ങളോട് നിരുപാധികം മാപ്പ് ചോദിക്കുന്നു'', തേജ്‍പാൽ ഇ-മെയിലിൽ എഴുതി. 

താൻ തെറ്റിദ്ധാരണയുടെ പുറത്താണ് യുവതിയോട് മോശമായി പെരുമാറിയതെന്ന് സൂചിപ്പിക്കുന്ന ഒരു ഇ-മെയിൽ ഷോമ ചൗധുരിക്കും തേജ്‍പാൽ അയച്ചിരുന്നു. എന്നാൽ മാപ്പപേക്ഷ സ്വീകരിക്കാതിരുന്ന ഇരയായ യുവതി, വിശാഖ ഗൈഡ്‍ലൈൻസിന്‍റെ അടിസ്ഥാനത്തിൽ തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമങ്ങൾ തടയുന്ന കമ്മിറ്റി വിളിച്ചുചേർത്ത് തന്നെ വിഷയം പരിശോധിക്കണമെന്ന നിലപാടിൽ ഉറച്ചുനിന്നു. 

ഇതേത്തുടർന്ന് തരുൺ തേജ്‍പാൽ തെഹൽക്കയുടെ എഡിറ്റർ സ്ഥാനം രാജിവച്ചു. 2013 നവംബർ 22-ന് ഗോവ പൊലീസ് സംഭവത്തിൽ സ്വമേധയാ കേസെടുക്കുകയും തേജ്‍പാലിനെതിരെ അന്വേഷണം തുടങ്ങുകയും ചെയ്തു. ഇതോടെ, ഇതിൽ രാഷ്ട്രീയക്കളിയുണ്ടെന്നും, തനിക്കെതിരെ ബിജെപി രാഷ്ട്രീയക്കുരുക്ക് നിർമിക്കുകയാണെന്നും തേജ്‍പാൽ ആരോപിച്ചു. 

ഗോവ കോടതി തേജ്‍പാലിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്ന്, 2013 നവംബർ 30-ന് തേജ്‍പാലിനെ ഗോവ പൊലീസ് അറസ്റ്റ് ചെയ്തു. ജൂലൈ 2014-ൽ സുപ്രീംകോടതി ജാമ്യം നൽകുന്നത് വരെ തേജ്‍പാൽ ഈ കേസിൽ ജയിലിലായിരുന്നു. 2014 ഫെബ്രുവരിയിൽ ഗോവ പൊലീസ് ക്രൈംബ്രാഞ്ച് കേസിൽ കുറ്റപത്രം സമർപ്പിച്ചു. 

മൂന്ന് വർഷത്തിന് ശേഷം 2017 ജൂണിലാണ് സെഷൻസ് കോടതി, കേസ് വിചാരണ ഇൻ- ക്യാമറ ട്രയലാക്കാമെന്നും, വിശദാംശങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യരുതെന്നും നിർദേശിച്ച് ഉത്തരവിട്ടത്. ഇതിനിടെ 2019-ൽ കേസ് എഫ്ഐആർ തന്നെ റദ്ദാക്കണമെന്നാവശ്യപ്പെട്ട് തേജ്‍പാൽ സുപ്രീംകോടതി സമീപിച്ചെങ്കിലും ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബഞ്ച് ഇത് തള്ളി. ആറ് മാസത്തിനകം വിചാരണ പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചെങ്കിലും കൊവിഡ് പ്രതിസന്ധിയടക്കം വന്ന സാഹചര്യത്തിൽ വിചാരണ വീണ്ടും നീണ്ടു. ഒടുവിൽ ആറരക്കൊല്ലത്തിന് ശേഷം കേസിൽ തേജ്‍പാലിനെ നിരുപാധികം വെറുതെവിട്ട് വിധി വന്നിരിക്കുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹോംഗാർഡ് ഒഴിവ് 187, ഒഡിഷയിലെ എയർസ്ട്രിപ്പിൽ നിലത്തിരുന്ന് 8000ത്തോളം പേർ പരീക്ഷയെഴുതി
വോട്ടര്‍മാര്‍ 6.41 കോടിയിൽ നിന്ന് 5.43 കോടിയായി!, തമിഴ്‌നാട് വോട്ടർ പട്ടികയിൽ വൻ ശുദ്ധീകരണം, 97 ലക്ഷം പേരുകൾ നീക്കം ചെയ്തു