
ദില്ലി: ടാറ്റ ഇലക്ട്രോണിക്സ് സെമികണ്ടക്ടർ നിർമ്മാണത്തിന് അപ്രതീക്ഷിത വെല്ലുവിളി. അസമിലെ വനപ്രദേശത്തോട് ചേർന്നാണ് പദ്ധതി വിഭാവനം ചെയ്തത്. അതിസങ്കീർണമായ മൈക്രോചിപ്പ് നിർമാണത്തിന്റെ വെല്ലുവിളി മറികടക്കുക മാത്രമല്ല, പ്രദേശത്തെ വന്യജീവികളെ, പ്രത്യേകിച്ച് ആനകളെയും പാമ്പുകളെയും നേരിടുകയെന്നതും പദ്ധതിയുടെ ആശങ്കയാണ്. ഇക്കണോമിക് ടൈംസിലെ റിപ്പോർട്ട് അനുസരിച്ച്, മോറിഗാവ് ജില്ലയിൽ വരാനിരിക്കുന്ന ഔട്ട്‌സോഴ്‌സ്ഡ് സെമികണ്ടക്ടർ അസംബ്ലി ആൻഡ് ടെസ്റ്റ് (OSAT) പ്ലാന്റിന് ചുറ്റും കമ്പനി വലിയ എലിഫന്റ്-പ്രൂഫ് മതിൽ നിർമാണം നടക്കുന്നു. 76,000 കോടി രൂപയുടെ ഇന്ത്യ സെമികണ്ടക്ടർ മിഷന്റെ കീഴിലുള്ള ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളിൽ ഒന്നാണിത്. അസം സംസ്ഥാന സർക്കാറും പദ്ധതിയെ പിന്തുണക്കുന്നു.
പ്ലാന്റിന് ആനകളിൽ നിന്നുണ്ടാകുന്ന ആക്രമണങ്ങൾ തടയുക മാത്രമല്ല, ആനകളുടെ കനത്ത ചവിട്ടടി മൂലമുണ്ടാകുന്ന ഭൂമിയിലെ കമ്പനങ്ങളും ആശങ്കാജനകമാണെന്ന് വിദഗ്ധർ ഇക്കണോമിക് ടൈംസിനോട് പറഞ്ഞു. നാനോമീറ്ററുകളുടെ വ്യത്യാസം പോലും സെമികണ്ടക്ടർ നിർമ്മാണ രംഗത്ത് അതിനിർണായകമാണ്. ഭൂതരംഗങ്ങൾ ഉപകരണങ്ങളിൽ തെറ്റായ ക്രമീകരണങ്ങൾക്ക് കാരണമാകുമെന്നും റിപ്പോർട്ട് പറയുന്നു.
എല്ലാ OSAT പ്ലാന്റുകൾക്കും വൈബ്രേഷനുകൾ പ്രധാന ആശങ്കയല്ലെങ്കിലും, വളരെ ഉയർന്ന കൃത്യത ആവശ്യമുള്ള ഫൈൻ-പിച്ച് അസംബ്ലി എന്ന പ്രക്രിയയ്ക്ക് അവ ഗണ്യമായ ഭീഷണി ഉയർത്തുന്നുവെന്ന് സെമികണ്ടക്ടർ വ്യവസായ വിദഗ്ദ്ധൻ പറഞ്ഞു. വൈബ്രേഷൻ അര മൈക്രോൺ പോലും ഷിഫ്റ്റ് ചെയ്താൽ, ഓരോ പിന്നും അര മൈക്രോൺ ഷിഫ്റ്റ് ചെയ്യപ്പെടും. അലൈൻമെന്റ് പോകുകയും ടാറ്റ ഇലക്ട്രോണിക്സിന് വമ്പൻ നഷ്ടമുണ്ടാകുകയും ചെയ്തേക്കാം.
ആന പ്രശ്‌നത്തിന് പുറമേ, പ്ലാന്റ് ധാരാളം പാമ്പുകളുടെ ഭീഷണിയും നേരിടുന്നു. ഉരഗങ്ങളെ പിടികൂടി സുരക്ഷിതമായി മാറ്റിപ്പാർപ്പിക്കാൻ മുഴുവൻ സമയവും പ്രവർത്തിക്കുന്ന രക്ഷാപ്രവർത്തക സംഘത്തെ കമ്പനി നിയമിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് മാസമായി ഈ ആളുകൾ അവിടെയുണ്ട്. നിരവധി പാമ്പുകളെ മേഖലയിൽ നിന്ന് പിടികൂടി. ആനകൾക്ക് വേണ്ടി മാത്രമല്ല, പദ്ധതിയുടെ സുരക്ഷയ്ക്കും വേണ്ടിയാണ് മതിൽ പണിയുന്നതെന്ന് സംസ്ഥാന ഉദ്യോഗസ്ഥർ പറഞ്ഞു. മുഖ്യമന്ത്രി, വ്യവസായ വകുപ്പ്, ചീഫ് സെക്രട്ടറി എന്നിവർ പദ്ധതിക്ക് വ്യക്തിപരമായി മേൽനോട്ടം വഹിക്കുന്നുണ്ടെന്നും ടാറ്റ ഗ്രൂപ്പിന് പൂർണ്ണ പിന്തുണ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടി.
27,000 കോടി രൂപ നിക്ഷേപം ഉൾപ്പെടുന്ന പുതിയ ചിപ്പ് അസംബ്ലി പ്ലാന്റ് രാജ്യത്ത് തന്നെ ശ്രദ്ധാകേന്ദ്രമാണ്. എലോൺ മസ്‌കിന്റെ ടെസ്‌ല ഒരു പ്രധാന സാധ്യതയുള്ള ഉപഭോക്താവാണെന്ന് റിപ്പോർട്ടുണ്ട്. ഉപകരണങ്ങളും പ്രക്രിയകളും ശരിയായി പ്രവർത്തിക്കുന്നതിന് ഉയർന്ന സ്ഥിരതയും കൃത്യതയും ആവശ്യമുള്ളതിനാൽ സെമികണ്ടക്ടർ നിർമ്മാണം പോലുള്ള വ്യവസായങ്ങൾക്ക് കർശനമായ വൈബ്രേഷൻ നിയന്ത്രണം ആവശ്യമാണെന്ന് വിദഗ്ദ്ധർ പറയുന്നു. ശരിയായ അടിത്തറ രൂപകൽപ്പനയും ഘടനാപരമായ എഞ്ചിനീയറിംഗും വൈബ്രേഷനെതിരായ പ്രാരംഭ പ്രതിരോധങ്ങളിൽ ഉൾപ്പെടും.