
ചെന്നൈ: അധ്യാപകനെ സകൂളിലെത്തി മര്‍ദ്ദിച്ച് രണ്ടാം ക്ലാസുകാരിയുടെ മാതാപിതാക്കള്‍. മകളെ അധ്യാപകന്‍ അടിച്ചെന്ന് ആരോപിച്ചായിരുന്നു മറ്റു വിദ്യാര്‍ത്ഥികളുടെ മുന്നിലിട്ട് രക്ഷിതാക്കള്‍ അധ്യാപകനെ ഓടിച്ചിട്ട് തല്ലിയത്. തമിഴ്‌നാട്ടിലെ തൂത്തുക്കുടി ജില്ലയിലെ ഒരു എയിഡഡ് സ്കൂളിലെ അധ്യാപകനായ ആര്‍ ഭരത്തിനാണ് ക്രൂര മര്‍ദ്ദനമേറ്റത്. സംഭവത്തിന്‍റെ വീഡിയോ പുറത്തായതിന് പിന്നാലെ രണ്ടാം ക്ലാസുകാരിയുടെ അച്ഛന്‍ ശിവലിംഗം, അമ്മ സെല്‍വി, മുത്തച്ഛൻ മുനുസാമി എന്നവര്‍ക്കെതിരെ പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തു.
കുട്ടിയെ മർദിച്ചുവെന്നാരോപിച്ചാണ് രക്ഷിതാക്കൾ അധ്യാപകനെ മർദിച്ചതെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ ആരോപണങ്ങൾ അധ്യാപകൻ നിഷേധിച്ചു. ക്ലാസില്‍ ശ്രദ്ധിക്കാതിരിക്കുകയും മറ്റ് കുട്ടികളോട് വഴക്കുണ്ടാക്കുകയും ചെയ്ത പെണ്‍കുട്ടിയെ ഇരിപ്പിടം മാറ്റി ഇരുത്തുക മാത്രമാണ് ചെയ്തതെന്നും അടിച്ചിട്ടില്ലെന്നും അധ്യാപകന്‍ പറഞ്ഞു. വൈകിട്ട് ക്ലാസ് വിട്ട് വീട്ടിലെത്തിയ പെണ്‍കുട്ടി അധ്യാപകന്‍ തന്നെ അടിച്ചെന്ന് തന്‍റെ മുത്തശ്ശനോട് പരാതിപ്പെട്ടു. ഇതോടെ പിറ്റേദിവസം മകളുമായി സ്കൂളിലെത്തിയ രക്ഷിതാക്കള്‍ അധ്യാപകനെ ചോദ്യം ചെയ്യുകയും ഓടിച്ചിട്ട് തല്ലുകയുമായിരുന്നു.
"കുട്ടിയെ അടിക്കുന്നത് നിയമവിരുദ്ധമാണ്. ആരാണ് നിങ്ങൾക്ക് അതിന് അവകാശം നൽകിയത്? ഞാൻ നിങ്ങളെ എന്റെ ചെരിപ്പുകൊണ്ട് അടിക്കും''- ഇത് പറഞ്ഞാണ് അമ്മ സെല്‍വി അധ്യാപകനെ ആക്രമിച്ചത്. അധ്യാപകനോട് കുട്ടിയുടെ പിതാവും ദേഷ്യപ്പെടുന്നത് വീഡിയോയില്‍ കാണം. താന്‍ കുട്ടിയെ അടിച്ചിട്ടില്ലെന്ന് അധ്യാപകന്‍ ആവര്‍ത്തിച്ച് പറഞ്ഞിട്ടും പിതാവ് ശിവലിംഗം അധ്യാപകനെ കയ്യേറ്റം ചെയ്യുകയായിരുന്നു. ക്ലാസ് മുറിക്കു ചുറ്റും ഓടിച്ചിട്ട് അധ്യാപകനെ തല്ലുന്നതും ഒരു വസ്തു ഉപയോഗിച്ച് അധ്യാപകനെ എറിയുന്നതും വീഡിയോയില്‍ കാണാം.
അധ്യാപകനെ ഉപദ്രവിക്കരുതെന്ന് മറ്റ് അധ്യാപകര്‍ വിളിച്ച് പറയുന്നുണ്ടെങ്കിലും ഇത് കൂട്ടാക്കാതെ രക്ഷിതാക്കള്‍ അധ്യാപകനെ തല്ലുകയായിരുന്നു. സംഭവത്തിന് പിന്നാലെ സ്കൂള്‍ അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് ആക്രമണ വീഡിയോയും പൊലീസിന് നല്‍കി. ഇതിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ക്കെതിരെ കേസെടുക്കുകയായിരുന്നു. വിശദമായ അന്വേഷണം നടത്തുമെന്നും അധ്യാപകന്‍ കുട്ടിയെ അടിച്ചിട്ടുണ്ടോ എന്നതും പരിശോധിക്കുമെന്നും തൂത്തുക്കുടി ജില്ലാ പൊലീസ് മേധാവി ഡോ. എല്‍ ബാലാജി ശരവണന്‍ പറഞ്ഞു.
Read More : വാക്കുതർക്കത്തിനിടെ സുഹൃത്ത് തള്ളി വീഴ്ത്തി, വീണത് മരക്കുറ്റിയിലേക്ക്; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam