തര്‍ക്കത്തിനിടെ പ്രകോപിതനായ റിയാസ് ചന്ദ്രബോസിനെ പെട്ടന്ന് തള്ളി വീഴ്ത്തുകയായിരുന്നു. മരക്കുറ്റിയുടെ മുകളിലേക്കാണ് ചന്ദ്രബോസ് തെറിച്ച് വീണത്.
ഇടുക്കി: വാക്കുതർക്കത്തെ തുടർന്നു സുഹൃത്ത് തള്ളി വീഴ്ത്തിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. മറയൂർ കോവിൽക്കടവ് സ്വദേശി ചന്ദ്രബോസ് (42) ആണു മരിച്ചത്. ചിന്നക്കനാൽ ബിഎൽ റാമില്‍ കഴിഞ്ഞ പതിനഞ്ചാം തീയതിയാണ് സംഭവം നടന്നത്. സംഭവത്തിൽ സുഹൃത്ത് കൊല്ലം അഞ്ചൽ സ്വദേശി എആർ മൻസിലിൽ റിയാസ് ഇബ്രാഹിംകുട്ടിയെ (39) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
തടിപ്പണിക്കായി ബിഎൽ റാമിലെത്തിയതായിരുന്നു ഇരുവരും. കഴിഞ്ഞ 15നു വൈകിട്ട് ജോലി കഴിഞ്ഞ് മദ്യലഹരിയിൽ ചന്ദ്ര ബോസും റിയാസും തമ്മില്‍ വാക്കുതർക്കത്തിലേർപ്പെട്ടു. തര്‍ക്കത്തിനിടെ പ്രകോപിതനായ റിയാസ് ചന്ദ്രബോസിനെ പെട്ടന്ന് തള്ളി വീഴ്ത്തുകയായിരുന്നു. മരക്കുറ്റിയുടെ മുകളിലേക്കാണ് ചന്ദ്രബോസ് തെറിച്ച് വീണത്. വീഴ്ചയുടെ ആഘാതത്തില്‍ മരക്കുറ്റി കുത്തിക്കയറി ചന്ദ്ര ബോസിന് പരിക്കേറ്റു.
ഗുരുതരമായി പരിക്കേറ്റ ഇയാളെ ആദ്യം രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചു. പിന്നീട് ആരോഗ്യ നില വഷളായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ചികിത്സയിലായിരുന്ന ചന്ദ്രബോസ് കഴിഞ്ഞ ദിവസം വൈകിട്ടോടെ മരണപ്പെടുകയായിരുന്നു.
സംഭവത്തിന് പിന്നാലെ അഞ്ചൽ സ്വദേശി എആർ മൻസിലിൽ റിയാസ് ഇബ്രാഹിംകുട്ടിയെ ശാന്തൻപാറ എസ്എച്ച്ഒ മനോജ് കുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ മറ്റാർക്കും പങ്കില്ലെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ശാന്തന്‍പാറ പൊലീസ് അറിയിച്ചു.
Read More : മെഡിക്കൽ കോളേജ് ആശുപത്രിയിലെ പീഡനം: യുവതിക്ക് നീതി ഉറപ്പാക്കുമെന്ന് വനിതാ കമ്മീഷൻ
