
അമരാവതി: അധ്യാപികയുടെ അടിയേറ്റ് ആറാം ക്ലാസ് വിദ്യാർത്ഥിനിയുടെ തലയോട്ടിയിൽ പരിക്ക് സംഭവിച്ചതായി പരാതി. ടീച്ചർ ബാഗ് ഉപയോഗിച്ച് കുട്ടിയുടെ തലയ്ക്ക് അടിച്ചതിനെ തുടർന്നാണ് പരിക്ക് പറ്റിയതെന്ന് രക്ഷിതാക്കൾ പറഞ്ഞു. ബാഗിൽ സ്റ്റീൽ ചോറ്റുപാത്രമുണ്ടായിരുന്നു. ആന്ധ്ര പ്രദേശിലെ ചിറ്റൂർ ജില്ലയിലെ പുങ്കനൂരിൽ ആറാം ക്ലാസ് വിദ്യാർത്ഥിനിയായ സാത്വിക നാഗശ്രീക്കാണ് (11) പരിക്കേറ്റത്. ഹിന്ദി അധ്യാപികയായ സലീമ ബാഷയ്ക്കെതിരെയാണ് പരാതി.
കുട്ടി ക്ലാസ്സിൽ വികൃതി കാണിച്ചതിനെ തുടർന്നുള്ള ദേഷ്യത്തിലാണ് അധ്യാപിക അടിച്ചതെന്ന് പൊലീസ് പറഞ്ഞു. സെപ്തംബർ 10നായിരുന്നു ഇത്. കുട്ടിയുടെ അമ്മ വിജേത ഇതേ സ്കൂളിലെ സയൻസ് ടീച്ചറാണ്. എന്നാൽ കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റെന്ന് ആദ്യം മനസ്സിലായില്ല. പിന്നീട് കുട്ടിക്ക് തലവേദനയും തലകറക്കവും അനുഭവപ്പെട്ടു. സ്കൂളിൽ പോവാൻ കഴിയാതെയായി. ഇതേ തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോയത്.
ആദ്യം പുങ്കനൂരിലെ ആശുപത്രിയിലാണ് കൊണ്ടുപോയത്. ഗുരുതര സാഹചര്യം മനസ്സിലാക്കിയ ഡോക്ടർ വിദഗ്ധ ചികിത്സയ്ക്ക് നിർദേശിച്ചു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അവിടെ നടത്തിയ സി ടി സ്കാൻ പരിശോധനയിലാണ് തലയോട്ടിയിൽ പൊട്ടലുണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് രക്ഷിതാക്കൾ അധ്യാപികയ്ക്കും പ്രിൻസിപ്പലിനുമെതിരെ പരാതി നൽകി. പുങ്കനൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തെ തുടർന്ന് രോഷാകുലരായ രക്ഷിതാക്കൾ സ്കൂളിലെത്തി അധ്യാപകരുടെ ശിക്ഷാ നടപടികൾക്കെതിരെ പ്രതിഷേധിച്ചു.