
ചെന്നൈ: ചെന്നൈയിൽ തെരുവു വിളക്കുകാലിൽ നിന്ന് ഷോക്കേറ്റ് 33-കാരൻ മരിച്ചു. റോഡ് മുറിച്ച് കടക്കുന്നതിനിടെ തെരുവുവിളക്കിന്റെ പോസ്റ്റിൽ കൈ വച്ചപ്പോഴാണ് സോഫ്റ്റ്വെയർ എഞ്ചിനിയർ കൂടിയായ എസ് ഇളവരശന് ഷോക്കേറ്റത്. രാമനാഥപുരം സ്വദേശിയാണ് ഇദ്ദേഹം. പള്ളിക്കരണൈയിൽ കൂട്ടുകാർക്കൊപ്പം താമസിച്ചു വരികയായിരുന്നു. ഭൂമിക്കടിയിലൂടെയുള്ള വയർ കണക്ഷൻ ഇളകിമാറി പോസ്റ്റുമായി ബന്ധം വന്ന് ഷോട്ട് സർക്യൂട്ട് വന്നതാണ് വൈദ്യുതാഘാതത്തിന് കാരണമെന്ന് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
ചൊവ്വാഴ്ച രാത്രി ഇളവരശനും സുഹൃത്തുക്കളും ഭക്ഷണം കഴിക്കാനാണ് കാറിൽ പുറപ്പെട്ടത്. കൈവേലി ബസ് സ്റ്റോപ്പിന് സമീപം വെളാച്ചേരി-താംബര റോഡിൽ കാർ പാർക്ക് ചെയ്തു. നാല് പേരും അപ്പുറത്തുള്ള റസ്റ്റോറന്റിലേക്ക് പോകാൻ, റോഡ് മുറിച്ചുകടക്കാൻ നിൽക്കുകയായിരുന്നു. രണ്ട് സുഹൃത്തുക്കൾ ആദ്യം പോയി. പിന്നിലായിരുന്നു ഇളവരശനും സുഹൃത്തും വാഹനങ്ങൾ കടന്നുപോകാൻ കാത്തിരിക്കുകയായിരുന്നു.
റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ ഇളവരശൻ റോഡ് മീഡിയനിലെ വിളക്കുകാലിൽ തൊടുകയും വൈദ്യുതാഘാതമേറ്റ് കുഴഞ്ഞുവീഴുകയുമായിരുന്നു. സുഹൃത്തുക്കൾ ഉറക്കെ ശബ്ദമുണ്ടാക്കി. ഉടൻ ഇളവരശനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. അവിടെ എത്തുമ്പോഴേക്കും മരിച്ചിരുന്നു. മടിപ്പാക്കം പോലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ക്രോംപേട്ട് സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
Read more: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കായി 262.33 കോടി രൂപ അനുവദിച്ചതായി വിദ്യാഭ്യാസ മന്ത്രി
പ്രാഥമിക അന്വേഷണത്തിന് ശേഷം വിളക്കുകാലിലെ ഭൂഗർഭ വയർ കണക്ഷൻ കേടായിട്ടില്ലാണ് പൊലീസ് ഔദ്യോഗികമായി അറിയിച്ചത്. സംഭവം സിറ്റി കോർപ്പറേഷൻ അധികൃതരെ അറിയിച്ചിട്ടുണ്ട്. കോർപ്പറേഷൻ കമ്മീഷണർ ഇലക്ട്രിക്കൽ വിഭാഗത്തോട് റിപ്പോർട്ട് തേടിയതായും ഉടൻ അത് ലഭിക്കുമെന്നും കോർപ്പറേഷൻ അധികൃതർ അറിയിച്ചു. രാംനാട് സ്വദേശിയായ ഇളവരശൻ സുഹൃത്തുക്കളോടൊപ്പം ഒരു വെബ്‌സൈറ്റിൽ ജോലി ചെയ്ത് വരികയായിരുന്നു. കോഡർ ആയ ഇളവരശൻ ദീപാവലി അവധിക്ക് വീട്ടിൽ പോയിരുന്നില്ല.