
ഹൈദരാബാദ്: തെലങ്കാനയിൽ കോൺഗ്രസ് ബിആർഎസ് രഹസ്യ സഖ്യമുണ്ടെന്നും ഇതിന്‍റെ ഇടനിലക്കാരൻ ഒവൈസിയാണെന്നും ബിജെപി സംസ്ഥാനാധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജി. കിഷൻ റെഡ്ഡി. ബിആർഎസ്സുമായി ബിജെപി ഇത് വരെ സഖ്യമുണ്ടാക്കിയിട്ടില്ല, ഇനി സഖ്യമുണ്ടാക്കുകയുമില്ലെന്ന് ജി. കിഷൻ റെഡ്ഡി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ഇത്തവണ തെലങ്കാനയിൽ ബിജെപിക്ക് കിട്ടുമെന്നാണ് കിഷൻ റെഡ്ഡിയുടെ ആത്മവിശ്വാസം.
എന്താണ് ഗ്രൗണ്ടിൽ നിന്ന് താങ്കൾക്ക് കിട്ടുന്ന പൾസ്?
തെലങ്കാനയിലെ ജനങ്ങൾ മാറ്റമാഗ്രഹിക്കുന്നു. കെസിആറിന്‍റെ കുടുംബവാഴ്ചയ്ക്കും അഴിമതി ഭരണത്തിനും ഏകാധിപത്യത്തിനുമെതിരെ ജനം ബിജെപിക്കൊപ്പം നിൽക്കും.
ഹൈദരാബാദ് മുൻസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ബിജെപി നേട്ടമുണ്ടാക്കിയപ്പോൾ ബിആർഎസ്സിന് ബദലായി വളരുമെന്ന് കരുതപ്പെട്ടിരുന്നു. എന്നാൽ അഭിപ്രായസർവേകൾ അനുസരിച്ച് ബിജെപി മൂന്നാം സ്ഥാനത്ത് മാത്രമാണ്. കണക്കുകൂട്ടലുകൾ പിഴച്ചോ?
ഞങ്ങൾ തന്നെയാണ് ഇവിടെ ഇപ്പോഴും ബിആർഎസ്സിന് ബദൽ. സർവേകൾ എവിടെ നടത്തിയതാണെന്ന് എനിക്കറിയില്ല. ജനം ഇപ്പോഴും ബിജെപിക്കും നരേന്ദ്രമോദിക്കുമൊപ്പമാണ്. കെസിആറിനെതിരെ ശക്തമായ ഭരണവിരുദ്ധവികാരമുണ്ട്. കോൺഗ്രസിനെയും തെലങ്കാന ജനത പിന്തുണയ്ക്കില്ല. സംസ്ഥാനത്തിന് വേണ്ടിയുള്ള സമരങ്ങളിൽ നൂറ് കണക്കിന് പേരെ കൊന്നൊടുക്കിയ പാർട്ടിയാണ് കോൺഗ്രസ്. തെലങ്കാന പിന്നാക്കാവസ്ഥയിലേക്ക് പോകാൻ കാരണം കോൺഗ്രസാണ്. ബിആർഎസ്സിനും കോൺഗ്രസിനുമെതിരായ വികാരമാണ് സംസ്ഥാനത്തുള്ളത്.
തൂക്ക് സഭ വന്നാൽ ബിആർഎസ്സിനൊപ്പം നിൽക്കുമോ? കോൺഗ്രസ് അത്തരമൊരു ആരോപണമുന്നയിക്കുന്നു?
കോൺഗ്രസിനാണ് ബിആർഎസ്സുമായി രഹസ്യസഖ്യമുള്ളത്. കെസിആർ മുമ്പ് യുപിഎ സർക്കാരിൽ മന്ത്രിയായിരുന്നില്ലേ? ആ ബന്ധമിപ്പോഴും തുടരുന്നു. അതിന്‍റെ ഇടനിലക്കാർ മജ്‍ലിസ് പാർട്ടിയും ഒവൈസിയുമാണ്. ബിആർഎസ്സുമായി ബിജെപി ഇത് വരെ സഖ്യമുണ്ടാക്കിയിട്ടില്ല, ഇനി സഖ്യമുണ്ടാക്കുകയുമില്ല. ഞങ്ങൾ കെസിആറിന്‍റെ കുടുംബവാഴ്ചയ്ക്ക് എതിരെ പോരാടുന്ന പാർട്ടിയാണ്.
ബിജെപി ജയിച്ചാൽ ഒബിസി മുഖ്യമന്ത്രിയുണ്ടാകുമെന്നാണ് അമിത് ഷാ പ്രഖ്യാപിച്ചത്. എങ്കിൽ ഒരു മുഖ്യമന്ത്രി സ്ഥാനാർഥിയെ നിങ്ങളുയർത്തിക്കാട്ടാത്തത് എന്തുകൊണ്ടാണ്?
തെരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്ന പതിവ് ബിജെപിക്കില്ല. അത് കേന്ദ്രനേതൃത്വമാണ് തീരുമാനിക്കുന്നത്. തെരഞ്ഞെടുപ്പ് കഴിയട്ടെ, ആരാണ് മുഖ്യമന്ത്രിയെന്ന് കേന്ദ്രനേതൃത്വം തീരുമാനിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam