'രണ്ട് കിലോ പ്ലാസ്റ്റിക്കിന് ആറ് മുട്ട'; മാലിന്യമില്ലാതാക്കാൻ പുത്തൻ ആശയവുമായി തെലങ്കാനയിലെ ജില്ല

By Web TeamFirst Published Nov 6, 2019, 9:18 PM IST
Highlights

ഒറ്റത്തവണ ഉപയോ​ഗിക്കാവുന്ന പ്ലാസ്റ്റിക്കുകൾ നിരോധിക്കാനുള്ള ശ്രമത്തിലാണ് സർക്കാരെന്നും ഇതുമായി ബന്ധപ്പെട്ട് ആരോ​ഗ്യകരമായ എന്തെങ്കിലും ചെയ്യണമെന്ന ആശയത്തിൽ നിന്നാണ് പ്ലാസ്റ്റിക്കിന് പകരം മുട്ട നൽകുന്നതിലേക്ക് എത്തിയതെന്നും സത്യനാരായണ പറഞ്ഞു. 

ഹൈദരാബാദ്: ഒറ്റത്തവണ മാത്രം ഉപയോ​ഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോ​ഗം കുറക്കാൻ പുത്തൻ ആശയവുമായി രംഗത്തെത്തിയിരിക്കുകയാണ് തെലങ്കാനയിലെ കാമാറെഡ്ഡി ജില്ല. പ്രദേശവാസികളുടെ പക്കലുള്ള പ്ലാസ്റ്റിക് നൽകിയാൽ പകരം മുട്ട കൈമാറും. രണ്ടുകിലോ പ്ലാസ്റ്റിക് മാലിന്യം കൈമാറിയാല്‍ പകരം ആറുമുട്ട കിട്ടും. ഒരു കിലോ പ്ലാസ്റ്റിക്കിന് മൂന്നുമുട്ട കിട്ടും. 

ആരോഗ്യ-പരിസ്ഥിതി കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിനെ നിരോധിക്കാൻ പോകുന്നുവെന്ന് മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്ലാസ്റ്റിക്കിന് പകരം മുട്ട എന്ന ആശയവുമായി കാമാറെഡ്ഡി ജില്ലാ കലക്ടര്‍ ഡോ. എന്‍ സത്യനാരായണ രംഗത്തെത്തിയിരിക്കുന്നത്. പഞ്ചായത്ത്, മുന്‍സിപ്പല്‍ ജീവനക്കാര്‍ക്കാരെ പദ്ധതിയുടെ മേൽനോട്ടം വഹിക്കാൻ ചുമതലപ്പെടുത്തിയിട്ടുണ്ട്.

പദ്ധതിക്കായി ജില്ലാ അധികൃതര്‍, സന്നദ്ധ സംഘടനകള്‍, വ്യാപാര സംഘടനകള്‍ എന്നിവരെ ഉള്‍പ്പെടുത്തി ഒരു സമിതിയും രൂപീകരിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് കൈമാറുന്നവർക്ക് കൃത്യമായി മുട്ട ലഭ്യമാകുന്നുവെന്ന് ഉറപ്പുവരുത്തുകയെന്നതാണ് സമതിയുടെ ചുമതല. മുനിസിപ്പാലിറ്റികളിൽ നിന്ന് കഴിഞ്ഞ മൂന്ന് മാസത്തിനിടെ ലഭിച്ചത് 14,900 കിലോ സിംഗിള്‍ യൂസ് പ്ലാസ്റ്റിക് ആണെന്ന് കലക്ടർ പറയുന്നു.

ഒറ്റത്തവണ ഉപയോ​ഗിക്കാവുന്ന പ്ലാസ്റ്റിക്കുകൾ നിരോധിക്കാനുള്ള ശ്രമത്തിലാണ് സർക്കാരെന്നും ഇതുമായി ബന്ധപ്പെട്ട് ആരോ​ഗ്യകരമായ എന്തെങ്കിലും ചെയ്യണമെന്ന ആശയത്തിൽ നിന്നാണ് പ്ലാസ്റ്റിക്കിന് പകരം മുട്ട നൽകുന്നതിലേക്ക് എത്തിയതെന്നും സത്യനാരായണ പറഞ്ഞു. പ്ലാസ്റ്റിക് കൊണ്ടുവരുന്നവർക്ക് മുട്ട ലഭിക്കുന്നത് സംഭാവനകള്‍ വഴിയാണെന്നും ഇത് മതിയാകാതെ വരികയാണെങ്കിൽ കലക്ടറുടെ ഫണ്ട് ഉപയോ​ഗിക്കുമെന്നും സത്യനാരായണ വ്യക്തമാക്കി.
 

click me!