ചെന്നൈ അഡയാറിൽ ടിവികെ പ്രാദേശിക നേതാവായ കണ്ണൻ വെട്ടേറ്റ് കൊല്ലപ്പെട്ടു. 2009-ലെ ഒരു കൊലപാതകവുമായി ബന്ധപ്പെട്ട പ്രതികാരമാണ് ഇതെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പ്രതിപക്ഷം സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു.

ചെന്നൈ: ചെന്നൈക്കടുത്ത് അഡയാറിൽ ടിവികെ പ്രാദേശിക നേതാവിനെ വെട്ടിക്കൊന്നു. തമിഴ്‌നാട് പൊലീസിൻ്റെ ബി കാറ്റഗറി ക്രിമിനൽ റെക്കോർഡിൽ ഉൾപ്പെട്ട കണ്ണൻ എന്നയാളാണ് കൊല്ലപ്പെട്ടത്. അടുത്തിടെയാണ് ഇയാൾ എഐഎഡിഎംകെ വിട്ട് ടിവികെയിൽ സജീവമായത്. 2009 ൽ ശിവ എന്നയാളുടെ കൊലപാതകത്തിൽ കണ്ണന് പങ്കുണ്ടായിരുന്നുവെന്നും ഇതേത്തുടർന്നുള്ള പ്രതികാര കൊലയാണ് ഇതെന്നുമാണ് പൊലീസിൻ്റെ വിശദീകരണം.

2009 ൽ കൊല്ലപ്പെട്ട ശിവയുടെ മരുമകൻ്റെ നേതൃത്വത്തിലുള്ള ഒരു സംഘമാണ് ഇന്നലെ രാത്രി കണ്ണനെ വെട്ടിക്കൊലപ്പെടുത്തിയത്. പിന്നീട് പ്രതികൾ ഒളിവിൽ പോയി. പ്രതികളെ പിടികൂടാൻ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കണ്ണൻ്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഇൻക്വസ്റ്റിനും പോസ്റ്റ്‌മോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

അതിനിടെ കണ്ണനെ കൊലപ്പെടുത്തുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. നാളെ സംസ്ഥാനത്തെ ക്രമസമാധാന നിലയെ കുറിച്ച് മുഖ്യമന്ത്രി വിജയ് നിയമസഭയിൽ സംസാരിക്കാനിരിക്കെയാണ് ഈ ക്രൂര കൊലപാതകം നടന്നത്. സംഭവത്തിന് പിന്നാലെ മുഖ്യമന്ത്രി വിജയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് ഉജയനിധി സ്റ്റാലിൻ രംഗത്തെത്തി. സംസ്ഥാനത്തെ ക്രമസമാധാന തകർച്ച വ്യക്തമായെന്നും സ്വന്തം ജീവൻ സംരക്ഷിക്കാൻ ടിവികെയിൽ ചേർന്ന ഗുണ്ടാനേതാവിന് പോലും രക്ഷയില്ലാതായെന്നും അദ്ദേഹം വിമർശിച്ചു. ഡിഎംകെയെ കുറ്റപ്പെടുത്തുന്നത് മതിയാക്കി ജനങ്ങളുടെ സ്വത്തും ജീവനും സംരക്ഷിക്കാൻ ടിവികെ സർക്കാർ ഇനിയെങ്കിലും ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.