ഭർത്താവിനെ ചെവിയിൽ വിഷം ഒഴിച്ച് കൊലപ്പെടുത്തി; ഭാര്യയടക്കം മൂന്ന് പേർ തെലങ്കാനയിൽ പിടിയിൽ

Published : Aug 08, 2025, 07:29 PM IST
Murder

Synopsis

ഭർത്താവിനെ ചെവിയിൽ വിഷം ഒഴിച്ച് കൊലപ്പെടുത്തിയ കേസിൽ ഭാര്യയും കാമുകനും സുഹൃത്തും അറസ്റ്റിൽ

ഹൈദരാബാദ്: ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ സ്ത്രീയടക്കം മൂന്ന് പേരെ പൊലീസ് പിടികൂടി. തെലങ്കാനയിലെ കരിംനഗർ സ്വദേശിയായ സമ്പത്തിനെ കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ രമാദേവി, കാമുകൻ കെ രാജയ്യ, ഇയാളുടെ സുഹൃത്ത് ശ്രീനിവാസ് എന്നിവരെ പൊലീസ് പിടികൂടിയത്. യൂട്യൂബിലെ വീഡിയോ മാതൃകയാക്കി വിഷം ചെവിയിലൂടെ ഒഴിച്ചുകൊടുത്താണ് പ്രതികൾ സമ്പത്തിനെ വധിച്ചത്.

രാജയ്യക്ക് ഒപ്പം ജീവിക്കാൻ സമ്പത്ത് തടസമാകും എന്നതാണ് കൊലപാതകത്തിന് പ്രേരണയെന്നാണ് വിവരം. സംഭവം നടന്ന ദിവസം രാത്രി രാജയ്യയും ശ്രീനിവാസും ചേർന്ന് സമ്പത്തിനെ ലഹരി കൊടുത്ത് മയക്കി കരിംനഗർ ബൊമ്മക്കൽ പാലത്തിന് മുകളിൽ എത്തിച്ചു. ബോധം പോയ സമ്പത്തിൻ്റെ ചെവിയിലൂടെ കീടനാശിനി ഒഴിച്ചുകൊടുത്തു. യൂട്യൂബിൽ രമാദേവി കണ്ട വീഡിയോയിലൂടെയാണ് ഈ നിലയിൽ കൊലപാതകം നടത്താനുള്ള തന്ത്രം മെനഞ്ഞതെന്ന് പ്രതികൾ പൊലീസിനോട് സമ്മതിച്ചു.

തൊട്ടടുത്ത ദിവസം പൊലീസ് അന്വേഷണം വഴിതെറ്റിക്കുകയെന്ന ലക്ഷ്യത്തോടെ രമാദേവി പൊലീസിനെ സമീപിച്ചു. ഭർത്താവിനെ കാണാനില്ലെന്ന് പരാതിയും നൽകി. ഓഗസ്റ്റ് ഒന്നിന് സമ്പത്തിൻ്റെ മൃതദേഹം പൊലീസ് കണ്ടെത്തിയിരുന്നു. മരണകാരണം അറിയാൻ പോസ്റ്റ്‌മോർട്ടം നടത്താൻ പൊലീസ് തീരുമാനിച്ചെങ്കിലും ഇതിനെ രമാദേവിയും രാജയ്യയും ശക്തമായി എതിർത്തു. ഇതോടെ സംശയം തോന്നിയ പൊലീസ് സമ്പത്തിൻ്റേത് കൊലപാതമാണോയെന്ന് അറിയാനായി അന്വേഷണം തുടങ്ങി.

ഫോൺ കോൾ വിവരങ്ങളും സിം ലൊക്കേഷൻ വിവരങ്ങളും സിസിടിവി ദൃശ്യങ്ങളും അടിസ്ഥാനമാക്കിയായിരുന്നു അന്വേഷണം. അധികം വൈകാതെ മൂന്ന് പേരും പിടിയിലായി. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു. അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

PREV
Read more Articles on
click me!

Recommended Stories

2025 ലെ ഇന്ത്യക്കാരുടെ സെർച്ച് ഹിസ്റ്ററി പരസ്യമാക്കി ഗൂഗിൾ! ഐപിഎൽ മുതൽ മലയാളിയുടെ മാർക്കോയും ഇഡലിയും വരെ ലിസ്റ്റിൽ
എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി