
ദില്ലി: പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയുടെ ആരോപണങ്ങൾക്ക് വീണ്ടും മറുപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി ഇറക്കുന്നത് പോലെയാണ് രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസ്താവനയിൽ അറിയിച്ചു.
മൂന്ന് സംസ്ഥാനങ്ങളിൽ വോട്ടർപട്ടികയിൽ പേരുള്ള ആദിത്യ ശ്രീവാസ്തവയുടെ പേര് മാസങ്ങൾക്ക് മുമ്പ് തിരുത്തിയതാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. തെളിവുകൾ ശരിയെങ്കിൽ പ്രതിജ്ഞാപത്രത്തിൽ ഒപ്പിട്ട് രേഖാമൂലം പരാതി നൽകാൻ രാഹുൽ തയ്യാറാകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ആവർത്തിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷൻ രാജ്യദ്രോഹം നടത്തുന്നുവെന്ന് ഇന്ന് പുറത്തു വിട്ട വിഡിയോയിൽ രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. ബിഹാറിലെ എഫ്ഐആറിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞ് പരാതി നൽകാൻ രാഹുൽ കാത്തിരിക്കുകയാണെന്ന് കമ്മീഷൻ വൃത്തങ്ങൾ തിരിച്ചടിക്കുകയും ചെയ്തു. രാഹുൽ ഗാന്ധി രേഖാമൂലം പരാതി നല്കിയില്ലെങ്കിൽ മാപ്പു പറയണമെന്നും രാഹുൽ നേരിട്ട് ഒരു വിഷയത്തിലും ഇതുവരെ നേരിട്ട് പരാതി നല്കിയിട്ടില്ലെന്നും കമ്മീഷൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് വീണ്ടും രാഹുലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസ്താവനയിറക്കിയത്.
രാഹുൽ ഗാന്ധിയുടെ എക്സ് പോസ്റ്റ് തെറ്റിദ്ധാരണജനകമാണെന്ന് വ്യക്തമാക്കിയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസ്താവനയിറക്കിയത്.തെരഞ്ഞെടുപ്പ് കമ്മീഷൻ ഫാക്ട് ചെക്ക് എന്ന ഹാഷ് ടാഗോടെയാണ് പ്രസ്താവന. രാഹുൽ ഗാന്ധിയുടെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും പരാതി നൽകാൻ തയ്യാറായില്ലെങ്കിൽ രാജ്യത്തോടെ മാപ്പ് പറയണമെന്ന് ആവര്‍ത്തിച്ചുകൊണ്ടാണ് കമ്മീഷന്‍റെ പ്രസ്താവന അവസാനിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam