
മംഗളൂരു: റോഡ് മുറിച്ചുകടക്കുകയായിരുന്ന വയോധികയെ ഇടിക്കാതിരിക്കാൻ വെട്ടിച്ച ട്രാവലർ നിയന്ത്രണം വിട്ട് മീഡിയനിൽ ഇടിച്ച് മറിഞ്ഞു. കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിൽ ആലദങ്കടിയിൽ ഒക്ടോബർ നാലിനുണ്ടായ അപകടത്തിൻ്റെ ഭീതിജനകമായ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. അമിത വേഗത്തിലെത്തിയ ട്രാവലർ, വേഗത്തിൽ റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ച വയോധികയെ ഇടിച്ചിട്ട ശേഷമാണ് മീഡിയനിൽ തട്ടി മറിഞ്ഞത്.
അപകടത്തിൽ വയോധികയ്ക്ക് സാരമായ പരിക്കുകളില്ലെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് മനസിലാക്കാനാവുന്നത്. ഇവരുടെ സമീപത്തേക്കും മറിഞ്ഞ വാഹനത്തിൻ്റെ സമീപത്തേക്കും ആളുകൾ ഓടിക്കൂടുന്നത് ദൃശ്യങ്ങളിലുണ്ട്. ഗുരുവായനകെരെയിൽ നിന്ന് ആലദങ്ങാടിയിലേക്ക് വരികയായിരുന്ന അമിത വേഗത്തിലായിരുന്നുവെന്നും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകും. വയോധികയെ ഇടിച്ച ശേഷം മീഡിയനിൽ തട്ടി റോഡിൻ്റെ എതിർദിശയിലാണ് ട്രാവലർ മറിഞ്ഞത്. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവർക്കും യാത്രക്കാർക്കും അപകടത്തിൽ പരിക്കേറ്റെന്നാണ് വിവരം.