വാടകക്കാര്‍ക്കും സൗജന്യ വൈദ്യുതി; നിര്‍ണായക പ്രഖ്യാപനവുമായി കേജ്‍രിവാള്‍

By Web TeamFirst Published Sep 25, 2019, 3:26 PM IST
Highlights

വാടകയ്ക്ക് താമസിക്കുന്നവര്‍ക്കും വൈദ്യുതി സബ്സിഡിയുടെ പ്രയോജനം ലഭിക്കാന്‍ നിര്‍ണായക തീരുമാനവുമായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍. വാടകയ്ക്ക് താമസിക്കുന്നവര്‍ക്ക് പ്രീപെയ്ഡ് ഇലക്ട്രിസിറ്റ് മീറ്റര്‍ നല്‍കുന്നതാണ് പദ്ധതി. വീട്ടാവശ്യത്തിനായി ഉപയോഗിക്കുന്ന വൈദ്യുതിക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുക. 

ദില്ലി: രാജ്യതലസ്ഥാനത്ത്  വാടകയ്ക്ക് താമസിക്കുന്നവര്‍ക്ക് വമ്പന്‍ പ്രഖ്യാപനവുമായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍. 200 യൂണിറ്റില്‍ താഴെ മാത്രം വൈദ്യുതി ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് സൗജന്യ വൈദ്യുതി നല്‍കിയതിന് പിന്നാലെയാണ് വാടകയ്ക്ക് താമസിക്കുന്നവര്‍ക്ക് സൗജന്യ വൈദ്യുതി പദ്ധതിയുടെ ഗുണം ലഭിക്കാനുള്ള ദില്ലി മുഖ്യമന്ത്രിയുടെ നീക്കം.

നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കുമ്പോഴാണ് പ്രഖ്യാപനം. 'മുഖ്യമന്ത്രി കിരായേദാര്‍ ബിജ്‍ലി മീറ്റര്‍ യോജന' എന്നാണ് പദ്ധതിയുടെ പേര്. വാടകയ്ക്ക് താമസിക്കുന്നവര്‍ക്ക് പ്രീപെയ്ഡ് ഇലക്ട്രിസിറ്റ് മീറ്റര്‍ നല്‍കുന്നതാണ് പദ്ധതി. വീട്ടാവശ്യത്തിനായി ഉപയോഗിക്കുന്ന വൈദ്യുതിക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുക. വാടക കരാറിന്‍റെ കോപ്പി മാത്രമാണ് ഈ പ്രീപെയ്ഡ് ഇലക്ട്രിസിറ്റി മീറ്റര്‍ ലഭിക്കാന്‍ ആവശ്യമായ രേഖ. വാടകയ്ക്ക് വീടുനല്‍കിയ ആളിന്‍റെ എന്‍ഒസിയോ മറ്റ് സാക്ഷ്യ പത്രമോ ഈ പദ്ധതിയുടെ പ്രയോജനം ലഭ്യമാകാന്‍ ആവശ്യമായിട്ടുള്ളത്. 

ദില്ലി സര്‍ക്കാരിന്‍റെ വൈദ്യുതി ചാര്‍ജ് സബ്സിഡി പദ്ധതിയുടെ പ്രയോജനം വാടകയ്ക്ക് താമസിക്കുന്നവര്‍ക്ക് കൂടി ലഭ്യമാകണംഎന്ന ഉദ്ദേശത്തോടെയാണ് നീക്കമെന്നും മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍ വ്യക്തമാക്കി. ദില്ലിയില്‍ വാടകയ്ക്ക് താമസിക്കുന്നവരുടെ ഏറെ നാളുകളായുള്ള ആവശ്യമാണ് സഫലമാകുന്നതെന്ന് കേജ്‍രിവാള്‍ പറഞ്ഞു. മൂവായിരം രൂപ മുന്‍കൂര്‍ അടച്ച് വാടകക്കാര്‍ക്ക് പ്രീപെയ്ഡ് മീറ്റര്‍ സ്ഥാപിക്കാം. വൈദ്യുതി ഉപഭോഗം കുറക്കാന്‍ 201 മുതല്‍ 400 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവരില്‍ നിന്നും ബില്‍ തുകയുടെ പകുതി ഈടാക്കി ബാക്കി പകുതി സബ്‌സിഡി നല്‍കുമെന്ന് കേജ്‍രിവാള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. 
 

click me!