'രാജി രാഷ്ട്രപതി അംഗീകരിച്ചത്'; ജസ്റ്റിസ് താഹില്‍ രമാനിയുടെ സ്ഥലംമാറ്റം റദ്ദാക്കണമെന്ന ഹര്‍ജി തള്ളി

By Web TeamFirst Published Sep 25, 2019, 1:56 PM IST
Highlights

താഹില്‍ രമാനിയുടെ രാജി രാഷ്ട്രപതി അംഗീകരിച്ച സാഹചര്യത്തിലാണ്  മദ്രാസ് ഹൈക്കോടതി ഹര്‍ജി തള്ളിയത്. ഇനി ഇതിൽ വേറെ നിയമനടപടികളുടെ കാര്യമില്ലെന്ന് ഹൈക്കോടതി. 

ദില്ലി: മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന താഹില്‍ രമാനിയുടെ സ്ഥലം മാറ്റം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. മദ്രാസ് ഹൈക്കോടതിയിലെ അഭിഭാഷകന്‍ കറുപ്പഗമാണ് ഹര്‍ജി നല്‍കിയിരുന്നത്. കൊളീജിയം തീരുമാനം അംഗീകരിക്കുന്നതില്‍ നിന്ന് രാഷ്ട്രപതിയെ തടയണമെന്നായിരുന്നു പ്രധാന ആവശ്യം. എന്നാല്‍ താഹില്‍ രമാനിയുടെ രാജി രാഷ്ട്രപതി അംഗീകരിച്ച പശ്ചാത്തലത്തില്‍ ഹര്‍ജിയില്‍ ഇടപെടുന്നില്ലെന്ന് കോടതി വ്യക്തമാക്കി.

രാജ്യത്തെ ഏറ്റവും വലിയ കോടതികളിലൊന്നായ മദ്രാസ് ഹൈക്കോടതിയിൽ നിന്ന് ഏറ്റവും ചെറിയ ഹൈക്കോടതിയായ മേഘാലയയിലേക്ക് മാറ്റിയതിൽ പ്രതിഷേധിച്ചാണ് ചീഫ് ജസ്റ്റിസ് വിജയ താഹിൽ രമാനി രാജി വച്ചത്. രാജ്യത്താകെയുള്ള രണ്ട് വനിതാ ചീഫ് ജസ്റ്റിസുമാരിൽ ഒരാളാണ് വിജയ താഹിൽരമാനി. ദീർഘകാലപരിചയമുള്ള വനിതാജഡ്‍ജിമാരിൽ മുൻനിരക്കാരി. ചെന്നൈയിലെ 75 ജഡ്‍ജിമാരുള്ള ഒരു ഹൈക്കോടതിയും, 32 ജില്ലകളിലെ സബോർഡിനേറ്റ് കോടതികളും, പുതുച്ചേരിയെന്ന കേന്ദ്രഭരണപ്രദേശത്തെ കോടതികളുടെയും തലപ്പത്ത് നിന്നാണ് വെറും മൂന്ന് ജഡ്‍ജിമാരും ഏഴ് ജില്ലകളിലെ സബോർഡിനേറ്റ് കോടതികളുമുള്ള മേഘാലയയിലേക്ക് വിജയ താഹിൽ രമാനിയെ സ്ഥലം മാറ്റിയത്.

രാജ്യത്തെ മുൻനിരകോടതിയിൽ നിന്ന് തീർത്തും ചെറിയ കോടതിയിലേക്കുള്ള സ്ഥലംമാറ്റത്തിലൂടെ തന്നെ തരംതാഴ്‍ത്തുകയാണെന്ന് ചൂണ്ടിക്കാട്ടി അവർ കൊളീജിയത്തിന് കത്ത് നൽകിയിരുന്നു. എന്നാൽ കൊളീജിയം അത് പരിഗണിക്കാതെ തള്ളി. ഇതിന് മറുപടിയായി രാജി മാത്രമേ വിജയ താഹിൽ രമാനിയ്ക്ക് മുന്നിലുണ്ടായിരുന്നുള്ളു.
മുംബൈ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായിരിക്കേ ഗുജറാത്ത് കലാപകാലത്തെ ബില്‍ക്കീസ് ബാനുക്കേസില്‍ അടക്കം വിധി പറഞ്ഞത് താഹില്‍ രമാനിയാണ്. പതിനൊന്ന് പ്രതികളെ വിട്ടയ്ക്കാനുള്ള കീഴ്‍കോടതി തീരുമാനം റദ്ദാക്കിയായിരുന്നു മുംബൈ ഹൈക്കോടതിയുടെ വിധി.

Read Also: മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്‍റെ സ്ഥലം മാറ്റത്തിന്‍റെ കാരണം ഇവയാണ്; വെളിപ്പെടുത്തല്‍

വിവാദമായതോടെ മതിയായ കാരണത്തോടെയാണ് ജസ്റ്റിസ് താഹിൽ രമാനിയുടെ സ്ഥലംമാറ്റം എന്ന് പിന്നീട് സുപ്രീംകോടതി കൊളീജിയത്തിന് വേണ്ടി രജിസ്ട്രാർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. ജോലിസമയം പലദിവസങ്ങളിലും പൂർത്തിയാക്കാത്തതും ഒരു കാരണമായി രേഖപ്പെടുത്തിയിരുന്നു. ഒരുകേസ് പരിഗണിച്ച് കൊണ്ടിരുന്ന ബെഞ്ച് ഇടയ്ക്കു വച്ച് പിരിച്ചു വിട്ടതാണ് മറ്റൊരു കാരണം. സംസ്ഥാനത്തെ ഭരണകക്ഷിയിലെ ഒരു നേതാവുമായുള്ള അടുപ്പത്തെക്കുറിച്ചുള്ള വിവരവും കൊളീജിയത്തിന് മുന്നിലെത്തി. ചെന്നൈ നഗരത്തിൽ ജസ്റ്റിസ് താഹിൽരമാനി രണ്ട് ഫ്ലാറ്റുകള്‍ വാങ്ങിയതും പരിഗണിച്ചു. മദ്രാസ് ഹൈക്കോടതിയിൽ ജഡ്ജിമാരായിരുന്ന  മൂന്ന് സുപ്രീംകോടതി ജഡ്ജിമാരുടെ അഭിപ്രായം കൂടി തേടിയ ശേഷമാണ് താഹിൽ രമാനിയുടെ സ്ഥലംമാറ്റത്തിന് തീരുമാനിച്ചത്.

പല ദിവസങ്ങളിലും ഉച്ച വരെ മാത്രമേ ജസ്റ്റിസ് താഹിൽ രമാനി കേസുകേട്ടിരുന്നുള്ളു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. വിഗ്രഹ മോഷണ കേസുകൾ പരിഗണിച്ചിരുന്ന ബെഞ്ചാണ് കാരണം പറയാതെ താഹില്‍ രമാനി പിരിച്ചുവിട്ടത്.  മദ്രാസ് ഹൈക്കോടതിയിലെ 52 ജഡ്ജിമാരിൽ  സ്വത്ത് വിവര പട്ടിക വെബ്സൈറ്റിൽ വെളിപ്പെടുത്തിയവരിലും ജസ്റ്റിസ് താഹിൽ രമാനിയില്ല. റിപ്പോർട്ടിനെക്കുറിച്ച് ജസ്റ്റിസ് താഹിൽരമാനി പ്രതികരിച്ചിട്ടില്ല. ആവശ്യമെങ്കിൽ സ്ഥലംമാറ്റത്തിനുള്ള കാരണം വെളിപ്പെടുത്താൻ തയ്യാറെന്നും നേരത്തെ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.

Read Also: 'എല്ലാറ്റിനും കാരണമുണ്ട്': വിവാദമായ ജഡ്‍ജിമാരുടെ സ്ഥലം മാറ്റങ്ങളെ ന്യായീകരിച്ച് സുപ്രീംകോടതി

click me!