ദില്ലി: 200 യൂണിറ്റില്‍ താഴെ മാത്രം വൈദ്യുതി ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് ദില്ലിയില്‍ ഇന്നു മുതല്‍ സൗജന്യ വൈദ്യുതിയെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. 201 മുതല്‍ 400 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവരില്‍ നിന്നും ബില്‍ തുകയുടെ പകുതി ഈടാക്കി ബാക്കി പകുതി സബ്‌സിഡി നല്‍കുമെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.

'ഇതൊരു ചരിത്രപരമായ തീരുമാനമാണ്. ഇന്ന് രാജ്യത്ത് ഏറ്റവും കുറഞ്ഞ വിലയില്‍ വൈദ്യുതി ലഭിക്കുന്നത് ദില്ലിയിലാണ്. സാധാരണക്കാരായ ജനങ്ങള്‍ക്ക് ഏറെ സഹായകരമാകും ഈ തീരുമാനം. വിഐപികള്‍ക്കും വലിയ രാഷ്ട്രീയക്കാര്‍ക്കും വൈദ്യുതി സൗജന്യമായി നല്‍കുമ്പോള്‍ ആരും എതിരഭിപ്രായം പറയുന്നില്ല. അതു പോലെ തന്നെയാണ് സാധാരണക്കാരനും വൈദ്യുതി നല്‍കുന്നത്. തലസ്ഥാനത്ത് ശീതകാലത്ത് 70 ശതമാനം ആളുകളുടേയും വൈദ്യുതി ഉപയോഗം 200 യൂണിറ്റിന് താഴെയാണെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു. 
 
തെരഞ്ഞെടുപ്പിന് മുമ്പ് ആളുകളെ ആകര്‍ഷിക്കാനുള്ള പ്രഖ്യാപനം മാത്രമാണ് ഇതെന്ന് ബിജെപി പ്രതികരിച്ചു. ദില്ലിയിലെ ജനങ്ങളില്‍ നിന്നും  7000 കോടി രൂപയാണ്  ആംആദ്പി തട്ടിയത്. എപ്പോഴാണ് അവര്‍ ഇത് തിരിച്ച് നല്‍കുകയെന്നും ദില്ലിയിലെ ബിജെപി നേതാവ് മനോജ് തിവാരി ചോദിച്ചു.