കോളേജ് യൂണിയൻ ഓഫീസിൽ ഒരു ലക്ഷത്തിലേറെ രൂപയുടെ നോട്ടുകൾ ചിതലരിച്ച നിലയിൽ, ഒരു രഹസ്യമുറിയും കണ്ടെത്തി; തൃണമൂലിനെതിരെ ബിജെപി

Published : Jun 03, 2026, 11:38 AM IST
Surendranath College Kolkata

Synopsis

കോളേജിലെ ശുചീകരണത്തിനിടെ ഒരു ലക്ഷത്തിലേറെ രൂപ ചിതലരിച്ച നിലയിൽ കണ്ടെടുത്തു. തുടർ പരിശോധനയിൽ എസി സൗകര്യങ്ങളോടുകൂടിയ ഒരു രഹസ്യ മുറിയും കണ്ടെത്തി. 

കൊൽക്കത്ത: കോളേജിലെ സ്റ്റുഡന്‍റ്സ് യൂണിയൻ ഓഫീസിൽ നിന്ന് രണ്ട് പെട്ടികളിലായി സൂക്ഷിച്ചിരുന്ന ഒരു ലക്ഷത്തിലേറെ രൂപ കണ്ടെടുത്തു. കറൻസി നോട്ടുകളിൽ ഭൂരിഭാഗവും ചിതലരിച്ചും ദ്രവിച്ചും പൂർണമായും നശിച്ച നിലയിലായിരുന്നു. പശ്ചിമ ബംഗാളിലെ സുരേന്ദ്രനാഥ് കോളേജിലാണ് സംഭവം. മഴക്കാല പൂർവ്വ ശുചീകരണത്തിന്‍റെ ഭാഗമായി കൊൽക്കത്ത കോർപ്പറേഷന്‍റെ നിർദ്ദേശപ്രകാരം കാമ്പസിൽ നടത്തിയ ശുചീകരണ പ്രവർത്തനങ്ങൾക്കിടയിലാണ് അലമാരയ്ക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ പെട്ടികൾ കണ്ടെത്തിയത്.

കൂടുതലും 100, 500 രൂപ നോട്ടുകളാണ് പെട്ടികളിൽ ഉണ്ടായിരുന്നത്. ചിതലെടുത്ത് പരസ്പരം ഒട്ടിപ്പിടിച്ച നിലയിലായതിനാൽ കൃത്യം എത്ര തുകയുണ്ടെന്ന് വ്യക്തമല്ലെങ്കിലും ഒരു ലക്ഷത്തിലേറെ രൂപയുണ്ടെന്ന് പൊലീസ് അറിയിച്ചു. സ്ഥലത്തെത്തി നോട്ടുകളും അനുബന്ധ രേഖകളും കസ്റ്റഡിയിലെടുത്ത പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. പണം കണ്ടെടുത്തതിന് പിന്നാലെ കോളേജിൽ നടത്തിയ തുടർ പരിശോധനയിൽ തൃണമൂൽ കോൺഗ്രസ് നേതാവിന്റെതെന്ന് ആരോപിക്കപ്പെടുന്ന ഒരു 'രഹസ്യ മുറി'യും ഉദ്യോഗസ്ഥർ കണ്ടെത്തി. കോളേജിന്റെ ടെറസിലേക്ക് കടക്കുന്ന ഭാഗത്തായിരുന്നു അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഈ മുറി സജ്ജീകരിച്ചിരുന്നത്. എയർ കണ്ടീഷണറും കട്ടിലുമൊക്കെ ഉണ്ടായിരുന്ന ഈ മുറിക്കുള്ളിൽ നിന്ന് ഒരു തോക്കും പൊലീസ് കണ്ടെടുത്തു.

യൂണിയൻ റൂമിൽ നിന്ന് കറൻസി നോട്ടുകൾ പിടിച്ചെടുത്ത സംഭവം ബംഗാളിൽ വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി. കോളേജ് യൂണിയൻ ഭാരവാഹികളായിരുന്ന തൃണമൂൽ കോൺഗ്രസിന്‍റെ വിദ്യാർത്ഥി നേതാക്കൾക്കെതിരെ കടുത്ത അഴിമതി ആരോപണവുമായി ബിജെപി രംഗത്തെത്തി. കോളേജ് പ്രവേശനത്തിന്‍റെ പേരിൽ വിദ്യാർത്ഥികളിൽ നിന്ന് പിരിച്ചെടുത്ത കോഴപ്പണമാണിതെന്നും യൂണിയൻ ഓഫീസ് ദുരുപയോഗം ചെയ്ത ടിഎംസി നേതാക്കളെ ഉടനടി അറസ്റ്റ് ചെയ്യണമെന്നും ബിജെപി ആവശ്യപ്പെടുന്നു. ആരാണ് ഈ പണം യൂണയിൻ ഓഫീസിൽ സൂക്ഷിച്ചത്, തോക്ക് കാമ്പസിനുള്ളിൽ എങ്ങനെ എത്തി എന്നതിനെക്കുറിച്ചെല്ലാം അന്വേഷണം പുരോഗമിക്കുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മാസവരുമാനം 10 ലക്ഷം, വാടക കൂടുതൽ കിട്ടാനായി രണ്ട് നില കൂട്ടിച്ചേർത്തു; ആറ് പേർ മരിച്ച ദില്ലി സാകേത് അപകടത്തിൽ പൊലീസിൻ്റെ കണ്ടെത്തൽ
അടിയില്ല, ചോര ചീന്തിയില്ല; 2018 ൽ പണികഴിപ്പിച്ച തൃണമൂൽ ഓഫീസ് ബിജെപിക്ക് സമ്മാനിച്ചു; ജനങ്ങളുടെ ആവശ്യം നിറവേറ്റാനെന്ന് നേതാവ്