
ദില്ലി: ജമ്മു കശ്മീരിലെ കുൽഗാമിൽ ദേശീയപാത 44-ലുള്ള സി.ആർ.പി.എഫ് ചെക്ക് പോസ്റ്റിന് നേരെ ഭീകരാക്രമണം. ബൈക്കിലെത്തിയ ഭീകരർ സി.ആർ.പി.എഫ് ബൂത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ മൂന്ന് സി.ആർ.പി.എഫ് ജവാന്മാർക്ക് പരിക്കേറ്റു. പ്രദേശത്ത് വെടിയൊച്ച കേട്ടതായി നാട്ടുകാർ സ്ഥിരീകരിച്ചു. ലഷ്‌കർ-ഇ-തൊയ്ബ ബന്ധമുള്ള തദ്ദേശീയരായ ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ആക്രമണത്തിന് ശേഷം രക്ഷപ്പെട്ട ഭീകരർക്കായി സുരക്ഷാ സേന പ്രദേശത്ത് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. ആക്രമണത്തിൽ പരിക്കേറ്റ രാകേഷ് ദാസ്, സന്തോഷ് ചന്ദ്രു, സോംവീർ സിങ് എന്നീ ജവാന്മാരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. മൂന്ന് പേരുടെയും ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നും അവർ അപകടനില തരണം ചെയ്തതായും അധികൃതർ അറിയിച്ചു.
വയറിലും നട്ടെല്ലിലും വെടിയേറ്റ സന്തോഷ് ചന്ദ്രുവിനെ ശസ്ത്രക്രിയയ്ക്കായി ഓപ്പറേഷൻ തിയേറ്ററിലേക്ക് മാറ്റിയിട്ടുണ്ട്. അനന്ത്നാഗ് ഡെപ്യൂട്ടി കമ്മീഷണർ ആശുപത്രിയിലെത്തി പരിക്കേറ്റ ജവാന്മാരെ സന്ദർശിച്ച് ചികിത്സാ സൗകര്യങ്ങൾ വിലയിരുത്തി. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉന്നതതല സുരക്ഷാ യോഗം വിളിച്ചു ചേർത്തു. കശ്മീരിലെ നിലവിലെ സുരക്ഷാ സ്ഥിതിഗതികൾ സി.ആർ.പി.എഫ് ആഭ്യന്തര മന്ത്രാലയത്തെ ധരിപ്പിച്ചിട്ടുണ്ട്. സമീപകാലത്തായി ജമ്മു കശ്മീരിൽ സി.ആർ.പി.എഫിന് കൂടുതൽ സുരക്ഷാ ചുമതലകൾ നൽകിയിരുന്ന സാഹചര്യത്തിലാണ് ഈ ആക്രമണം. യോഗത്തിൽ മേഖലയിലെ സുരക്ഷാ ക്രമീകരണങ്ങൾ വിശദമായി വിലയിരുത്തും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam