ഡിഎസ്പിക്കൊപ്പം സഞ്ചരിച്ച തീവ്രവാദികൾ റിപ്പബ്ലിക് ദിനത്തിൽ ആക്രമണത്തിന് പദ്ധതിയിട്ടു: ഇന്റലിജൻസ്

By Web TeamFirst Published Jan 14, 2020, 9:41 AM IST
Highlights

തീവ്രവാദികളെ ദില്ലിയിൽ എത്തിക്കുന്നതിന് 12 ലക്ഷം രൂപ കൈപ്പറ്റിയതായി ചോദ്യം ചെയ്യലിൽ ദേവീന്ദർ സിംഗ് സമ്മതിച്ചെന്ന് ജമ്മു കശ്മീർ ഐജി അറിയിച്ചു.

ദില്ലി: ജമ്മു കശ്മീരിൽ അറസ്റ്റിലായ ഡിഎസ്പിക്കൊപ്പം സഞ്ചരിച്ച തീവ്രവാദികൾ റിപ്പബ്ലിക് ദിനത്തിൽ ദില്ലിയിൽ ആക്രമണം ആസൂത്രണം ചെയ്തിരുന്നതായി ഇന്റലിജൻസ് വൃത്തങ്ങൾ. തീവ്രവാദികളെ ദില്ലിയിൽ എത്തിക്കുന്നതിന് 12 ലക്ഷം രൂപ കൈപ്പറ്റിയതായി ചോദ്യം ചെയ്യലിൽ ദേവീന്ദർ സിംഗ് സമ്മതിച്ചെന്ന് ജമ്മു കശ്മീർ ഐജി അറിയിച്ചു. ബാനിഹാള്‍ തുരങ്കം കടക്കുന്നതിനാണ് ദേവീന്ദർ സിം​ഗ് ഭീകരരിൽ നിന്ന് പണം വാങ്ങിച്ചത്.

അതേസമയം, ഹിസ്ബുള്‍ ഭീകരർക്കൊപ്പം ജമ്മുകശ്മീര്‍ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിലായ സംഭവം എൻഐഎ അന്വേഷിക്കും. അറസ്റ്റിലായ ഡിഎസ്‍പി ദേവീന്ദർ സിങ്ങിന് തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ശനിയാഴ്‍ച ഹിസ്ബുള്‍ ഭീകരര്‍ക്കൊപ്പം ദില്ലിയിലേക്കുള്ള കാർ യാത്രയ്ക്കിടെയാണ് ഡെപ്യൂട്ടി പൊലീസ് സുപ്രണ്ട് ദേവീന്ദ്രര്‍ സിംഗ് പിടിയിലായത്. കാർ യാത്രയിൽ കൂടെയുണ്ടായിരുന്ന ഹിസ്ബുള്‍ ഭീകരൻ നവീദ് ബാബുവിനെയും സംഘത്തേയും കശ്മീർ അതിർത്തി കടക്കാൻ ദേവീന്ദർ സിംഗ് സഹായിക്കുകയായിരുന്നെന്ന് പൊലീസ് വൃത്തങ്ങൾ പറയുന്നു. 

ആരാണ് ദേവീന്ദർ സിങ് ? 

കശ്മീർ താഴ്വരയിലെ സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പിൽ ദീർഘകാലം സേവനമനുഷ്ഠിച്ച പശ്ചാത്തലമുള്ള പൊലീസുകാരനാണ് ദേവീന്ദർ സിങ്. കൊടിയ പീഡനങ്ങളുടെയും, നിർദ്ദയമുള്ള കൊലപാതകങ്ങളുടെയും, ബലാത്സംഗങ്ങളുടെയും പേരിൽ മനുഷ്യാവകാശ സംഘടനകൾ എന്നും സംശയത്തിന്റെ നിഴലിൽ നിർത്തിയിട്ടുള്ള പൊലീസിന്റെ നുഴഞ്ഞുകയറ്റ വിരുദ്ധ വിഭാഗമാണ് സ്‌പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ്. 

 ഡി‌എസ്‌പി ദേവീന്ദർ സിംഗ്, അഫ്‍സല്‍ ഗുരുവിനെ പീഡിപ്പിച്ച, ദില്ലിയിൽ ഭീകരർക്ക് സഹായം ചെയ്യാൻ പ്രേരിപ്പിച്ച, പൊലീസിലെ ഒറ്റുകാരനോ?

click me!