
ദില്ലി: ജമ്മു കശ്മീരിൽ പുൽവാമ മോഡൽ ആക്രമണത്തിന് ഭീകരർ പദ്ധതി ഇടുന്നെന്ന് ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകി അമേരിക്കയും പാക്കിസ്ഥാനും. രഹസ്യാന്വേഷണ വിവരം പാക്കിസ്ഥാൻ ഇന്ത്യയ്ക്ക് കൈമാറിയെന്നാണ് റിപ്പോർട്ട്. അവന്തിപുരയ്ക്ക് സമീപത്ത് ഭീകരാക്രമണം നടത്താൻ പദ്ധതി എന്നാണ് പാക്കിസ്ഥാൻ മുന്നറിയിപ്പ് നല്‍കിയത്.
ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷനാണ് പാക്കിസ്ഥാന്‍റെ വിവരം കൈമാറിയത്. ഈ വിവരം പാക്കിസ്ഥാൻ അമേരിക്കയ്ക്കും കൈമാറിയിരുന്നു. ഇതേ തുടർന്ന് അമേരിക്കയും ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകി. മുന്നറിയിപ്പിന് പിന്നാലെ ജമ്മു കശ്മീരിൽ സുരക്ഷ ശക്തമാക്കി. സ്‌ഫോടക വസ്തു നിറച്ച വാഹനം ഉപയോഗിച്ച് ആക്രമണം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.
ഷാങ്ഹായ് ഉച്ചകോടിയിൽ ഭീകരവാദത്തിനെതിരെ നടപടിയെടുത്തില്ലെങ്കിൽ ചർച്ചക്കില്ലെന്ന് ഇന്ത്യ പാക്കിസ്ഥാനെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാക്കിസ്ഥാന്‍റെ ഭാഗത്ത് നിന്ന് മുന്നറിയിപ്പുണ്ടായതെന്നും ശ്രദ്ധേയമാണ്.
ജമ്മു കാശ്മീരിൽ പുൽവാമ ജില്ലയിലെ അവാന്തിപുരക്കടുത്ത് സുരക്ഷാ ഉദ്യോഗസ്ഥരുമായി സഞ്ചരിച്ചിരുന്ന വാഹനങ്ങൾക്കു നേരെ 2019 ഫെബ്രുവരി പതിനാലാം തീയതി, തീവ്രവാദികൾ മനുഷ്യബോംബ് ആക്രമണം നടത്തിയിരുന്നു. 49 സി.ആർ.പി.എഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്താനിലെ തീവ്രവാദ സംഘടനയായ ജെയ്‌ഷ് ഇ മൊഹമ്മദ് ഏറ്റെടുത്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam