
ദില്ലി: ശ്രീലങ്കയിലെ രാഷ്ട്രീയ പ്രതിസന്ധി ചർച്ച ചെയ്യാന്‍ വിളിച്ച സർവകക്ഷി യോഗത്തില്‍ സംസ്ഥാനങ്ങളുടെ ധനസ്ഥിതി അവതരിപ്പിച്ച് കേന്ദ്രസർക്കാര്‍. ശ്രീലങ്കയിലെ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ജാഗ്രത വേണമെന്ന് സർക്കാർ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചത്. കേരളം അടക്കമുള്ള കടബാധ്യത കുടുതല്‍ ഉള്ള സംസ്ഥാനങ്ങളുടെ ധനസ്ഥിതി യോഗത്തില്‍ അവതരിപ്പിച്ചു. എന്നാല്‍ പ്രതിപക്ഷ സംസ്ഥാനങ്ങളിലെ എംപിമാർ ധനസ്ഥിതി അവതരിപ്പിക്കുന്നതിനെ എതിര്‍ത്തു. ശ്രീലങ്കയെ സാമ്പത്തികമായി സഹായിക്കണമെന്നും എംപിമാര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. ശ്രീലങ്കയോട് അനുഭാവപൂര്‍ണമായ നിലപാടാണ് രാജ്യത്തിനെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ വ്യക്തമാക്കി.
ശ്രീലങ്കയിൽ നിന്ന് ഏഴ് അഭയാർത്ഥികൾ കൂടി രാമേശ്വരത്ത് എത്തി
ശ്രീലങ്കയിൽ നിന്ന് ഏഴ് അഭയാർത്ഥികൾ കൂടി തമിഴ്നാട്ടിലെ രാമേശ്വരത്ത് എത്തി. ജാഫ്നയിലെ രണ്ട് കുടുംബങ്ങളിൽ നിന്നുള്ള മൂന്ന് കുട്ടികളടങ്ങുന്ന സംഘമാണ് ഇന്നെത്തിയത്. രാമേശ്വരം സാൻഡ്ബാർ പ്രദേശത്തെ മണൽത്തിട്ടയിൽ ഇവരെ കൊണ്ടുവന്ന ബോട്ടുകാർ ഇറക്കിവിടുകയായിരുന്നു. തീരസംരക്ഷണസേനയുടെ പട്രോളിംഗിനിടെ കണ്ണിൽപ്പെട്ട അഭയാർത്ഥികളെ കോസ്റ്റ്ഗാർഡ് ഹോവർക്രാഫ്റ്റിലാണ് തീരത്ത് എത്തിച്ചത്. ഏഴ് പേരെയും മണ്ഡപം അഭയാർത്ഥി ക്യാമ്പിലേക്ക് മാറ്റി. ശ്രീലങ്കൻ സാമ്പത്തിക പ്രതിസന്ധി തുടങ്ങിയതിന് ശേഷം ഇന്ത്യയിലെത്തിയ അഭയാർഥികളുടെ എണ്ണം ഇതോടെ 123 ആയി.
ഒരു വര്‍ഷത്തിനകം ശ്രീലങ്കന്‍ സമ്പദ് വ്യവസ്ഥയെ സുസ്ഥിരമാക്കും: റെനില്‍ വിക്രമസിംഗെ
ഒരു വര്‍ഷത്തിനകം ശ്രീലങ്കന്‍ സമ്പദ് വ്യവസ്ഥയെ സുസ്ഥിരമാക്കുമെന്ന് ആക്ടിങ് പ്രസിഡന്‍റ് റെനില്‍ വിക്രമസിംഗെ. 2024 ഓടെ വളര്‍ച്ചയുള്ള സമ്പദ് വ്യവസ്ഥയിലേക്ക് നീങ്ങാന്‍ കഴിയുമെന്നും ഇതിനായാണ് തന്‍റെ ശ്രമമമെന്നും റെനില്‍ വിക്രമസിംഗെ വ്യക്തമാക്കി. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചുള്ള വിവരങ്ങള്‍ ഗോത്തബയെ സര്‍ക്കാര്‍ മറച്ചുവച്ചുവെന്നും ഇത് സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാക്കിയെന്നും റെനില്‍ വിക്രമസിംഗെ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam