രാവിലെ ജിമ്മിൽ വ്യായാമം ചെയ്യുകയായിരുന്ന കൗൺസിലറുടെ നേര്‍ക്ക് അവിടെയെത്തിയ അക്രമി വെടിയുതിർക്കുകയായിരുന്നു. വ്യക്തി വിരോധമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം
ചണ്ഡീഗഡ്: പഞ്ചാബിൽ ആം ആദ്മി കൗൺസിലറെ വെടിവച്ചു കൊന്നു. മലേർകോട്ട ജില്ലയിലെ കൗൺസിലർ മുഹമ്മദ് അക്ബർ ആണ് കൊല്ലപ്പെട്ടത്. രാവിലെ ജിമ്മിൽ വ്യായാമം ചെയ്യുകയായിരുന്ന കൗൺസിലറുടെ നേര്‍ക്ക് അവിടെയെത്തിയ അക്രമി വെടിയുതിർക്കുകയായിരുന്നു. വ്യക്തി വിരോധമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
കോൺഗ്രസ് നേതാവും പ്രമുഖ ഗായകനുമായ സിദ്ദു മൂസേവാലയുടെ കൊലപാതകത്തിന്‍റെ ആഘാതം മാറും മുമ്പാണ് പുതിയ സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ മെയിലായിരുന്നു സിദ്ദു മൂസേവാല വെടിയേറ്റ് മരിച്ചത്. പഞ്ചാബ് മാന്‍സയിലെ ജവഹര്‍കേയിലെയിൽ വച്ചായിരുന്നു സംഭവം. എഎപി സർക്കാർ സുരക്ഷ പിൻവലിച്ച് 24 മണിക്കൂറിനുള്ളിലാണ് മൂസേവാല വെടിയേറ്റ് മരിച്ചത്. മാനസയിൽ നിന്ന് സ്വന്തം ഗ്രാമത്തിലേക്ക് കാറിൽ സുഹൃത്തുക്കൾക്കൊപ്പം സഞ്ചരിക്കവേയായിരുന്നു ആക്രമണം.
കാറിന് നേരെ മുപ്പത് റൌണ്ടാണ് ആക്രമികൾ വെടിവെച്ചത്. ആശുപത്രിയിൽ എത്തിക്കും മുൻപേ തന്നെ മൂസേവാല മരണത്തിന് കീഴടങ്ങി. ഇരുപത്തിയെട്ടുകാരനായ മൂസേവാല പഞ്ചാബ് റാപ്പ് ഗാനലോകത്തെ മിന്നും താരമായിരുന്നു. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മാന്‍സയില്‍ നിന്ന് മത്സരിച്ചിരുന്നെങ്കിലും ആം ആദ്മി പാര്‍ട്ടിയുടെ ഡോ. വിജയ് സിംഗ്ലയോട് പരാജയപ്പെട്ടിരുന്നു. പഞ്ചാബില്‍ 424 വിഐപികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന സുരക്ഷ സര്‍ക്കാര്‍ പിന്‍വലിച്ചതിന് പിന്നാലെയായിരുന്നു മൂസേവാലയുടെ കൊലപാതകം.
ഫാസില്‍ വധക്കേസില്‍ പ്രധാന പ്രതികളിലൊരാള്‍ അറസ്റ്റില്‍
മംഗളൂരു: മംഗളൂരു ഫാസില്‍ വധക്കേസില്‍ പ്രധാന പ്രതികളിലൊരാള്‍ അറസ്റ്റില്‍. കൊലപാതകസംഘം എത്തിയ കാറോടിച്ച മംഗളൂരു സ്വദേശിയാണ് പിടിയിലായത്. യുവമോര്‍ച്ച പ്രവര്‍ത്തകന്‍റെ കൊലപാതകത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പൊലീസ് ഉടന്‍ എന്‍ഐഎയ്ക്ക് കൈമാറും. മംഗളൂരുവില്‍ അതീവ ജാഗ്രത തുടരുകയാണ്.
വെളുത്ത ഹ്യുണ്ടായ് കാറില്‍ മുഖം മൂടി ധരിച്ചെത്തിയ നാലംഗ സംഘമാണ് ഫാസിലിനെ വെട്ടിക്കൊന്നത്. ഈ കാര്‍ ഓടിച്ചിരുന്ന മംഗ്ലൂരു സ്വദേശി അജിത്ത് ഡിസൂസയാണ് അറസ്റ്റിലായത്. ആസൂത്രിതമായ കൊലപാതകമെന്നാണ് പൊലീസ് നിഗമനം. പ്രതികള്‍ക്ക് സഹായം നല്‍കി അഞ്ച് പേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. സംഘപരിവാര്‍ യുവജനസംഘടനാ പ്രവര്‍ത്തകരായ 21 പേര്‍ കസ്റ്റിഡിയിലുണ്ട്.
പ്രാദേശിക പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുമായി അടുപ്പമുണ്ടായിരുന്നയാളാണ് കൊല്ലപ്പെട്ട ഫാസില്‍. യുവമോര്‍ച്ച പ്രവര്‍ത്തകന്‍റെ കൊലപാതകത്തിലെ പ്രതികാരമെന്നാണ് പൊലീസ് സംശയിക്കുന്നത്. അതേസമയം യുവമോര്‍ച്ച പ്രവര്‍ത്തകന്‍റെ കൊലപാതകത്തില്‍ പ്രതികളുടെ കേരളാ ബന്ധം പൊലീസ് പരിശോധിക്കുകയാണ്. പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ പ്രവര്‍ത്തകരാണ് പ്രതികള്‍.
സംഘര്‍ഷസാധ്യത കണക്കിലെടുത്ത് ക്രമസമാധാന ചുമതലയുള്ള എഡിജിപി അടക്കം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ മംഗ്ലൂരുവില്‍ ക്യാമ്പ് ചെയ്യുകയാണ്. കമ്മീഷ്ണര്‍ വിളിച്ച സമാധാന യോഗം മുസ്ലീം സംഘടനകള്‍ ബഹിഷ്കരിച്ചിരുന്നു. യുവമോര്‍ച്ച പ്രവര്‍ത്തകന്‍റെ വീട്ടിലെത്തിയ മുഖ്യമന്ത്രി ഫാസിലിന്‍റെ കുടുംബത്തെ അവഗണിച്ചുവെന്ന് പരാതിപ്പെട്ടായിരുന്നു ഇത്. വിഎച്ച്പി ബജറംഗ്ദള്‍ സംഘടനകളും യോഗത്തില്‍ നിന്നും വിട്ടുനിന്നിരുന്നു. ഇതിനിടെ പോപ്പുലര്‍ ഫ്രണ്ട് , എസ്ഡിപിഐ സംഘടനകളെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സംഘപരിവാര്‍ സംഘടനകളുടെ പ്രതിഷേധവും തുടരുകയാണ്.
