
ഗോവ: ഗോവയിൽ നാലു വയസ്സുള്ള മകനെ കൊന്ന കേസിൽ കുറ്റപത്രം തയ്യാറാക്കി പൊലീസ്. ശ്വാസംമുട്ടിയാണ് കുട്ടി മരിച്ചതെന്നും കുട്ടിയുടെ ശരീരത്തിൽ വിഷം കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് കുറ്റപത്രത്തിൽ പറയുന്നു. അതേസമയം, കുട്ടിയുടെ അമ്മയായ സുചനയ്ക്ക് കഠിനമായ ഹൃദയമാണുള്ളതെന്നും ഇവർ അന്വേഷണത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചെന്നും കുറ്റപത്രത്തിൽ പറയുന്നു. 642 പേജുള്ള കുറ്റപത്രം ഗോവയിലെ പനാജി ചിൽഡ്രൻസ് കോടതിയിലാണ് പൊലീസ് സമർപ്പിച്ചിട്ടുള്ളത്. ബെംഗളൂരുവിലെ സ്റ്റാർട്ടപ്പ് സിഇഒ സുചന സേഥാണ് തന്റെ കുഞ്ഞിനെ കൊലപ്പെടുത്തിയത്.
കേസിൽ 59 സാക്ഷികളാണുള്ളത്. ഫോറൻസിക് വിദ്ഗ്ധർ കണ്ടെടുത്ത കുറിപ്പ് പ്രധാന തെളിവാണ്. കർണാടകയിൽ നിന്ന് മകൻ്റെ മൃതദേഹം കണ്ടെടുത്ത ട്രോളി ലഗേജ് ബാഗിൽ നിന്ന് സുചന എഴുതിയതെന്ന് കരുതപ്പെടുന്ന കുറിപ്പാണിത്. ഇതിൽ കുട്ടിക്ക് പിതാവിൻ്റെ അടുത്തേക്ക് മടങ്ങാൻ താൽപ്പര്യമില്ലെന്നാണ് പറയുന്നത്. പോസ്റ്റ്‌മോർട്ടം നടത്തിയ മെഡിക്കൽ ഓഫീസർ പറയുന്നതനുസരിച്ച് കുട്ടിയുടെ മരണകാരണം ശ്വാസംമുട്ടിയാണെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്.
നാല് വയസുള്ള സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാൻ ശ്രമിച്ചെന്ന് സ്റ്റാർട്ടപ്പ് സിഇഒ സുചന സേഥ് മൊഴി നൽകിയിരുന്നു. സുചനയുടെ കയ്യിൽ കത്തി കൊണ്ട് വരച്ചതിന്‍റെ പാടുകളുണ്ട്. കുഞ്ഞിനെ തലയിണ കൊണ്ട് ശ്വാസം മുട്ടിച്ചാണ് കൊന്നതെന്നും സുചന പൊലീസിന് മൊഴി നൽകിയിരുന്നു. മകനെ കൊല്ലാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും പെട്ടെന്നുള്ള ദേഷ്യത്തിൽ തലയിണ എടുത്ത് മുഖത്ത് അമർത്തിയതാണ് എന്നുമാണ് സുചന പൊലീസിനോട് പറഞ്ഞത്. കുഞ്ഞ് മരിച്ചെന്ന് കണ്ടപ്പോൾ പരിഭ്രാന്തയായി. കുറേ നേരം കുഞ്ഞിനരികെ ഇരുന്നു. പിന്നെ കത്തിയെടുത്ത് കൈത്തണ്ട മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. നോർത്ത് ഗോവയിലെ കോണ്ടോലിമിലുള്ള സർവീസ് അപ്പാർട്ട്മെന്‍റിലെ കിടക്കയിൽ കണ്ട രക്തക്കറ സുചനയുടെ തന്നെ രക്തമാണെന്ന് പൊലീസ് വ്യക്തമാക്കി. കുഞ്ഞിനെ അച്ഛനും കുടുംബവും കാണാതിരിക്കാനാണ് ഗോവയിലേക്ക് പോയതെന്നാണ് സുചന പറയുന്നത്.
2010-ലാണ് സുചനയും ഭർത്താവ് വെങ്കട്ട രമണനും വിവാഹിതരായത്. 2019-ലാണ് കുഞ്ഞ് ജനിക്കുന്നത്. പിന്നീട് ഇരുവരും പിരിഞ്ഞു. വിവാഹമോചനക്കേസ് അതിന്‍റെ അന്തിമഘട്ടത്തിലാണ്. ജനുവരി 8-ന് വെങ്കട്ടരമണൻ ജക്കാർത്തയിൽ നിന്ന് കുഞ്ഞുമായി വീഡിയോ കോളിൽ സംസാരിച്ചിരുന്നതാണ്. പിന്നെ വിളിച്ചിട്ട് ഫോണിൽ കിട്ടിയില്ല. മരണവിവരം അറിഞ്ഞ് വെങ്കട്ട രമണൻ ചിത്രദുർഗയിലെ ആശുപത്രിയിലെത്തി കുഞ്ഞിന്‍റെ മൃതദേഹം കണ്ടിരുന്നു. പോസ്റ്റ്‍മോർട്ടത്തിന് ശേഷം കുഞ്ഞിന്‍റെ മൃതദേഹം വെങ്കട്ടരമണന് വിട്ട് നൽകി. വെങ്കട്ടരമണന്‍റെ മൊഴി രേഖപ്പെടുത്തിയിരുന്നു. കുഞ്ഞിന്‍റെ മൃതദേഹവുമായി കുടുംബം ബെംഗളുരുവിലേക്കും തിരിക്കുകയായിരുന്നു.
https://www.youtube.com/watch?v=Ko18SgceYX8