Asianet News MalayalamAsianet News Malayalam

വിശ്വസിച്ചെത്തിയവരുടെ ഇൻഷുറൻസ് തുക അടക്കം തട്ടി വക്കീൽ, നുണ പരിശോധന പണിയായി, ഒടുവിൽ 40 വർഷം തടവ് ശിക്ഷ

ഏറ്റവും നിരാലംബരും ദുർബലരുമായ ആളുകളിൽ നിന്ന് മോഷ്ടിച്ചുവെന്നതാണ് വക്കിലിന്റെ കുറ്റമെന്ന് കോടതി വ്യക്തമാക്കി. ഭാര്യയേും മകനേയും കൊല ചെയ്ത കേസിൽ നിന്ന് തടിയെടുക്കാനായി നടത്തിയ നുണ പരിശോധനയിലാണ് ഇയാൾ ചെയ്ത മറ്റ് കുറ്റകൃത്യങ്ങൾ പുറത്തായത്

advocates who financially frauds clients insurance money gets 40 years in prison and life sentence for murder
Author
First Published Apr 2, 2024, 8:31 AM IST

സൌത്ത് കരോലിന: വാഹന അപകടങ്ങൾ അടക്കം ഇൻഷുറൻസ് സംബന്ധിയായ നിയമ സഹായം നൽകിയിരുന്ന സ്ഥാപനത്തിലെ ജോലിക്കിടയിൽ പരാതിയുമായി എത്തിയവരിൽ നിന്നും സ്ഥാപനത്തിൽ നിന്നും പണം അപഹരിച്ച വക്കീലിന് 40 വർഷം തടവ് ശിക്ഷ. മകനെയും ഭാര്യയേയും കൊലപ്പെടുത്തിയ കേസിലെ വിചാരണയ്ക്കിടെയാണ് 55കാരനായ വക്കീലിന്റെ കൂടുതൽ കുറ്റകൃത്യങ്ങൾ പുറത്ത് വന്നത്. കൊലപാതക കേസിൽ പരോൾ കൂടാതെ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നതിനിടയിലാണ് അലക്സ് മർഡോ എന്ന അഭിഭാഷകന് കൂടുതൽ തടവ് ശിക്ഷ ലഭിച്ചത്.

സൌത്ത് കരോലിനയിലാണ് സംഭവം. തന്റെ നിയമ സ്ഥാപനത്തിന്റെ പേരിൽ ഇൻഷുറൻസ് കേസുമായി എത്തുന്നവരിൽ നിന്ന് ഇയാൾ പണം തട്ടിയതായി കോടതി കണ്ടെത്തിയിരുന്നു. വാഹന അപകടത്തിൽ പരിക്കേറ്റവരുടേയും കൊല്ലപ്പെട്ടവരുടേയും ബന്ധുക്കൾ, സർവ്വീസിലിരിക്കെ മരിച്ചു പോയവരുടെ ബന്ധുക്കൾ എന്നിവരാണ് ഇയാളുടെ തട്ടിപ്പിന് ഇരയായതിൽ ഏറെയും. ഇയാളെ തുടർന്ന് അഭിഭാഷക ജോലി ചെയ്യുന്നതിനും കോടതി വിലക്കിയിട്ടുണ്ട്. സാമ്പത്തിക തട്ടിപ്പുകൾക്ക് 27 വർഷമാണ് തടവ് ശിക്ഷ അനുഭവിക്കേണ്ടത്. ഏറ്റവും നിരാലംബരും ദുർബലരുമായ ആളുകളിൽ നിന്ന് മോഷ്ടിച്ചുവെന്നതാണ് വക്കിലിന്റെ കുറ്റമെന്ന് കോടതി വ്യക്തമാക്കി.

പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് പ്രതീക്ഷ നൽകിയായിരുന്നു ഇയാൾ തട്ടിപ്പ് നടത്തിയതെന്നും കോടതി നിരീക്ഷിച്ചു. 750442500 രൂപ ഇയാൾ നഷ്ടപരിഹാരം നൽകണമെന്നും കോടതി വ്യക്തമാക്കി. സ്വന്തം വീട്ടുജോലിക്കാരിയുടെ കുടുംബത്തെ അവരുടെ മരണത്തിന് ശേഷം സംരക്ഷിക്കാമെന്ന ഉറപ്പ് നൽകിയും ഇയാൾ വൻതുക തട്ടിച്ചെടുത്തിരുന്നു. രണ്ട് ഡസനിലേറെ ആളുകളെയാണ് ഇയാൾ പറ്റിച്ചത്. ഒരു വർഷം മുൻപാണ് ഭാര്യയേയും മകനേയും വെടിവച്ച് കൊലപ്പെടുത്തിയതിന് ഇയാൾ പിടിയിലായത്. ഈ കേസിൽ 55കാരന്റെ നിരപരാധിത്വം വെളിപ്പെടുത്താൻ നടത്തിയ നുണ പരിശോധനയാണ് ഇയാളുടെ മറ്റ് സാമ്പത്തിക തട്ടിപ്പുകളേക്കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകിയത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios