
ദില്ലി: മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ പ്രസിഡന്‍റ് അംഗീകരിച്ചിട്ടില്ലെന്ന് യെമന്‍. വധശിക്ഷക്ക് അംഗീകാരം നല്‍കിയത് ഹൂതി സുപ്രീം കൗണ്‍സിലാണെന്നും ദില്ലിയിലെ യെമന്‍ എംബസി വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. യെമന്‍ പ്രസിഡന്‍റ് വധശിക്ഷക്ക് അംഗീകാരം നല്‍കിയെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു എംബസി.
നിമിഷ പ്രിയയുടെ വധശിക്ഷ പ്രസിഡന്‍റ് റാഷദ് അല്‍ അലിമി അംഗീകരിച്ചിട്ടില്ലെന്നാണ് യെമന്‍ എംബസി വ്യക്തമാക്കുന്നത്. കേസ് സംബന്ധമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് ഹൂതി നിയമ സംവിധാനങ്ങളാണെന്നാണ് വാര്‍ത്താകുറിപ്പിലെ വിശദീകരണം. ഹൂതികളുടെ നിയന്ത്രണത്തിലുള്ള വടക്കന്‍ യെമനിലാണ് കുറ്റകൃത്യം നടന്നത്. നിമിഷ പ്രിയ കഴിയുന്ന ജയിലും അവരുടെ നിയന്ത്രണ മേഖലയിലാണ്. ഹൂതി സുപ്രീം പൊളിറ്റിക്കല്‍ കൗണ്‍സില്‍ നേതാവും വിമത പ്രസിഡന്‍റുമായ മെഹ്ദി അല്‍ മഷാദാണ് വധശിക്ഷ അംഗീകരിച്ചതെന്നും യെമന്‍ വ്യക്തമാക്കി.
യെമന്‍ പ്രസിഡന്‍റ് റാഷദ് അല്‍ അലിമി വധശിക്ഷക്ക് അംഗീകാരം നല്‍കിയെന്നുും ഒരു മാസത്തിനുള്ളില്‍ നടപ്പാക്കുമെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. പിന്നാലെ നിമിഷ പ്രിയക്കായി അമ്മ പ്രേമകുമാരി വീണ്ടും സഹായം അഭ്യര്‍ത്ഥിക്കുന്ന ദൃശ്യവും പുറത്ത് വന്നു. പിന്തുണ ഉറപ്പ് നല്‍കിയ വിദേശകാര്യ മന്ത്രാലയം പക്ഷേ വധശിക്ഷ ശരിവച്ചെന്ന റിപ്പോര്‍ട്ട് എവിടെയും ഉദ്ധരിച്ചിരുന്നില്ല. ഇന്ത്യയിലെത്തിയ ഇറാന്‍ വിദേശകാര്യ സഹമന്ത്രിയുടെ സംഘത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ വിഷയത്തില്‍ ഇടപെടാമെന്ന് പ്രതികരിച്ചിരുന്നു. ഹൂതി വിഭാഗത്തിന് ഇറാന്‍റെ പിന്തുണയുണ്ട്. 2017 ജൂലൈയില്‍ അറസ്റ്റിലായ നിമിഷ പ്രിയക്ക് 2020ലാണ് വധശിക്ഷ വിധിച്ചത്. നിമിഷപ്രിയ നല്‍കിയ അപ്പീലുകളെല്ലാം തള്ളിയിരുന്നു. ബ്ലഡ് മണിയുടെ രണ്ടാം ഘട്ടം നല്‍കുന്നത് തടസപ്പെട്ടതിന് പിന്നാലെയാണ് യെമന്‍ പ്രസിഡന്‍റ് വധശിക്ഷ ശരിവച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്.
https://www.youtube.com/watch?v=Ko18SgceYX8
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam