കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ തരൂരിനെ ഉള്‍പ്പെടുത്താന്‍ കടുത്ത സമ്മര്‍ദ്ദം,നിര്‍ണായക ചര്‍ച്ച മറ്റന്നാള്‍

Published : Oct 22, 2022, 02:30 PM IST
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍  തരൂരിനെ ഉള്‍പ്പെടുത്താന്‍  കടുത്ത സമ്മര്‍ദ്ദം,നിര്‍ണായക ചര്‍ച്ച മറ്റന്നാള്‍

Synopsis

ഭാരത് ജോഡ് യാത്രക്കിടെ മറ്റന്നാള്‍ ദില്ലിയിലെത്തുന്ന രാഹുല്‍ഗാന്ധിയോടും, സോണിയ ഗാന്ധിയോടും മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ ചര്‍ച്ച നടത്തും. കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി നേതൃസ്ഥാനത്ത്  നിന്ന് സോണിയ  ഗാന്ധി മാറുമോയെന്നതിലും ചര്‍ച്ചകള്‍ സജീവം

ദില്ലി:കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ ശശി തരൂരിനെ ഉള്‍പ്പെടുത്താന്‍ നേതൃത്വത്തിന് മേല്‍ കടുത്ത സമ്മര്‍ദ്ദം. ഭാരത് ജോഡ് യാത്രക്കിടെ മറ്റന്നാള്‍ ദില്ലിയിലെത്തുന്ന രാഹുല്‍ഗാന്ധിയോടും, സോണിയ ഗാന്ധിയോടും മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ ചര്‍ച്ച നടത്തും. കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി നേതൃസ്ഥാനത്ത്  നിന്ന് സോണിയ  ഗാന്ധി മാറുമോയെന്നതിലും ചര്‍ച്ചകള്‍ സജീവമാകുകയാണ്.

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ പന്ത്രണ്ട് ശതമാനത്തോളം വോട്ട് നേടിയ തരൂരിന് മാന്യമായ പരിഗണന നല്‍കണമെന്നാണ് പൊതു  വികാരം. പ്രവര്‍ത്തക സമിതിയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെടാന്‍ എന്തുകൊണ്ടും യോഗ്യന്‍ എന്ന സന്ദേശം തരൂര്‍ ക്യാമ്പും മുന്‍പോട്ട് വയ്ക്കുന്നു. തരൂരിനെ ഉള്‍ക്കൊള്ളാതെ മുന്‍പോട്ട് പോയാലുണ്ടാകാവുന്ന പൊട്ടിത്തെറികളെ കുറിച്ച് നേതൃത്വത്തിന് ബോധ്യമായി തുടങ്ങിയിട്ടുണ്ട്. മണി ശങ്കര്‍ അയ്യര്‍ ഉള്‍പ്പടെ ചില  മുതിര്‍ന്ന നേതാക്കള്‍ തരൂരിനെ ഉള്‍ക്കൊള്ളണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്.ദീപാവലിയും, മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുടെ അധികാരമേല്‍ക്കല്‍ ചടങ്ങും കണക്കിലെടുത്ത് ഭാരത് ജോഡോ യാത്രക്കിടെ മൂന്ന് ദിവസത്തേക്ക് രാഹുല് ഗാന്ധി ദില്ലിയിലെത്തുന്നുണ്ട്. പ്രവര്‍ത്തക സമിതി പുനസംഘടന സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് തുടക്കമിടാനാണ് ഖര്‍ഗെയുടെ നീക്കം.

കഴിഞ്ഞ ദിവസം തരൂരിനെ വിളിപ്പിച്ച് സോണിയ ചര്‍ച്ച നടത്തിയത് അനുകൂല സന്ദേശമായി വിലയിരുത്തപ്പെടുന്നു. നേതൃനിരയില്‍ അശോക് ഗലോട്ട്, സംഘടന ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ തുടങ്ങി ഒരു കൂട്ടം നേതാക്കള്‍ക്ക് ശശി തരൂരിനെ പ്രവര്‍ത്തക സമിതിയിലെടുക്കുന്നതിനോട് താല്‍പര്യമില്ല. പ്രചാരണരംഗത്തടക്കം  വഴിമുടക്കാന്‍ ശ്രമിച്ച നേതാക്കള്‍ തരൂരിന്  കിട്ടിയ പിന്തുണയില്‍ അസ്വസ്ഥരുമാണ്.

പ്രവര്‍ത്തക സമിതിയിലടക്കം മാറ്റങ്ങള്‍ പ്രതീക്ഷിക്കുമ്പോള്‍ കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ് സ്ഥാനത്ത് നിന്ന് സോണിയ ഗാന്ധി മാറുമോയെന്നതില്‍ വ്യക്തത വന്നിട്ടില്ല.പാര്‍ട്ടി ഭരണ ഘടന അനുസരിച്ച് അധ്യക്ഷന്‍ തന്നെയാണ് പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ്. 98ല്‍‍ അധ്യക്ഷയായപ്പോള്‍  എംപി പോലുമല്ലാതിരുന്ന സോണിയ ഗാന്ധി പാര്‍ലമെന്‍ററി പാര്‍ട്ടി നേതൃ സ്ഥാനവും വഹിച്ചിരുന്നു. പാര്‍ലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനം തുടങ്ങാനിരിക്കേ തീരുമാനം വൈകില്ലെന്നാണ് അറിയുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മകനെ കൊലപ്പെടുത്തിയ ശേഷം അച്ഛൻ തൂങ്ങിമരിച്ചു; നാടിനെ നടുക്കിയ ദാരുണ സംഭവം ഉത്തർപ്രദേശിൽ
ടിഎംസിക്കാരെ തലകീഴായി കെട്ടിത്തൂക്കുമെന്ന അമിത്ഷായുടെ പരാമർശത്തിനെതിരെ മമത ബാനർജി; നിയമനടപടി സ്വീകരിക്കുമെന്ന് പ്രതികരണം