
താജ്മഹൽ ഒരു വാസ്തുവിദ്യാ വിസ്മയമാണെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകില്ല. എന്നാൽ, ഈ അത്ഭുതനിർമ്മിതി ഒരു കാലത്ത് പൊളിച്ച് മാറ്റാനും മാര്‍ബിൾ വിൽക്കാനും വരെ ആലോചന നടന്നിരുന്നു. ബ്രിട്ടീഷ് കൊളോണിയൽ ഭരണകാലത്താണ് താജ്മഹൽ പൊളിച്ചുനീക്കാനും മാർബിൾ വിൽക്കാനും ഉദ്യോഗസ്ഥർ ആലോചിച്ചിരുന്നതെന്ന് ചരിത്രം പറയുന്നു.
ഇന്ത്യയുടെ പൈതൃകമായി തലയുയർത്തി നിൽക്കുന്ന അത്ഭുതമാണ് താജ്മഹൽ. താജ്മഹൽ പൊളിച്ചുനീക്കാൻ നടന്ന ആലോചന, മിനാരങ്ങളുടെ നിർമ്മാണത്തിലെ പ്രത്യേകത, കുത്തബ് മിനാറുമായുള്ള താരതമ്യം, ദിവസത്തിന്റെ സമയമനുസരിച്ച് നിറം മാറുന്ന പ്രതിഭാസം എന്നിവ ഉൾപ്പെടെ താജ്മഹലിനെ കുറിച്ച് അധികമാർക്കും അറിയാത്ത നിരവധി കാര്യങ്ങളുണ്ട്.
ബ്രിട്ടീഷ് കൊളോണിയൽ ഭരണകാലത്ത് ഉദ്യോഗസ്ഥർ താജ്മഹലിനെ ഒരു കച്ചവട വസ്തുവായാണ് കണ്ടിരുന്നത്. 1828 മുതൽ 1835 വരെ ഗവർണർ ജനറലായിരുന്ന ലോർഡ് വില്യം ബെന്റിങ്ക് പ്രഭു ചെലവ് ചുരുക്കലിന്റെ ഭാഗമായി താജ്മഹൽ പൊളിച്ച് അതിലെ മാർബിൾ വിൽക്കാൻ ആലോചിച്ചിരുന്നുവെന്നാണ് ചരിത്രത്തിൽ പറയുന്നത്. എന്നാൽ, പൊതുജന പ്രതിഷേധവും ലേലത്തിലെ കുറഞ്ഞ തുകയും കാരണം ഈ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ഇരുപതാം നൂറ്റാണ്ടിൽ ലോർഡ് കഴ്സന്റെ കീഴിലാണ് സംരക്ഷണ ശ്രമങ്ങൾ ആരംഭിച്ചത്.
താജ്മഹലിന്റെ ഇൻലേ വർക്കുകളിൽ ചൈന, പേർഷ്യ എന്നിവിടങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത അപൂർവയിനം കല്ലുകൾ ഉപയോഗിച്ചിരുന്നു. നിർഭാഗ്യവശാൽ, ബ്രിട്ടീഷ് കോളനിവൽക്കരണ സമയത്ത് ഈ വിലപിടിപ്പുള്ള രത്നക്കല്ലുകൾ മോഷണം പോവുകയും ചെയ്തു.
താജ്മഹലിന്റെ നിർമ്മാണത്തിൽ ചില പ്രത്യേകതകളുണ്ട്. താജ്മഹലിന്റെ നാല് മിനാരങ്ങളും പുറത്തേക്ക് ചെറുതായി ചരിഞ്ഞാണ് നിൽക്കുന്നത്. ഇത് നിർമ്മാണപ്പിഴവല്ല, മറിച്ച് സമർത്ഥമായ രൂപകൽപ്പനയാണ്. ഭൂകമ്പമുണ്ടായാൽ മിനാരങ്ങൾ താജ്മഹലിന് മുകളിലേക്ക് വീഴാതിരിക്കാനാണ് ഇങ്ങനെ നിർമ്മിച്ചിരിക്കുന്നത്.
താജ്മഹലിനാണോ കുത്തബ് മിനാറിനാണോ ഉയരം കൂടുതൽ? പലർക്കും ഇക്കാര്യത്തിൽ സംശയമുണ്ടാകാം. താജ്മഹലിന് 73 മീറ്റർ ഉയരമുണ്ട്. കുത്തബ് മിനാറിന്റെ ഉയരമാകട്ടെ 72.5 മീറ്ററാണ്. അതായത് താജ്മഹലിനാണ് കുത്തബ് മിനാറിനേക്കാൾ ഒരൽപ്പം ഉയരക്കൂടുതൽ.
ഓരോ ദിവസത്തെയും വെളിച്ചവും സമയവും താജ്മഹലിന്റെ നിറത്തിലും പ്രതിഫലിക്കുന്നുണ്ട്. പകൽ സമയത്ത് തൂവെള്ള നിറം, അതിരാവിലെ മനോഹരമായ ഇളം പിങ്ക് കലർന്ന നിറം, പൂർണ്ണചന്ദ്രന്റെ വെളിച്ചത്തിൽ താജ്മഹൽ നീല നിറത്തിലും തിളങ്ങും. നിറങ്ങളുടെ ഈ ദൃശ്യപരമായ മാറ്റം കാരണം, താജ്മഹൽ ഇന്നും പുതുമയോടെ നിലനിൽക്കുന്നു.