
ബെംഗളൂരുവിലെ കുപ്രസിദ്ധമായ ഗതാഗതക്കുരുക്ക് സംബന്ധിച്ച് പലപ്പോഴും ഏറെ രസകരമായ വാർത്തകൾ വരാറുണ്ട്. പല സ്റ്റാൻഡപ് കൊമേഡിയൻ മാരും ഇത് ഏറെ രസകരമായി പല വേദികളിലും അവതരിപ്പിച്ചിട്ടുമുണ്ട്. എന്നാൽ ബെംഗളൂരുവിലെ ട്രാഫിക് കുരുക്ക് സംബന്ധിച്ചുള്ള, പഴയ കഥകളിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു കുറിപ്പ് ഏവരെയും ഏറെ രസിപ്പിക്കാനും ചിന്തിപ്പിക്കാനും പോന്നതാണ്. ബെംഗളൂരുവിലെ ട്രാഫിക്കിൽ വിരിഞ്ഞ ഒരു പ്രണയകഥയാണ് ട്വിറ്ററിൽ തരംഗമാകുന്നത്.
റെഡ്ഡിറ്റിൽ ഷെയർ ചെയ്യപ്പെട്ട സ്റ്റോറി ട്വിറ്ററിൽ ഒരാൾ പങ്കുവച്ചപ്പോൾ, ആ കഥ കത്തിക്കയറുകയാണ്. സ്റ്റോറിയുടെ ഉള്ളടക്കം ഇതാണ്. ഈ ട്രാഫിക്കിൽ നിന്നാണ് ഞാനെന്റെ ഭാര്യയെ കണ്ടെത്തിയതെന്ന് ഒരാൾ കുറിപ്പിൽ പറയുന്നു. സോണി വേൾഡ് സിഗ്നലിന് സമീപം വച്ചാണ് താൻ തന്റെ ഭാര്യയെ കണ്ടെത്തിയത്. അന്ന് വെറും സുഹൃത്തായിരുന്ന തന്റെ ഭാര്യയെ ഇറക്കിവിടാൻ പോയതായിരുന്നു. നിർമാണത്തിലിരുന്ന ഈജിപ്പുര മേൽപ്പാലം മൂലമുണ്ടായ ഗതാഗതക്കുരുക്കിൽ ഞങ്ങൾ കുടുങ്ങി.
കടുത്ത നിരാശയും, വിശപ്പും മൂലം ഗതിയില്ലാതെ, മറ്റൊരു വഴിയിലൂടെ പോയി ഭക്ഷണം കഴിച്ച് വിശപ്പടക്കി. ആ ഭക്ഷണം കഴിപ്പ് മതിയായിരുന്നു ഞങ്ങൾക്കിടയിൽ 'സ്പാർക്ക്' ഉണ്ടാക്കാൻ. തുടർന്ന് മൂന്നു വർഷം ഞാൻ അവളുമായി ഡേറ്റ് ചെയ്തു. ഇപ്പോൾ വിവാഹം കഴിഞ്ഞ് രണ്ട് വർഷമായി. എന്നാൽ 2.5 കിലോമീറ്റർ മാത്രമുള്ള മേൽപ്പാലം നിർമാണം ഇപ്പോഴും തുടരുകയാണ്.
ആയിരങ്ങൾ ലൈക്ക് ചെയ്ത ട്വീറ്റ് നിരവധി പേർ റീട്വീറ്റ് ചെയ്തു. നിരവധിപേർ പല തരത്തിലുള്ള അനുഭവങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. ആ മേൽപ്പാല നിർമാണ കാലത്ത് ഞാൻ അവിടെയുണ്ടായിരുന്നെന്നും അത് എനിക്ക് ബന്ധിപ്പിക്കാൻ കഴിയുന്ന അനുഭവമാണെന്ന് ഒരാൾ ട്വീറ്റ് ചെയ്തു. കൂടുതൽ പേർ പ്രണയത്തിലാകാൻ അവർ മേൽപ്പാലം പണി അവർ നിർത്തിവച്ചതാണോ എന്നാണ് മറ്റൊന്ന്. ഈ മേൽപ്പാലം എത്ര പേരുടെ വിവാഹത്തിന് കാരണമായിക്കാണും, മഹത്തരം എന്നാണ് മറ്റൊരു പ്രതികരണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam