ഒരാൾക്ക് ഇളവ് നൽകിയാൽ കൂടുതൽ പേർ രംഗത്ത് വരും. സുധാകരനെ കാണുന്നില്ലെന്നും തന്നെ കാണുന്നത് ചതുർത്ഥി കാണുന്നത് പോലെയാണെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
ദില്ലി: എംപിമാരെ യാതൊരു കാരണവശാലും മത്സരിപ്പിക്കരുതെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി. പാർട്ടിയും മുന്നണിയും പ്രതിസന്ധിയിലല്ലെന്നും രാജ്മോഹൻ ഉണ്ണിത്താൻ മാധ്യമങ്ങളോട് സംസാരിക്കവേ വ്യക്തമാക്കി. ഒരാൾക്ക് ഇളവ് നൽകിയാൽ കൂടുതൽ പേർ രംഗത്ത് വരും. സുധാകരനെ കാണുന്നില്ലെന്നും തന്നെ കാണുന്നത് ചതുർത്ഥി കാണുന്നത് പോലെയാണെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. തന്നെ അപമാനിച്ചവർക്ക് സീറ്റ് നൽകരുത്, അത് നന്നാകില്ല.
കാസർകോട് പട്ടികയിൽ താൻ ഇടപെട്ടു എന്ന വാർത്ത തെറ്റാണ്. കാസർകോട് തന്നെ അധിക്ഷേപിച്ച ആളെ സ്ഥാനാർഥിയാക്കിയാൽ തിരിച്ചടിയുണ്ടാകും. ബാലകൃഷ്ണൻ പെരിയ ആണോ എന്ന ചോദ്യത്തോട് അത് എല്ലാവർക്കും മനസ്സിലായിട്ടുണ്ട് എന്നായിരുന്നു രാജ്മോഹൻ ഉണ്ണിത്താന്റെ മറുപടി. എകെജിക്ക് നെഹ്റുവിനെ വെല്ലുവിളിക്കാൻ ധൈര്യം നൽകിയ മണ്ഡലത്തിൽ താൻ മികച്ച വിജയം നേടി. ഉദുമ, തൃക്കരിപ്പൂർ, കാഞ്ഞങ്ങാട് മണ്ഡലങ്ങളിൽ നിന്നാൽ ജയിക്കും. പക്ഷേ ഇപ്പോഴത്തെ ചുമതലയിൽ തുടരുക എന്നതാണ് തീരുമാനമെന്നും രാജ്മോഹൻ ഉണ്ണിത്താൻ വ്യക്തമാക്കി.
അതേ സമയം, നിയമസഭ സീറ്റിനായി കടുംപിടിത്തം തുടരുന്ന സുധാകരനെ അനുനയിപ്പിക്കാൻ നേരിട്ടിറങ്ങിയിരിക്കുകയാണ് കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ. ഇന്നലെ രാത്രി ഫ്ലാറ്റിലെത്തി ഇരുവരും തമ്മിൽ സംസാരിച്ചതായാണ് വിവരം പുറത്തുവരുന്നത്. കടുത്ത തീരുമാനങ്ങൾ ഉണ്ടാകരുതെന്ന് സുധാകരനോട് അഭ്യർത്ഥിച്ചതായാണ് വിവരം. എന്നാൽ മത്സരിക്കുമെന്ന നിലപാടിൽ ഉറച്ച് തന്നെ നിൽക്കുകയാണ് സുധാകരൻ. നിലപാട് പ്രഖ്യാപിച്ച് ഇന്ന് മാധ്യമങ്ങളെ കാണാൻ സാധ്യതയുണ്ട്. ഇന്നലെ രാവിലെയാണ് രാഹുൽ ഗാന്ധിയുമായുള്ള ചർച്ചയ്ക്കായി കെ സുധാകരൻ ദില്ലിയിലെത്തിയത്. നിരവധി നേതാക്കൾ സുധാകരനുമായി സംസാരിച്ചെങ്കിലും സുധാകരൻ അയവില്ലാതെ തുടരുകയാണ്. സുധാകരൻ്റെ നിലപാടിൽ കടുത്ത ആശങ്കയിലാണ് കോണ്‍ഗ്രസ് നേതൃത്വം.



