തൂത്തുക്കുടി ഇരട്ട കസ്റ്റഡി കൊലപാതകം, അഞ്ച് പൊലീസുകാർ കൂടി കസ്റ്റഡിയിൽ

By Web TeamFirst Published Jul 8, 2020, 2:54 PM IST
Highlights

സിബിസിഐഡി സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ ഇവരെ ചോദ്യം ചെയ്യുകയാണ്.

ചെന്നൈ: തൂത്തുക്കുടി ഇരട്ട കസ്റ്റഡി കൊലപാതകക്കേസിൽ സാത്താൻകുളം സ്റ്റേഷനിലെ അഞ്ച് പൊലീസുകാർ കൂടി കസ്റ്റഡിയിൽ. സിബിസിഐഡി സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ ഇവരെ ചോദ്യം ചെയ്യുകയാണ്. ഇതോടെ കേസിൽ പിടിയിലായ പൊലീസുകാർ പത്ത് ആയി ഉയര്‍ന്നു.  അതേ സമയം തൂത്തുക്കുടി കസ്റ്റഡി കൊലപാതക കേസ് സിബിഐക്ക് കൈമാറുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യം അറിയിച്ച് കേന്ദ്രം തമിഴ്നാട് മുഖ്യമന്ത്രിക്ക് കത്ത് അയച്ചിരുന്നു. സിബിഐ അന്വേഷണ കാര്യത്തിൽ വേഗത്തിൽ തീരുമാനം എടുക്കണമെന്ന തമിഴ്‍നാട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. 

ലോക്ക്ഡൗണ്‍ ലംഘിച്ചു കട തുറന്നതിന് കസ്റ്റഡിയിലായ വ്യാപാരിയായ ജയരാജനും മകന്‍ ബനിക്സും പൊലീസ് കസ്റ്റഡിയിലെ മര്‍ദ്ദനത്തിൽ കൊല്ലപ്പെടുകയായിരുന്നു. എന്നാൽ ബെനിക്സിന്‍റെ മൊബൈല്‍ കടയില്‍ രാത്രി ഒമ്പതുമണിക്ക് വന്‍ ജനകൂട്ടം ആയിരുന്നുവെന്നും ഇത് ചോദ്യം ചെയ്ത പൊലീസിനെ ബെനിക്സ് ആക്രമിച്ചുവെന്നുമാണ് പൊലീസിന്‍റെ എഫ്ഐആര്‍.

കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ബലം പ്രയോഗിച്ചുവെന്നും പരിക്കേറ്റെന്നുമാണ് വാദം. എന്നാല്‍ പൊലീസ് വാദം തെറ്റാണെന്ന് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. പൊലീസ് ജീപ്പിന് അടുത്തെത്തി സംസാരിച്ച് കടയടക്കാന്‍ ബെനിക്സ് തിരിച്ചെത്തുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. കടയ്ക്ക് മുന്നില്‍ അക്രമം നടന്നിട്ടില്ലെന്ന് സമീപവാസികളും വെളിപ്പെടുത്തിയിരുന്നു.കൊലപാതകത്തിൽ പ്രതിഷേധം ശക്തമായതോടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തിരുന്നു. 

click me!