
ബംഗളുരു: കെട്ടിട നിർമാണ സ്ഥലത്ത് നിൽക്കുകയായിരുന്ന എഞ്ചിനീയർമാരെയും കോൺട്രാക്ടർമാരെയും കണ്ട് പൊലീസുകാരണെന്ന് തെറ്റിദ്ധരിച്ച ലഹരിക്കടത്തുകാരൻ രണ്ടാം നിലയിൽ നിന്ന് താഴേക്ക് ചാടി. കാലിന് ഗുരുതര പരിക്കുകളോടെ ഇയാൾ പിടിയിലായെങ്കിലും കൂടെയുണ്ടായിരുന്ന മൂന്ന് പേർ ഓടി രക്ഷപ്പെട്ടു. ഇന്നലെ ബംഗളുരുവിലായിരുന്നു നാടകീയമായ സംഭവങ്ങൾ. പിടിയിലായയാളും ഓടിപ്പോയവരുമെല്ലാം മലയാളികളാണെന്ന് ബംഗളുരു പൊലീസ് പറഞ്ഞു.
വൻ ലഹരി ശേഖരമാണ് സംഘത്തിന്റെ പക്കലുണ്ടായിരുന്നത്. 160 കിലോഗ്രാം കഞ്ചാവ്, ഒരു കിലോയോളം ഹൈഡ്രോ കഞ്ചാവ്, 800 ഗ്രാം എംഡിഎംഎ എന്നിവ പിടിച്ചെടുത്തു. ഇവയ്ക്കെല്ലാം കൂടി 75 ലക്ഷത്തിലധികം രൂപ വിലവരും. സച്ചിൻ തോമസ് എന്ന 25കാരനാണ് പിടിയിലായത്. സഞ്ജു, ഉബൈദ്, റാഷിദ് എന്നിവർ ഓടി രക്ഷപ്പെട്ടു. എല്ലാവരും പാലക്കാട് സ്വദേശികളാണ്. ബംഗളുരു റൂറൽ ജില്ലയിലെ അനെകലിലുള്ള ഒരു അപ്പാർട്ട്മെന്റ് കെട്ടിടത്തിലായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
ഭാഗികമായി പണി തീർന്ന അപ്പാർട്ട്മെന്റ് പ്രൊജക്ടിൽ രണ്ടാം നിലയിലുള്ള 109-ാം ഫ്ലാറ്റിലാണ് യുവാക്കൾ താമസിച്ചിരുന്നത്. 18.5 ഏക്കറിൽ 16 ടവറുകളിലായി 1280 അപ്പാർട്ട്മെന്റുകൾ ഉൾപ്പെടുന്ന ഒരു പദ്ധതിയാണിത്. നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനാൽ എഞ്ചിനീയർമാരും മറ്റ് ഉദ്യോഗസ്ഥരും അടങ്ങുന്ന ഒരു സംഘം വെള്ളിയാഴ്ച രാവിലെ 8.15ഓടെ ഇവിടെ എത്തിയിരുന്നു. എന്നാൽ ഇവരെ കണ്ട യുവാക്കൾ പൊലീസകാരാണെന്ന തെറ്റിദ്ധരിച്ച് തിടുക്കത്തിൽ രക്ഷപ്പെടാൻ ശ്രമിച്ചു.
മൂന്ന് പേർ പടികളിലൂടെ ഇറങ്ങിയോടി. ഒരാൾക്ക് അത് സാധിക്കാതെ വന്നപ്പോൾ രണ്ടാം നിലയിൽ നിന്ന് താഴേക്ക് ചാടി. ഇയാളുടെ കാൽ ഒടിഞ്ഞു. എഞ്ചിനീയർമാരുടെ സംഘത്തിന് യുവാക്കളുടെ പെരുമാറ്റം കണ്ട് സംശയം തോന്നി പൊലീസിനെ അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി കാലൊടിഞ്ഞ് കിടന്ന യുവാവിനെ കസ്റ്റഡിയിലെടുത്തു. പിന്നീടാണ് വൻ ലഹരി ശേഖരം ഇവരിൽ നിന്ന് കണ്ടെടുത്തത്. രണ്ട് കാറുകളിലായിരുന്നു ഇവയെല്ലാം നിറച്ച് വെച്ചിരുന്നത്.
വാഹനങ്ങളിൽ നിന്ന് ലഹരി വസ്തുക്കൾ കിട്ടിയ ശേഷം ഇവരുടെ ഫ്ലാറ്റിലും പരിശോധന നടത്തി. അവിടെ നിന്നും മയക്കുമരുന്ന് കണ്ടെടുത്തു. കസ്റ്റഡിയിലെടുത്ത ലഹരി വസ്തുക്കൾ പൊലീസ് പരിശോധിക്കുകയാണ്. രക്ഷപ്പെട്ട യുവാക്കളെ കണ്ടെത്താൻ മൂന്ന് പ്രത്യേക സംഘങ്ങൾക്ക് രൂപം നൽകി. ഹംപിയിൽ എത്തിച്ച് വിൽപന നടത്താൻ വേണ്ടിയായിരുന്നു ഇവ സംഭരിച്ചതെന്ന് മനസിലായിട്ടുണ്ട്. ആന്ധ്രയിലെ വിശാഖപട്ടണത്തു നിന്ന് കൊണ്ടുവന്നതാണ്. വിനോദ സഞ്ചാരികൾക്കിടയിൽ വിൽപന നടത്തുകയായിരുന്നു പ്രധാന ലക്ഷ്യം. ഇതിനിടെയാണ് അപ്രതീക്ഷിതമായി പിടിയിലാവുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം