
ദില്ലി: നോയിഡയിൽ ജോലിക്കാരിയായ പെൺകുട്ടിയെ വീട്ടുടമ അതിക്രൂരമായി മർദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നതിന് പിന്നാലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളും. നോയിഡയിലെ ക്ലിയോ കൗണ്ടി ഫ്ലാറ്റില്‍ നിന്നുള്ള വീഡിയോ ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം വ്യാപകമായി പ്രചരിച്ചത്.
വീട്ടുടമയായ ഷെഫാലി കൗൾ എന്ന സ്ത്രീയാണ് അനിത എന്ന ഇരുപത് വയസ്സുള്ള പെൺകുട്ടിയെ അതിക്രൂരമായി വലിച്ചിഴച്ച് മർദ്ദിച്ചത്. അടുക്കളയിൽ നിന്ന് ഒരു കഷ്ണം ശർക്കര എടുത്തു കഴിച്ചതിന് തന്നെ മർദ്ദിക്കുകയും കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടി എൻഡിടിവിയോട് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ വീട്ടുടമക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
ജോലിക്കാരിയായ അനിതയെ ഷെഫാലി കൗൾ സ്ഥിരമായി മർദ്ദിക്കാറുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. മർദ്ദനം സഹിക്കാൻ കഴിയാതെ ജോലി അവസാനിപ്പിച്ച് പോകാൻ ശ്രമിച്ചപ്പോൾ അവർ പിടികൂടി തിരികെ കൊണ്ടുവന്നെന്നും അനിത പറഞ്ഞു. അനിതയുടെ ശരീരത്തിൽ മുറിവുകളും ചതവുകളുമുണ്ട്. പെൺകുട്ടിയെ മെഡിക്കൽ പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്. റിപ്പോർട്ട് വരാനിരിക്കുന്നതേയുള്ളൂ.
''അവർ എല്ലാ ദിവസവും എന്നെ തല്ലും. തണുത്ത വെള്ളം എന്റെ ശരീരത്ത് ഒഴിക്കും. കഴിഞ്ഞ ദിവസം ഡിസംബർ 26 ന് ഞാനൊരു കഷ്ണം ശർക്കരയെടുത്ത് കഴിച്ചു. അന്ന് അവരെന്നെ ചെരിപ്പുകൊണ്ട് അടിച്ചു. എന്നെ തീകൊളുത്തി കൊല്ലുമെന്നും മുകളിൽ നിന്ന് താഴേക്ക് എറിയുമെന്നും ഭീഷണിപ്പെടുത്തി.'' രക്ഷപ്പെടാൻ ശ്രമിച്ചതിന്റെ കാരണമിതാണെന്ന് അനിത പറഞ്ഞു.
ഒന്നിലധികം ദുപ്പട്ടകൾ ചേർത്തുകെട്ടി ഉണ്ടാക്കിയ കയറിലൂടെയാണ് നാലാം നിലയിൽ നിന്ന് താഴേക്കിറങ്ങിയത്. എന്നാൽ കാവൽക്കാരൻ പിടികൂടി. ''അയാൾ എന്നെ തടഞ്ഞു നിർത്തിയതിന് ശേഷം മാഡത്തെ വിളിച്ചു. അവർ എന്നെ മുകളിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി. കഴുത്തിന് പിടിച്ച് ഞെരിച്ചു.'' അനിതയുടെ കഴുത്തിലും ചെവികളിലും മർദ്ദനമേറ്റതിന്റെ പാടുകൾ ദൃശ്യമാണ്.
ഏപ്രിൽ മുതൽ താൻ ഷെഫാലിയുടെ വീട്ടിൽ ജോലി ചെയ്തു വരികയാണെന്നും ഒക്ടോബറിൽ ആറുമാസത്തെ കരാർ അവസാനിച്ചെന്നും എന്നാൽ തന്നെ വിട്ടയയ്ക്കാൻ അവർ തയ്യാറായില്ലെന്നും അനിത പറഞ്ഞു. അതേസമയം, പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിലാണ് കേസെടുത്തതെന്ന് നോയിഡ പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ സാദ് മിയ ഖാൻ പറഞ്ഞു. പ്രതികൾ ഒളിവിലാണെന്നും അവർക്കായി തെരച്ചിൽ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫ്ലാറ്റിലെ ജോലിക്കാരിയെ വലിച്ചിഴച്ച് ക്രൂരമർദ്ദനം, ദൃശ്യങ്ങൾ സിസിടിവിയിൽ, കേസെടുത്ത് പൊലീസ്; വീഡിയോ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam