
അഹമ്മദാബാദ്: 2002 ലെ വർഗീയ കലാപക്കേസിൽ പ്രതികളായ മൂന്ന് പേരെ പരാതിക്കാരനും പ്രൊസിക്യൂഷനും തെളിവുകൾ ഹാജരാക്കത്തതിനെ തുടർന്ന് വെറുതെവിട്ടു. എകെ-47 തോക്ക് കൈവശം വെച്ചതടക്കമുള്ള വീഡിയോഗ്രാഫിക് തെളിവ് കൈവശമുണ്ടെന്ന് അവകാശപ്പെട്ട പരാതിക്കാരൻ, വിചാരണക്കിടെ തെളിവ് ഹാജരാക്കിയില്ല. വീഡിയോഗ്രാഫർ തന്റെ മൊഴി പിൻവലിക്കുകയും ടേപ്പ് കാണാനില്ലെന്ന് അറിയിക്കുകയും ചെയ്തതിന് പിന്നാലെയാണ് പ്രതികളെ അഹമ്മദാബാദ് കോടതി മൂന്ന് പ്രതികളെയും കുറ്റവിമുക്തരാക്കിയത്. ആലംഗിരി ഷെയ്ഖ്, ഇംതിയാസ് ഷെയ്ഖ്, റൗഫ്മിയ സയ്യിദ് എന്നിവരെയാണ് വെറുതെ വിട്ടത്. വിചാരണക്കിടെ ഹനീഫ് ഷെയ്ഖ് മരിച്ചിരുന്നു.
വർഗീയ കലാപത്തിനിടെ പ്രതികൾ തോക്കുകൾ കൈവശം വയ്ക്കുന്നതായി കാണിക്കുന്ന ദൃശ്യങ്ങൾ കൈവശമുണ്ടെന്ന് വീഡിയോഗ്രാഫർ സതീഷ് ദൽവാഡി സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് മൂവർക്കുമെതിരെ കേസെടുത്തത്. എന്നാൽ വിചാരണ വേളയിൽ പരാതിക്കാരൻ വീഡിയോ ടേപ്പ് ഒരിക്കലും കോടതിയിൽ ഹാജരാക്കിയില്ല. വീഡിയോഗ്രാഫർ പ്രോസിക്യൂഷന്റെ കേസിനെ പിന്തുണക്കുകയും ചെയ്തില്ല. 2002 ഏപ്രിൽ 14 ന് നടന്ന കലാപവുമായി ബന്ധപ്പെട്ട് ദരിയാപൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത രണ്ട് എഫ്‌ഐആറുകളുമായി ബന്ധപ്പെട്ടതാണ് കേസ്.
ആലംഗിരി ഷെയ്ഖ്, ഹനീഫ് ഷെയ്ഖ്, ഇംതിയാസ് ഷെയ്ഖ്, റൗഫ്മിയ സയ്യിദ് തുടങ്ങിയവർക്ക് അക്രമത്തിൽ പങ്കുണ്ടെന്നും തെളിവായി വിഎച്ച്എസ് കാസറ്റ് തന്റെ പക്കലുണ്ടെന്നും കാണിച്ച് സതീഷ് പരാതി സമർപ്പിച്ചതിനെ തുടർന്നാണ് എഫ്‌ഐആറുകൾ ഫയൽ ചെയ്തത്. വർഗീയ അക്രമ സംഭവങ്ങൾ ഉണ്ടെങ്കിൽ രേഖപ്പെടുത്താൻ അന്നത്തെ ദരിയാപൂർ പോലീസ് ഇൻസ്‌പെക്ടർ ആർഎച്ച് റാത്തോഡ് ഏരിയ സമാധാന സമിതി അംഗമായ സതീഷിനോട് ആവശ്യപ്പെട്ടിരുന്നു. അന്വേഷണത്തെത്തുടർന്ന്, ഇംതിയാസ് എകെ-47 പോലെയുള്ള ഒരു ഓട്ടോമാറ്റിക് തോക്ക് കൈവശം വച്ചിരുന്നുവെന്നും, ഒരു അജ്ഞാത വ്യക്തി റിവോൾവർ കൈവശം വച്ചിരുന്നുവെന്നും, രണ്ടും ഹിന്ദു സമുദായത്തിലെ അംഗങ്ങളെ ലക്ഷ്യം വച്ചാണെന്നും പൊലീസ് കുറ്റപത്രം സമർപ്പിച്ചു.
ദൽവാഡിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ ആയുധ നിയമപ്രകാരവും ഐപിസി പ്രകാരവും കുറ്റം ചുമത്തി. 23 വർഷത്തിനിടയിൽ, പ്രതികളിലൊരാളായ ഹനീഫ് ഷെയ്ഖും, അന്വേഷണ ഉദ്യോഗസ്ഥൻ ഉൾപ്പെടെയുള്ള ചില സാക്ഷികളും മരിച്ചു. നിരവധി സാക്ഷികൾ കൂറുമാറി. ഒരു റസ്റ്റോറന്റിൽ ചായ കുടിച്ചുകൊണ്ടിരിക്കുമ്പോൾ തന്റെ ഒപ്പ് എടുത്തതായി ഒരാൾ കോടതിയിൽ പറഞ്ഞു. പരാതിക്കാരനും വീഡിയോഗ്രാഫറുമായ സതീഷ്, താൻ എന്താണ് റെക്കോർഡ് ചെയ്തതെന്ന് കൃത്യമായി അറിയില്ലെന്ന് പറഞ്ഞു. ഒരു പൊലീസ് സബ് ഇൻസ്പെക്ടർ എച്ച്.എച്ച്. ചൗഹാനും കൂറുമാറി.
നടപടിക്രമങ്ങൾക്കിടെ വീഡിയോ കാസറ്റ് ഹാജരാക്കിയിട്ടില്ലെന്ന് കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി. ഈ കേസിൽ ഒരു ആയുധവും കണ്ടെടുത്തിട്ടില്ല, കൂടാതെ കുറ്റകൃത്യം നടന്ന സമയത്ത് പ്രതിയുടെ പക്കൽ ആയുധങ്ങൾ ഉണ്ടായിരുന്നുവെന്ന് കാണിക്കുന്ന വാക്കാലുള്ളതോ രേഖാമൂലമോ ആയ തെളിവുകളൊന്നും പ്രൊസിക്യൂഷൻ ഹാജരാക്കിയിട്ടില്ലെന്നും കോടതി പറഞ്ഞു.