ജനമനസില്‍ എന്ത് ? ബിഹാറില്‍ പോളിങ് ആരംഭിച്ചു, ജനവിധി തേടുന്നത് 1314 സ്ഥാനാർഥികൾ

Published : Nov 06, 2025, 08:24 AM IST
Bihar election started

Synopsis

ബിഹാറില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 18 ജില്ലകളിലെ 121 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്

പട്ന: ബിഹാറില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 18 ജില്ലകളിലെ 121 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് പോളിങ്. 1314 സ്ഥാനാർഥികളാണ് 3.75 കോടി വോട്ടർമാരുടെ പിന്തുണ തേടി മത്സര രംഗത്തുള്ളത്. ഇന്ത്യ സംഖ്യത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാർഥി തേജസ്വി യാദവ് അടക്കമുള്ള സ്ഥാനാർഥികൾ ഇന്ന് ജനവിധി തേടുന്നുണ്ട്. നിലവില്‍ തേജസ്വി യാദവ് വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. നിതീഷ് കുമാറിന്‍റെ ജന്മനാട് ഉൾപ്പെട്ട ഹർണൗത്ത് മണ്ഡലത്തിലും ഇന്ന് വോട്ടെടുപ്പ് നടക്കുകയാണ്. നിതീഷ് കുമാർ ആദ്യമായി നിയമസഭയിലേക്ക് വിജയിച്ച മണ്ഡലമാണിത്. ഇന്ത്യ സഖ്യത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി തേജസ്വി യാദവ്, ഉപമുഖ്യമന്ത്രിമാരായ വിജയ് സിൻഹ, സമ്രാട്ട് ചൗധരി തുടങ്ങിയവരുടെ സീറ്റുകളാണ് ആദ്യ ഘട്ടത്തിലെ ശ്രദ്ധാകേന്ദ്രങ്ങൾ.

കഴിഞ്ഞതവണ ഈ സീറ്റുകളിൽ 60 എണ്ണം വിജയിക്കാൻ ഇന്ത്യ സഖ്യത്തിന് കഴിഞ്ഞിരുന്നു. 59 സീറ്റുകളിലാണ് കഴിഞ്ഞതവണ എൻ ഡി എ വിജയിച്ചത്. രണ്ട് സീറ്റുകൾ മറ്റുള്ളവർക്കും കിട്ടി. അതുകൊണ്ട് കഴിഞ്ഞ തവണത്തെ മുൻതൂക്കം നിലനിർത്തുക എന്നത് ബീഹാറിലെ അധികാര വഴിയിൽ 20 കൊല്ലത്തിന് ശേഷം തിരിച്ചെത്താൻ ശ്രമിക്കുന്ന ആർ ജെ ഡിക്ക് ഏറെ നിർണായകമാണ്. മറുവശത്ത് എൻ ഡി എയും അരയും തലയും മുറുക്കി രംഗത്തുണ്ട്. 18 മന്ത്രിമാർ ഇന്ന് ജനവിധി തേടുന്നുണ്ട് എന്നത് എൻ ഡി എ സഖ്യത്തെ സംബന്ധിച്ചടുത്തോളം നിർണായകമാണ്. തലസ്ഥാനമായ പറ്റ്നയിലും ഇന്നാണ് വോട്ടെടുപ്പ്. പറ്റ്ന അടക്കമുള്ള എല്ലായിടത്തും കനത്ത സുരക്ഷാ സന്നാഹം ഏർപ്പെടുത്തിയിരിക്കുകയാണ്. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്നലെ പുറത്തുവിട്ട 'എച്ച്' ബോംബ് ആരോപണങ്ങൾ ബിഹാർ ജനതയുടെ മനസിനെ എങ്ങനെ സ്വാധീനിക്കും എന്നത് കണ്ടറിയണം.

 

PREV
Read more Articles on
click me!

Recommended Stories

യൂണിഫോമിലുള്ള നാല് ഇൻഡിഗോ എയർ ഹോസ്റ്റസുമാരോടൊപ്പം ഒരു പിഞ്ചുകുഞ്ഞ്, വിമാനം വൈകിയതിനിടയിലും നല്ല കാഴ്ച, വീഡിയോ
പാതി നിലത്തും പാതി ബൈക്കിലുമായി യുവതി, റൈഡറുടെ കാലിൽ ഊര്‍ന്ന് താഴേക്ക്, മദ്യലഹരിയിൽ ലക്കുകെട്ട് അഭ്യാസം, വീഡിയോ