
ചെന്നൈ: തമിഴ്നാട്ടിൽ കൂടുതൽ ക്ഷേമപ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി സി ജോസഫ് വിജയ്. സ്ത്രീകളുടെ സൗജന്യ യാത്ര പദ്ധതി കൂടുതൽ ബസുകളിലേക്ക് വിപുലീകരിച്ചു. ഗാന്ധിജയന്തി ദിനം മുതൽ നഗരങ്ങളിലും മെട്രോപ്പോലീത്തൻ പ്രദേശങ്ങളിലും ഡീലക്സ്, ലിമിറ്റഡ് സ്റ്റോപ്പ്, എക്സ്പ്രസ് ബസുകളിലും സൗജന്യ യാത്ര അനുവദിച്ചതായി വിജയ് നിയമസഭയിൽ പ്രഖ്യാപിച്ചു. വർഷം 6000 കോടി രൂപ ചെലവിലാണ് വെട്രി പയന തിട്ടം എന്ന പേരിൽ പദ്ധതി.
നിലവിൽ ഓർഡിനറി, സിറ്റി ബസുകളിൽ ആണ് ആനുകൂല്യം ഉള്ളത്. രണ്ടര ലക്ഷം രൂപയിൽ താഴെ വാർഷികവരുമാനം ഉള്ളവർക്ക് അടുത്ത പൊങ്കൽ മുതൽ മൂന്ന് സൗജന്യ ഗ്യാസ് സിലിണ്ടർ നൽകും എന്നും വിജയ് പ്രഖ്യാപിച്ചു. 1.34 കോടി കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കും. പണം ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറും എന്നും വിജയ് പറഞ്ഞു. 6 സൗജന്യ ഗ്യാസ് സിലിണ്ടർ വിജയ്യുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം ആയിരുന്നു.
തമിഴ്നാട് കാഞ്ചീപുരത്തെ പരന്തൂർ വിമാനത്താവള പദ്ധതി റദ്ദാക്കിയതായും മുഖ്യമന്ത്രി വിജയ് അറിയിച്ചു. കർഷകർ രാജ്യത്തിന്റെ നട്ടെല്ലെന്നും ചെന്നൈയിൽ മറ്റൊരു സ്ഥലത്ത് പുതിയ വിമാനത്താവളം നിർമ്മിക്കുമെന്നും വിജയ് പ്രഖ്യാപിച്ചു. നിലവിലെ ചെന്നൈ വിമാനത്താവളത്തിൽ അഞ്ചാമത്തെ ടെർമിനൽ നിർമ്മിക്കുമെന്നും വിജയ് നിയമസഭയിൽ പറഞ്ഞു. രാഷ്ട്രീയനേതാവ് എന്ന നിലയിൽ വിജയ് ആദ്യമായി ഏറ്റെടുത്ത ജനകീയ വിഷയം ആയിരുന്നു പരന്തൂർ വിമാനത്താവളത്തിനെതിരായ സമരം. പരന്തൂറിലെ 13 ഗ്രാമങ്ങളിലെ 5746 ഏക്കറിൽ 29,400 കോടി രൂപ ചിലവിൽ വിമാനത്താവളം നിർമിക്കാൻ ആയിടുരുന്നു മുൻ ഡിഎംകെ സർക്കാരിന്റെ പദ്ധതി. കർഷക സമരം അവഗണിച്ച് ഡിഎംകെ സർക്കാർ സ്ഥലം ഏറ്റെടുപ്പുമായി മുന്നോട്ടുപോയിരുന്നു. 2025 ജനുവരിയിൽ വിജയ് സ്ഥലത്ത് എത്തിയതോടെ ആണ് കർഷകസമരം ദേശീയശ്രദ്ധയിൽ എത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam