സ്കൂളിലെ ഒൻപത് മുതൽ പന്ത്രണ്ടാംക്ലാസ് വരെയുള്ള വിദ്യാർഥിനികളുമായാണ് പ്രിൻസിപ്പൽ ഡാമിൽ കുളിക്കാനിറങ്ങിയത്. ഓ​ഗസ്റ്റ് 15-ന് സ്വാതന്ത്യദിനാഘോഷ പരിപാടികൾക്ക് പിന്നാലെയായിരുന്നു സംഭവം. സ്കൂളിലെ ആഘോഷപരിപാടികൾക്ക് ശേഷം പ്രിൻസിപ്പൽ 200-ഓളം കുട്ടികളുമായി സമീപത്തെ വനമേഖലയിലെ ഡാമിലേക്ക് പോവുകയായിരുന്നു. സംഘത്തിൽ അധ്യാപികമാർ ആരും ഉണ്ടായിരുന്നില്ല.

ജയ്പുർ: രാജസ്ഥാനിലെ ആൽവാറിൽ വിദ്യാർഥിനികൾക്കൊപ്പം ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിന് സസ്പെൻഷൻ. സംഭവം വിവാ​ദമായതിന് പിന്നാലെയാണ് ആൽവാറിലെ സർക്കാർ സ്കൂളിലെ അധ്യാപകനെ വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തത്. വിഷയത്തിൽ അന്വേഷണം നടത്താൻ മൂന്നം​ഗസമിതിയെ നിയോ​ഗിച്ചതായും ആൽവാർ ജില്ലാ വിദ്യാഭ്യാസ ഓഫീസർ മനോജ് ശർമ അറിയിച്ചു. നാട്ടുകാരുടെ പരാതിയിൽ പൊലീസും സംഭവത്തിൽ അന്വേഷണം നടത്തുന്നുണ്ട്.

സ്കൂളിലെ ഒൻപത് മുതൽ പന്ത്രണ്ടാംക്ലാസ് വരെയുള്ള വിദ്യാർഥിനികളുമായാണ് പ്രിൻസിപ്പൽ ഡാമിൽ കുളിക്കാനിറങ്ങിയത്. ഓ​ഗസ്റ്റ് 15-ന് സ്വാതന്ത്യദിനാഘോഷ പരിപാടികൾക്ക് പിന്നാലെയായിരുന്നു സംഭവം. സ്കൂളിലെ ആഘോഷപരിപാടികൾക്ക് ശേഷം പ്രിൻസിപ്പൽ 200-ഓളം കുട്ടികളുമായി സമീപത്തെ വനമേഖലയിലെ ഡാമിലേക്ക് പോവുകയായിരുന്നു. സംഘത്തിൽ അധ്യാപികമാർ ആരും ഉണ്ടായിരുന്നില്ല. തുടർന്നാണ് പെൺകുട്ടികൾക്കൊപ്പം പ്രിൻസിപ്പൽ ജലാശയത്തിൽ കുളിക്കാനിറങ്ങിയത്. ഇതിന്റെ ദൃശ്യങ്ങൾ നാട്ടുകാരിൽ ചിലർ പകർത്തിയിരുന്നു. ഈ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്.

അപകടം നിറഞ്ഞ ജലാശയത്തിലാണ് പ്രിൻസിപ്പൽ പെൺകുട്ടികൾക്കൊപ്പം കുളിക്കാനിറങ്ങിയതെന്നാണ് നാട്ടുകാരുടെ ആരോപണം. കുട്ടികളിൽ പലർക്കും നീന്തൽ അറിയില്ലായിരുന്നു. ചില പെൺകുട്ടികളെ പ്രിൻസിപ്പൽ കൈയിലെടുത്ത് നീന്തൽ പഠിപ്പിക്കുകയുമുണ്ടായി. എന്നാൽ, ലൈഫ് ജാക്കറ്റ് ഉൾപ്പെടെ യാതൊരു സുരക്ഷാസംവിധാനങ്ങളും ഉണ്ടായിരുന്നില്ല. മാത്രമല്ല, മുങ്ങിമരണങ്ങൾ കാരണം നാലുവർഷം മുൻപ് പ്രവേശനം നിരോധിച്ച ഭാ​ഗത്താണ് പ്രിൻസിപ്പൽ കുട്ടികളുമായി എത്തിയതെന്നും പ്രദേശത്തെ വനമേഖലയിൽ കടുവയുടെ സാന്നിധ്യമടക്കമുണ്ടെന്നും നാട്ടുകാർ പറഞ്ഞു. അപകടസാധ്യതയുള്ള മേഖലയിൽ യാതൊരു അനുമതിയും സുരക്ഷാസംവിധാനങ്ങളും ഇല്ലാതെയാണ് പ്രിൻസിപ്പൽ കുട്ടികളുമായി വന്നതെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടി.

പ്രിൻസിപ്പൽ വിദ്യാർഥിനികൾക്കൊപ്പം കുളിക്കുന്ന വീഡിയോ വൈറലായതോടെ ശനിയാഴ്ച നാട്ടുകാരും രക്ഷിതാക്കളും പ്രതിഷേധവുമായി സ്കൂളിലെത്തിയിരുന്നു. തുടർന്ന് നാട്ടുകാരുടെ പരാതിയിൽ പൊലീസ് കേസെടുത്തു. സംഭവത്തിൽ അധ്യാപകനെ ചോദ്യംചെയ്തതായും അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.