ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്‍റെ പരിശോധനയ്ക്കിടെ സ്വന്തം കടയിലെ മധുരപലഹാരം കഴിക്കാൻ ജീവനക്കാരൻ വിസമ്മതിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു

ലക്ക്നൗ: ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്‍റെ പരിശോധനയ്ക്കിടെ സ്വന്തം കടയിലെ മധുരപലഹാരം കഴിക്കാൻ ജീവനക്കാരൻ വിസമ്മതിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഉത്തർപ്രദേശിലെ ഹമീർപൂരിലുള്ള 'ജയ് ഭവാനി സ്വീറ്റ്സ്' എന്ന കടയിലാണ് ഈ സംഭവം നടന്നത്. കടയിൽ നിന്ന് വാങ്ങിയ മധുരപലഹാരം കഴിച്ച് ഒരു സ്ത്രീക്ക് അസുഖം ബാധിച്ചതിനെ തുടർന്നാണ് ഭക്ഷ്യസുരക്ഷാ സംഘം പരിശോധനയ്ക്ക് എത്തിയത്. ശുചിത്വമില്ലായ്മ, മായം ചേർത്ത മധുരപലഹാരങ്ങളുടെ വിൽപ്പന എന്നിവയെക്കുറിച്ചും പരാതികൾ ലഭിച്ചിരുന്നു.

പരിശോധനയ്ക്കിടെ ഒരു ഉദ്യോഗസ്ഥൻ കടയിലെ മധുരപലഹാരം എടുത്ത് ജീവനക്കാരന് കഴിക്കാനായി നൽകിയെങ്കിലും അയാൾ അത് കഴിക്കാൻ കൂട്ടാക്കിയില്ല. ഉദ്യോഗസ്ഥൻ നിർബന്ധിച്ചിട്ടും ജീവനക്കാരൻ അത് നിരസിക്കുകയായിരുന്നു. ജില്ലാ മജിസ്‌ട്രേറ്റിന്‍റെ നിർദേശപ്രകാരം ഉദ്യോഗസ്ഥർ കടയിൽ നിന്ന് ഭക്ഷണ സാമ്പിളുകൾ ശേഖരിച്ചു. അന്വേഷണത്തിൽ ഗുണനിലവാരമില്ലാത്തതോ മായം ചേർത്തതോ ആയ ഭക്ഷണം വിറ്റതായി തെളിഞ്ഞാൽ കടയുടമയ്‌ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.