
ഭോപ്പാൽ: മധ്യപ്രദേശിൽ മൂന്ന് എംഎൽഎമാർ ഭരണകക്ഷിയായ ബിജെപിയിൽ ചേർന്നു. ഒരു ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി), സമാജ് വാദി (എസ്പി) എംഎൽഎമാരോടൊപ്പം സ്വതന്ത്ര എംഎൽഎയും ബിജെപിയിൽ അംഗത്വമെടുത്തു. ഇതോടെ സഭയിൽ ബിജെപിയുടെ അംഗസംഖ്യ ഉയർന്നു. സഞ്ജീവ് സിംഗ് കുശ്വാഹ (ബിഎസ്പി), ബിജാവർ രാജേഷ് കുമാർ ശുക്ല (എസ്പി) വിക്രം സിംഗ് റാണ എന്നിവരെ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനുൾപ്പെടെയുള്ള നേതാക്കൾ സ്വാഗതം ചെയ്തു.
ജോതിരാദിത്യ സിന്ധ്യയോടൊപ്പം 22 കോൺഗ്രസ് എംഎൽഎമാർ പാർട്ടിയിൽ ചേർന്നതിനെ തുടർന്നാണ് മധ്യപ്രദേശിൽ ബിജെപി അധികാരത്തിലെത്തുന്നത്. 2020-ൽ മധ്യപ്രദേശിൽ അധികാരത്തിൽ തിരിച്ചെത്തിയ ശേഷം 31 എംഎൽഎമാർ ബിജെപിയിൽ ചേർന്നു. നിലവിൽ 230 അംഗ നിയമസഭയിൽ ബിജെപിയുടെ അംഗബലം 128 ആയി ഉയർന്നു.
പാർട്ടിയിൽ ചേരുന്നതിൽ സന്തോഷമുണ്ടെന്ന് മുൻ ബിജെപി പാർലമെന്റ് അംഗത്തിന്റെ മകൻ കുശ്വാഹ പറഞ്ഞു. ബിജെപി തനിക്ക് ഒരു കുടുംബം പോലെയാണെന്നും അദ്ദേഹം പറഞ്ഞു. 2018ൽ ബിജെപിയിൽ നിന്ന് ടിക്കറ്റ് പ്രതീക്ഷിച്ചിരുന്നെങ്കിലും കിട്ടിയില്ല. തുടർന്ന് എസ്പി ടിക്കറ്റിൽ മത്സരിച്ച് എംഎൽഎയായി. 2020 മുതൽ താൻ ബിജെപിയെ പിന്തുണയ്ക്കുകയാണെന്നും ശുക്ല പറഞ്ഞു.
2018ലെ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി വിജയിച്ചപ്പോൾ ബിജെപിയുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ അത് സംഭവിച്ചില്ല. വികസനമാണ് ലക്ഷ്യമെന്നതിനാൽ അന്നത്തെ സർക്കാരിനെ ഞാൻ പിന്തുണച്ചു. ഇപ്പോൾ, എന്റെ മണ്ഡലത്തിന്റെ വികസനത്തിനായി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനോടൊപ്പം പ്രവർത്തിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ടെന്ന് വിക്രം സിങ് റാണ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam