
ചെന്നൈ: തമിഴ്നാട് തിരുപ്പൂരിൽ കാറും ബസും കൂട്ടിയിടിച്ച് മൂന്നുപേർ മരിച്ചു. താരാപ്പുരത്തിനു സമീപം കൊടുവായിലാണ് അപകടമുണ്ടായത്. അമിത വേഗത്തിൽ തിരുപ്പൂർ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന കാർ താരാപ്പുരത്തേയ്ക്ക് വരികയായിരുന്ന ബസുമായി കൂട്ടിയിടിയ്ക്കുകയായിരുന്നു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. രണ്ടു പേർക്ക് ഗുരുതര പരിക്കേറ്റു. ഇവർ തിരുപ്പൂർ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. നിയന്ത്രണം വിട്ട കാർ ഡിവൈഡർ മറികടന്നാണ് ബസിൽ ഇടിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
വീഡിയോയ്ക്കായി പോസ് ചെയ്യവേ കാല്‍വഴുതി വെള്ളച്ചാട്ടത്തില്‍ വീണു,യുവാവിനെ കാണാനില്ല
ചെന്നൈ: മൊബൈൽ ഫോണിൽ വീഡിയോ പകർത്തുന്നതിനിടെ യുവാവിനെ വെള്ളച്ചാട്ടത്തിൽ വീണ് കാണാതായി. തമിഴ്നാട് കൊടൈക്കനാലിൽ ആണ് സംഭവം. രാമനാഥപുരം പാറമക്കുടി സ്വദേശിയായ അജയ് പാണ്ഡ്യൻ എന്ന യുവാവിനെയാണ് ഒഴുക്കിൽപ്പെട്ട് കാണാതായത്. ഇദ്ദേഹത്തിനായി തെരച്ചിൽ തുടരുകയാണ്.
തമിഴ്നാട്ടിലെ വിവിധ ജില്ലകളിലും കഴിഞ്ഞ ഏതാനം ദിവസങ്ങളായി വ്യാപക മഴ തുടരുകയാണ്. പുഴകളിലും വെള്ളച്ചാട്ടങ്ങളിലും നീരൊഴുക്ക് കൂടിയതിനാൽ സഞ്ചാരികൾക്ക് നിയന്ത്രണമുണ്ടെങ്കിലും പലയിടത്തും വിലക്ക് ലംഘിച്ച് ചെറുപ്പക്കാർ എത്തുന്നുണ്ട്. ദിണ്ടിഗൽ ജില്ലയിലെ കൊടൈക്കനാൽ മലനിരകളിലെത്തിയ ചെറുപ്പക്കാരനാണ് അപകടത്തിൽ പെട്ടത്. മലയോരത്തെ പുല്ലാവേലി വെള്ളച്ചാട്ടത്തിന് മുകളിൽ നിന്ന് ഫോൺ ക്യാമറയിൽ വീഡിയോ പകർത്തുകയായിരുന്നു അജയ് പാണ്ഡ്യനും സുഹൃത്തുക്കളും.
പാറക്കെട്ടിലേക്ക് ഇറങ്ങുന്ന അജയ് പാണ്ഡ്യൻ തന്‍റെ വീഡിയോ പകർത്താൻ ആവശ്യപ്പെട്ടു. പെട്ടെന്ന് വഴുക്കലുള്ള പാറയിൽ കാൽവഴുതി താഴേക്ക് പതിക്കുകയായിരുന്നു. കൊടൈക്കനാൽ തണ്ടിക്കുടിയിലെ സ്വകാര്യ എസ്റ്റേറ്റ് ജീവനക്കാരനാണ് ഇരുപത്തിയാറുകാരനായ അജയ് പാണ്ഡ്യൻ. പൊലീസും വനംവകുപ്പും അഗ്നിരക്ഷാ സേനയും ഇദ്ദേഹത്തിനായി തെരച്ചിൽ തുടരുകയാണ്. എന്നാൽ ശക്തമായ മഴയും കോടയിറങ്ങിയത് കാരണം കാഴ്ച തടസ്സപ്പെടുന്നതും രക്ഷാപ്രവർത്തനം ദുഷ്കരമാക്കുന്നുണ്ട്.