
മുംബൈ: കൊവിഡ് എന്ന മഹാമാരിയെ ചെറുത്തുതോൽപ്പിക്കാനുള്ള ശ്രമത്തിലാണ് രാജ്യം. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി നിരവധി പേരാണ് സഹായവുമായി രംഗത്തെത്തുന്നത്. ചെറുതെന്നോ വലുതെന്നോ വേർതിരിവില്ലാതെ വിവിധ മേഖലയിലുള്ളവർ കൈയയച്ച് സഹായിക്കുകയാണ്. അത്തരത്തിൽ ചാരിറ്റി പ്രവർത്തനങ്ങൾക്കായി കപ്പ് കേക്കുണ്ടാക്കി വിറ്റ് നല്ലൊരു തുക സ്വരൂപിച്ചിരിക്കുകയാണ് കബീർ എന്ന കൊച്ചുമിടുക്കൻ.
മുംബൈ സ്വദേശികളായ കരിഷ്മ, കേശവ് എന്നീ ദമ്പതികളുടെ മകനാണ് ഈ മൂന്നുവയസുകാരൻ. കേക്ക് വിറ്റതിലൂടെ ലഭിച്ച തുക മുംബൈ പൊലീസിന് കൈമാറുന്ന കബീറിന്റെ വീഡിയോ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. മുംബൈ പൊലീസിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
10,000 രൂപ സമാഹരിക്കുകയായിരുന്നു കബീറിന്റെ ലക്ഷ്യം, എന്നാൽ അപ്രതീക്ഷിതമായാണ് 50,000 രൂപ ഈ കൊച്ചുമിടുക്കന് ലഭിച്ചത്. മതാപിതാക്കളും ഈ മിടുക്കന്റെ ദൗത്യത്തിന് ഒപ്പം നിന്നു. തുക അടങ്ങിയ ചെക്ക് കബീർ, മാതാപിതാക്കൾക്കൊപ്പം പൊലീസ് കമ്മീഷണർ പരം ബിർ സിങ്ങിന് കൈമാറി.
തുകയ്ക്കൊപ്പം പൊലീസ് ഉദ്യോഗസ്ഥർക്ക് മധുരപലഹാരങ്ങൾ നിറഞ്ഞ ഒരു പെട്ടിയും കബീർ നൽകി. ഈ വാർത്ത പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് കബീറിനെ പ്രശംസിച്ചും അഭിനന്ദിച്ചും കൊണ്ട് രംഗത്തെത്തുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam