
മുംബൈ: കളിക്കുന്നതിനിടെ നായയുടെ കടിയേറ്റ് മൂന്ന് വയസ്സുകാരൻ മരിച്ചു. കളിക്കുമ്പോൾ വീണു എന്നാണ് കുട്ടി പറഞ്ഞത്. പരിക്കൊന്നും കാണാത്തതിനാൽ ചെറിയ വീഴ്ചയാണെന്നേ അമ്മ കരുതിയുള്ളൂ. എന്നാൽ 10 ദിവസത്തിന് ശേഷം കുട്ടി പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങി പിന്നാലെ മരണവും സംഭവിച്ചു. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലാണ് ഈ ദാരുണ സംഭവം.
അർമാൻ എന്ന മൂന്ന് വയസ്സുകാരനെ നായ ആക്രമിച്ചപ്പോൾ പരിക്കേറ്റത് തലയ്ക്കായിരുന്നു. സംഭവം നടന്ന് എട്ട് ദിവസത്തിന് ശേഷം, അർമാൻ തല ചൊറിയാൻ തുടങ്ങിയപ്പോഴാണ്, മുടികൾക്കിടയിൽ പല്ലിന്‍റെ പാടുകൾ കണ്ടതെന്ന് കുടുംബം പറഞ്ഞു. നായ കടിച്ചതാണെന്ന് പറഞ്ഞു മനസ്സിലാക്കാൻ അവന് കഴിഞ്ഞു കാണില്ലെന്ന് അർമാന്‍റെ അമ്മാവൻ ഷെയ്ഖ് റഹീസ് പറഞ്ഞു.
"അർമാൻ തല ചൊറിയാൻ തുടങ്ങിയപ്പോഴാണ് കടിയേറ്റ പാട് ഞങ്ങൾ കണ്ടത്. തുടർന്ന് സമീപത്തെ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും പ്രവേശിപ്പിച്ചില്ല. മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്തു. രണ്ട് ആശുപത്രികൾ കുട്ടിക്ക് ചികിത്സ നൽകാൻ വിസമ്മതിച്ചു. കുട്ടി രക്ഷപ്പെടാൻ സാധ്യതയില്ലെന്ന് കുടുംബത്തെ അറിയിച്ചു"- അമ്മാവൻ പറഞ്ഞു.
അർമാന്‍റെ രോഗലക്ഷണങ്ങൾ പേടിപ്പെടുത്തുന്നതായിരുന്നുവെന്നും അമ്മാവൻ പറഞ്ഞു- "അവന് വെള്ളം കുടിക്കാൻ പേടിയായിരുന്നു. അവൻ ശരീരം ചൊറിഞ്ഞു. ഒരു പുതപ്പിനടിയിൽ ഒളിച്ചു. നായയുടെ ഉമിനീർ പോലെ, അർമാന്‍റെ വായിൽ നിന്ന് വെള്ളം ഒഴുകുന്നുണ്ടായിരുന്നു."
കുട്ടിയുടെ മരണത്തിന് പിന്നാലെ പേ വിഷബാധ പ്രതിരോധ കുത്തിവയ്പ്പ് എടുക്കാൻ കുടുംബത്തിന് നിർദേശം നൽകി. കുട്ടിയുടെ മരണം നൽകിയ ഞെട്ടലിൽനിന്ന് ഇതുവരെ മുക്തമാകാത്ത കുടുംബം, മറ്റാർക്കും സമാനമായ ദുരന്തം ഉണ്ടാകരുതെന്ന് പറഞ്ഞു. തെരുവുനായകളെ പിടികൂടാനും ഇത്തരം സംഭവങ്ങൾ തടയാനും അവർ അധികൃതരോട് അഭ്യർത്ഥിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam