
കൊപ്പള: കർണാടകയിലെ കൊപ്പളയിൽ യുവമോർച്ചാ നേതാവിനെ നടുറോഡിലിട്ട് വെട്ടിക്കൊന്ന സംഭവത്തിൽ നാലുപേർ പിടിയിലായി. രണ്ടുപേർ ഒളിവിലാണ്. പൂർവ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി. രവി എന്ന ആളാണ് കൊലപാതകം ആസൂത്രണം ചെയ്തത് എന്നാണ് സംശയം. രാഷ്ട്രീയ കൊലപാതകമാണ് എന്ന ആരോപണം തള്ളിയ പൊലീസ്, കൊല്ലപ്പെട്ടയാളും പ്രതികളും ബിജെപിയുമായി ബന്ധമുള്ളവരാണെന്ന് വ്യക്തമാക്കി.
കൊപ്പള ജില്ലയിലെ ഗംഗാവതി സിറ്റിയിൽ പുലർച്ചെ രണ്ടുമണിക്ക് സായുധരായ ഒരു സംഘം നടത്തിയ ആക്രമണത്തിലാണ് യുവമോർച്ചാ പ്രസിഡന്റ് വെങ്കടേഷ് കുറുബാർ കൊല്ലപ്പെട്ടത്. സുഹൃത്തുക്കൾക്കാപ്പം ഭക്ഷണം കഴിച്ച് മടങ്ങുന്നതിനിടെ കാറിൽ പിന്തുടർന്നെത്തിയ ആക്രമി സംഘം ബൈക്കിൽ സഞ്ചരിച്ച വെങ്കടേഷിനെ ഇടിച്ചുവീഴുത്തുകയായിരുന്നു. താഴെ വീണതിന് പിന്നാലെ ഓടിയെത്തിയ നാലംഗ സംഘം മാരകായുധങ്ങളുമായി വെങ്കടേഷിനെ തലങ്ങും വിലങ്ങും വെട്ടിക്കൊലപ്പെടുത്തി. വെങ്കടേഷിന് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളെ സംഘം തുരത്തിയോടിച്ചു. വെങ്കടേഷ് സംഭവസ്ഥലത്തുവച്ചു തന്നെ കൊല്ലപ്പെട്ടു.
ഗംഗാവതി സിറ്റി കൊപ്പള റോഡിലെ ലീലാവതി ആശുപത്രിക്ക് മുന്നിലായിരുന്നു സംഭവം. കൊലപാതക ദൃശ്യങ്ങൾ ആശുപത്രിയിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ആക്രമണത്തിന് ശേഷം ബൈക്ക് ഇടിച്ചുവീഴ്ത്താൻ ഉപയോഗിച്ച ടാറ്റ ഇൻഡിക്ക കാറിൽ തന്നെയാണ് പ്രതികൾ രക്ഷപ്പെട്ടത്. ഈ കാർ പിന്നീട് എച്ച്എസ്ആർ ലേഔട്ടിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. സംഭവത്തിന് പിന്നിൽ പൂർവ വൈരാഗ്യമാണെന്നാണ് പൊലീസ് വിലയിരുത്തൽ. പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതിന് പിന്നാലെ നാലുപേർ കാന്പള്ളി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. രണ്ടുപേർ ഒളിവിലാണ്. ഇവർക്കായി തെരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam