ദില്ലിയില്‍ ആര് അധികാരത്തിലേറും; ടൈംസ് നൗ-ഇപ്സോസ് അഭിപ്രായ സര്‍വേ

By Web TeamFirst Published Feb 3, 2020, 11:16 PM IST
Highlights

71 ശതമാനം ജനങ്ങളും അഭിപ്രായ സര്‍വേയില്‍ സിഎഎയെ അനുകൂലിച്ചെങ്കിലും സിഎഎ ബിജെപിക്ക് വോട്ടാകില്ല.  സിഎഎ ദേശീയപ്രശ്നമാണെന്നും സംസ്ഥാനത്തിന്‍റെ വികസനത്തെ ബാധിക്കില്ലെന്നുമാണ് സര്‍വേ പറയുന്നത്. 

ദില്ലി: ദില്ലി നിയമസഭ തെരഞ്ഞെടുപ്പില്‍ ആര് അധികാരത്തിലേറുമെന്ന അഭിപ്രായ സര്‍വേയുമായി ടൈംസ് നൗ-ഇപ്സോസ്(IPSOS). രാജ്യതലസ്ഥാനം പിടിച്ചടക്കാമെന്ന ബിജെപിയുടെയും മോദിയുടെയും മോഹം ഇത്തവണയും അസ്ഥാനത്താകുമെന്നാണ് സര്‍വേ പറയുന്നത്. എഎപി അധികാരം നിലനിര്‍ത്തുമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ മുഖ്യമന്ത്രിസ്ഥാനത്ത് തുടരുമെന്ന് അഭിപ്രായ സര്‍വേ പറുന്നു. ആം ആദ്മി പാര്‍ട്ടിക്ക് 52 ശതമാനം വോട്ടുകള്‍ ലഭിക്കുമ്പോള്‍ ബിജെപിക്ക് 34 ശതമാനം വോട്ടുകളാണ് ലഭിക്കുക. കോണ്‍ഗ്രസ് ചിത്രത്തിലേ ഇല്ലെന്നും സര്‍വേ പറയുന്നു. വെറും നാല് ശതമാനം വോട്ടുകളാണ് കോണ്‍ഗ്രസ് നേടുകയെന്ന് സര്‍വേ വ്യക്തമാക്കി. തലസ്ഥാന നഗരിക്ക് വേണ്ടി എഎപിയും ബിജെപിയും തമ്മിലാകും പോരാട്ടം.

71 ശതമാനം ജനങ്ങളും അഭിപ്രായ സര്‍വേയില്‍ സിഎഎയെ അനുകൂലിച്ചെങ്കിലും സിഎഎ ബിജെപിക്ക് വോട്ടാകില്ല.  സിഎഎ ദേശീയപ്രശ്നമാണെന്നും സംസ്ഥാനത്തിന്‍റെ വികസനത്തെ ബാധിക്കുന്ന ഒന്നല്ലെന്നുമാണ് സര്‍വേയില്‍ പറയുന്നത്. 

ഫെബ്രുവരി എട്ടിനാണ് ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ്. 2015ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 70ല്‍ 67 സീറ്റ് നേടി വന്‍ഭൂരിപക്ഷത്തോടെയാണ് എഎപി അധികാരത്തിലേറിയത്.  മൂന്ന് സീറ്റ് ബിജെപി നേടിയപ്പോള്‍ കോണ്‍ഗ്രസ് അക്കൗണ്ട് തുറന്നില്ല. 2015ല്‍ എഎപി 54.5 ശതമാനം വോട്ട് നേടിയപ്പോള്‍ ബിജെപി 32.3 ശതമാനമാണ് നേടിയത്. നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ നടന്ന ദില്ലി നിയമസഭ തെരഞ്ഞെടുപ്പ് എഎപി തൂത്തുവാരിയത് ബിജെപിയെ ഞെട്ടിച്ചിരുന്നു. 

ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെയാണ് ടൈംസ് നൗവിന്‍റെ അഭിപ്രായ സര്‍വേ പുറത്തുവന്നത്. തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ദില്ലിയില്‍ പ്രചാരണം നടത്തിയിരുന്നു. കേന്ദ്ര നേതാക്കളെ അണിനിരത്തിയാണ് ബിജെപി ദില്ലിയില്‍ പ്രചാരണം ശക്തമാക്കുന്നത്. അമിത് ഷായും മോദിയുമടക്കമുള്ളവര്‍ പ്രചാരണത്തില്‍ മുന്നിലുണ്ട്. അതേസമയം, അരവിന്ദ് കെജ്‍രിവാളിനെ കേന്ദ്രീകരിച്ചാണ് എഎപി പ്രചാരണം മുന്നോട്ട് കൊണ്ടുപോകുന്നത്. 

click me!