
കൊൽക്കത്ത: പശ്ചിമ ബംഗാൾ ഭരണം പോയ തൃണമൂൽ കോൺഗ്രസിന് അടുത്ത പ്രഹരം. കൊൽക്കത്തയിലെ പാർട്ടി ആസ്ഥാന മന്ദിരം ഒഴിയണമെന്ന് സ്ഥലമുടമ പാർട്ടി നേതാക്കളോട് ആവശ്യപ്പെട്ടു. തോപ്‌സിയയിലെ പാർട്ടി ആസ്ഥാനത്ത് നിർമ്മാണ പ്രവർത്തികൾ നടക്കുന്ന സാഹചര്യത്തിൽ 2022 ലാണ് ആസ്ഥാനം താത്കാലികമായി ഇവിടേക്ക് മാറ്റിയത്. എന്നാൽ പാട്ടക്കരാർ ലംഘിച്ചുവെന്ന് ആരോപിച്ചാണ് കെട്ടിടം ഒഴിഞ്ഞുകൊടുക്കാൻ നേതാക്കളോട് സ്ഥലമുടമ മന്തു സാഹ ആവശ്യപ്പെട്ടിരിക്കുന്നത്.
കൊൽക്കത്തിയിലെ മോഡേൺ ഡെക്കറേറ്റേർസ് എന്ന സ്ഥാപനത്തിൻ്റെ ഉടമയാണ് ഇദ്ദേഹം. തൃണമൂൽ സർക്കാരിൻ്റെ കാലത്ത് നിരവധി സർക്കാർ കരാറുകൾ ഇദ്ദേഹത്തിന് ലഭിച്ചിരുന്നു. ഈ ബന്ധത്തിൻ്റെ കൂടി അടിസ്ഥാനത്തിലാണ് കൊൽക്കത്തിയിൽ തൻ്റെ ഉടമസ്ഥതയിലുള്ള അഞ്ച് നില കെട്ടിടം പാർട്ടിയുടെ ആസ്ഥാനമായി പ്രവർത്തിക്കാൻ ഇയാൾ വിട്ടുനൽകിയത്. എന്നാൽ ഭരണം മാറിയതിന് പിന്നാലെയാണ് പാട്ടക്കരാർ ലംഘിച്ചെന്ന് ആരോപിച്ച് ഇദ്ദേഹം നിയമനടപടികളിലേക്ക് നീങ്ങിയത്.
ഈ വർഷം പാട്ടക്കരാർ അവസാനിച്ചെന്നും എന്നാൽ പാർട്ടി പ്രതിനിധികളെ 2025 ഒക്ടോബർ മുതൽ പലതവണ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും സാധിച്ചില്ലെന്നുമാണ് മന്തു സാഹയുടെ അഭിഭാഷകൻ പറയുന്നത്. ഇതേ തുടർന്ന് മന്തു സാഹ പ്രഗതി മൈതാൻ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ മന്തു സാഹയുടെ ആരോപണം ടിഎംസി നേതാക്കൾ തള്ളി. തൃണമൂൽ ഭവൻ കെയർടേക്കറായ സുബിർ മജുംദാർ നിയമപരമായാണ് ഓഫീസ് പ്രവർത്തിക്കുന്നതെന്നും കരാർ കാലാവധി 2027 ലേ അവസാനിക്കൂവെന്നും പറഞ്ഞു. ഭരണം മാറിയതോടെ കെട്ടിട ഉടമ തങ്ങളെ ഇവിടെ നിന്ന് കള്ളക്കഥ മെനഞ്ഞ് പുറത്താക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം പാർട്ടിയുടെ യഥാർത്ഥ ആസ്ഥാന മന്ദിരത്തിൻ്റെ പണി പൂർത്തിയാകാറായതിനാൽ ഈ മന്തു സാഹയുടെ ആവശ്യത്തിൽ കൂടുതൽ വിവാദങ്ങൾക്കില്ലെന്ന പ്രതികരണമാണ് ടിഎംസി നേതാക്കൾ നൽകുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam