
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിനെ പിളർത്തി വിമത ചേരിയുണ്ടാക്കിയ ഋതബ്രത ബാനർജിയുടെ ക്യാംപിൽ ആഭ്യന്തര കലഹവും വിള്ളലുകളും രൂപപ്പെടുന്നതായി മമത അനുകൂലികൾ. കഴിഞ്ഞ ദിവസം ബംഗാൾ നിയമസഭയിൽ നടന്ന ബില്ലുകളിന്മേലുള്ള വോട്ടെടുപ്പിൽ വിമത പക്ഷത്ത് അനൈക്യം പ്രകടമായതോടെയാണ് മമത പക്ഷം അവകാശവാദവുമായി രംഗത്തെത്തിയത്. പല വിമത എംഎൽഎമാരും ഋതബ്രതയെ കൈവിട്ട് മമത പക്ഷത്തേക്ക് മടങ്ങാൻ ഒരുങ്ങുകയാണെന്ന് ബെലെഘട്ടയിൽ നിന്നുള്ള തൃണമൂൽ എംഎൽഎയും മമതയുടെ വിശ്വസ്തനുമായ കുനാൽ ഘോഷ് അവകാശപ്പെട്ടു.
പൊലീസ് പീഡനങ്ങളിൽ നിന്നും കേസിൽ നിന്നും രക്ഷപ്പെടാം എന്ന വാഗ്ദാനം നൽകിയാണ് പലരെയും ഋതബ്രത ബാനർജി തനിക്കൊപ്പം കൂട്ടിയതെന്നും എന്നാൽ തൃണമൂലിന്റെ യഥാർത്ഥ രക്തമുള്ളവർക്ക് ഈ വഞ്ചന സഹിക്കാനാകില്ലെന്നും കുനാൽ ഘോഷ് പറഞ്ഞു. നിയമസഭയിൽ താൻ ഋതബ്രതയ്‌ക്കെതിരെ ആഞ്ഞടിച്ചപ്പോൾ സ്വന്തം ക്യാമ്പിലെ ഒരു എംഎൽഎ പോലും അദ്ദേഹത്തെ പിന്തുണയ്ക്കാൻ എഴുന്നേറ്റു നിന്നില്ലെന്നതും ശ്രദ്ധേയമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ ഈ ആരോപണങ്ങൾ തള്ളിക്കളഞ്ഞ പ്രതിപക്ഷ നേതാവ് ഋതബ്രത ബാനർജി, മമത പക്ഷത്തിന്റേത് കേവലം മനശാസ്ത്രപരമായ യുദ്ധം മാത്രമാണെന്ന് പരിഹസിച്ചു. തോൽവി സമ്മതിച്ചവരുടെ വിലാപമാണിത്. തങ്ങൾ വാതിൽ പൂർണ്ണമായി തുറക്കാത്തത് കൊണ്ടാണ് കാളീഘട്ടിലെ (മമത ബാനർജിയുടെ വസതി) പാർട്ടിക്കൊപ്പം ഏതാനും പേരെങ്കിലും അവശേഷിക്കുന്നതെന്ന് വിമത വിഭാഗത്തിന്റെ ചീഫ് വിപ്പ് അഖ്‌റുസ്സമാനും വ്യക്തമാക്കി. അതിനിടെ, പ്രതിപക്ഷം നിയമസഭയ്ക്കുള്ളിൽപ്പോലും പരസ്പരം പോരടിക്കുകയാണെന്നും തൃണമൂൽ പൂർണ്ണമായും തകർന്നുവെന്നും മുഖ്യമന്ത്രി സുവേന്ദു അധികാരി പരിഹസിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam