തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ, നടൻ വിജയ്‌യുടെ അമ്മക്കെതിരെ നടത്തിയ അധിക്ഷേപ പരാമർശം വലിയ വിവാദമായി. സ്വന്തം പാർട്ടിയിൽ നിന്നടക്കം വിമർശനം ഉയർന്നതോടെ പ്രസംഗം വളച്ചൊടിച്ചതാണെന്ന് അദ്ദേഹം വിശദീകരിച്ചെങ്കിലും, നൈനാറിനെതിരെ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്.

ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ. മുഖ്യമന്ത്രി സി. ജോസഫ് വിജയ്‍യുടെ അമ്മക്കെതിരെ നാ​ഗേന്ദ്രൻ നടത്തിയ അപകീർത്തി പരാമർശം വ്യാപക വിമർശനമേറ്റുവാങ്ങിയിരുന്നു. തുടർന്നാണ് വിശദീകരണവുമായി രം​ഗത്തെത്തിയത്. ഞാൻ വേദിയിൽ നടത്തിയ പ്രസംഗം വളച്ചൊടിച്ച് ചിത്രീകരിച്ച് രാഷ്ട്രീയ ലാഭമുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും തന്റെ പരാമർശം യാതൊരുവിധ ദുരുദ്ദേശ്യത്തോടെയും ആരെയും ഉദ്ദേശിച്ചല്ലെന്നും നൈനാർ പറഞ്ഞു. സ്വന്തം അമ്മയോടും ജന്മനാടിനോടും മാതൃഭാഷയോടും അളവറ്റ സ്നേഹവും കരുതലുമുള്ള ആളാണ് താനെന്നും അദ്ദേഹം വിശദീകരിച്ചു. നൈനാറിന്റെ പരാമർശത്തിനെതിരെ ബിജെപി വനിതാ നേതാവ് ഖുശ്ബുവും രം​ഗത്തെത്തിയിരുന്നു. നൈനാറിന്റേത് വെറുപ്പുളവാക്കുന്നതും വേദനിപ്പിക്കുന്നതുമായ പരാമർശമാണെന്നും തന്റെ നേതാവ് മോദി സ്ത്രീകളെ ബഹുമാനിക്കുന്ന വ്യക്തിയാണെന്നും ഖുശ്ബു സോഷ്യൽമീഡിയയിൽ കുറിച്ചു.

നിയമസഭയിൽ മുഖ്യമന്ത്രി എം കെ സ്റ്റാലിനെക്കുറിച്ച് നടന്ന 'അപ്പ' പരിഹാസത്തെ പരാമർശിച്ച് നടത്തിയ പ്രസംഗത്തിലാണ് വിജയ്‌യുടെ അമ്മയെ വലിച്ചിഴച്ച് നൈനാർ നാഗേന്ദ്രൻ വ്യക്തിപരമായ അധിക്ഷേപം ഉന്നയിച്ചത്. സംഭവത്തിൽ നൈനാർ നാഗേന്ദ്രനെതിരെ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്. ചെന്നൈ സ്വദേശിയായ ഒരു അഭിഭാഷക ഡിജിപിക്ക് ഓൺലൈനായി പരാതി നൽകി. വ്യക്തിത്വത്തെയും സ്ത്രീത്വത്തെയും അപമാനിക്കുന്ന പരാമർശം നടത്തിയ ബിജെപി നേതാവിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം. നൈനാറിന്‍റെ പരാമർശത്തിനെതിരെ ഭരണകക്ഷി മന്ത്രിമാരും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. നൈനാർ നാഗേന്ദ്രൻ നടത്തിയ അധിക്ഷേപ പരാമർശത്തിൽ പരസ്യമായി മാപ്പ് പറയണമെന്ന് വിസികെ (VCK) നേതാവ് വണ്ണിയരസ് ആവശ്യപ്പെട്ടു.